മുംബൈ: ഐപിഎൽ 2022 സീസണിന് മാർച്ച് 26-ന് മുംബൈയിൽ തുടക്കമാകും. വ്യാഴാഴ്ച നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. 10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ മത്സരം അരങ്ങേറുന്നത്. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതിൽ 70 മത്സരങ്ങൾ മുംബൈയിലും പുണെയിലുമായി നടക്കും.

ഐപിഎൽ ഫിക്സച്ചർ പുറത്തുവന്നപ്പോൾ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും രണ്ട് ഗ്രൂപ്പുകളിലാണ്. ഗ്രൂപ്പ് എയിലാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ ഗ്രൂപ്പ് ബിയിലും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മുംബൈക്കൊപ്പം ഗ്രൂപ്പ് എയിലാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകൾ. സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർ ചെന്നൈക്കൊപ്പം ഗ്രൂപ്പ് ബിയിൽ. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി എന്നൊക്കെ പരിശോധിച്ചാണ് ടീമുകളുടെ റാങ്ക് തീരുമാനിച്ചത്.

പ്രാഥമിക റൗണ്ടിൽ ഒരു ടീം 14 മത്സരങ്ങളാണ് കളിക്കുക. ഗ്രൂപ്പിലുള്ള ടീമുകൾ പരസ്പരം രണ്ട് തവണ നേർക്കുനേർ വരും. മാത്രമല്ല, എതിർ ഗ്രൂപ്പിൽ ഓരേ റാങ്കിലുള്ള ഒരു ടീമിനോട് രണ്ട് മത്സങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരം വീതവും കളിക്കും. ഉദാഹരണത്തിന് മുംബൈ ഗ്രൂപ്പിൽ തങ്ങൾക്കൊപ്പമുള്ള കൊൽക്കത്ത, രാജസ്ഥാൻ, ഡൽഹി, ലഖ്നൗ എന്നിവർക്കെതിരെ രണ്ട് മത്സരങ്ങൾ വീതം കളിക്കും.

ബി ഗ്രൂപ്പിൽ മുംബൈയുടെ അതേ റാങ്കിലുള്ള ചെന്നൈക്കെതിരെയും രണ്ട് മത്സരം കളിക്കും. ശേഷിക്കുന്ന ടീമുകൾക്കെതിരെ ഓരോ മത്സരം വീതവും കളിക്കും. കൊൽക്കത്തയ്ക്ക്, എതിർ ഗ്രൂപ്പിലുള്ള ഹൈദരാബാദിനെതിരേയാണ് രണ്ട് മത്സരം കളിക്കേണ്ടത്. രാജസ്ഥാൻ ബാംഗ്ലൂരിനേതിരേയും ഡൽഹി പഞ്ചാബിനെതിരേയും രണ്ട് മത്സരങ്ങൾ കളിക്കും. പുതിയ ടീമുകളായ ലഖ്നൗ, ഗുജാറാത്ത് ടീമുകളും രണ്ട് മത്സരങ്ങളിൽ നേർക്കുനേർ വരും.

മുംബൈയിലെ വാങ്കഡെ, ബ്രാബോൺ, ഡി.വൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനൽ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

ഗ്രൂപ്പ് എ
മുംബൈ ഇന്ത്യൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാൻ റോയൽസ്
ഡൽഹി കാപിറ്റൽസ്
ലഖ്നൗ സൂപ്പർ ജയന്റ്സ്

ഗ്രൂപ്പ് ബി
ചെന്നൈ സൂപ്പർ കിങ്സ്
സൺറൈസേഴ്സ് ഹൈദരാബാദ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കിങ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റൻസ്

ലീഗിന്റെ ആദ്യ ആഴ്ചകളിൽ സ്റ്റേഡിയങ്ങളിൽ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളിൽ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം തേടും.