മുംബൈ: കാൽപന്തുകളിയുടെ ആവേശ ലഹരിയിൽ നിന്നും ഇന്ത്യൻ കായിക രംഗത്തിന്റെ ശ്രദ്ധ ഇനി ക്രിക്കറ്റിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിനായി കണ്ണും കാതും നിറഞ്ഞ ആരവം ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വഴിമാറുകയാണ്. ഐ.എസ്.എൽ മേളത്തിന് കഴിഞ്ഞദിവസം വിരാമമായതിന് പിന്നാലെ ഐ.പി.എൽ പൂരത്തിന്, ക്രിക്കറ്റ് കാർണിവലിന് തിരിതെളിയുന്നു.

പുതിയ ടീമുകളും പുത്തൻ താരനിരയുമായെത്തുന്ന പതിനഞ്ചാം ഐപിഎൽ സീസണിന്റെ ആവേശം ഗ്രൗണ്ടിൽ ആളിക്കത്താൻ ഇനി മണിക്കൂറുകൾ മാത്രം. ലക്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ രണ്ട് ടീമുകൾകൂടി അരങ്ങേറ്റം കൂറിക്കുന്നുവെന്നതാണു പുതിയ സീസണിന്റെ പ്രത്യേകത. മുംബൈയിലും പുണെയിലുമായി നാല് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.

26ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ, കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. മെയ്‌ 29നാണ് ഫൈനൽ.

മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവയാണ് ടീമുകൾ.

പത്ത് ടീമുകൾ, രണ്ട് ഗ്രൂപ്പുകളായി പോരാട്ടം

അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണത്തെ മത്സരങ്ങൾ. ആകെ 74 മത്സരങ്ങൾ. ഗ്രൂപ്പ് റൗണ്ടിൽ ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം 14. സ്വന്തം ഗ്രൂപ്പിലെ 4 ടീമുകൾക്കും എതിർ ഗ്രൂപ്പിലെ ഒരു ടീമിനുമെതിരെ 2 മത്സരങ്ങൾ വീതം. എതിർ ഗ്രൂപ്പിലെ മറ്റു 4 ടീമുകൾക്കെതിരെ ഒരോ മത്സരവും കളിക്കേണ്ടതുണ്ട്. 65 ദിവസം നീണ്ടുനിൽക്കുന്ന സീസണിൽ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.

ലക്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ വരവോടെ ഇത്തവണത്തെ മെഗാ താരലേലത്തിൽ പല ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ കയ്യൊഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെ ഇത്തവണയും ടീമിലെത്തിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചത് ചെന്നൈ മാത്രമാണ്. അതായത് പരിചയ സമ്പന്നരായ താരങ്ങളെയും യുവനിരയേയും അണിനിരത്തി പുതിയ മുഖവുമായാണ് ഇത്തവണ എല്ലാ ടീമുകളും പോരാട്ടത്തിന് ഇറങ്ങുന്നത്. ടീമുകളുടെ ശക്തി ദൗർബല്യങ്ങൾ തുടക്കത്തിൽ പ്രവചനാതീതമാകുമെന്ന് സാരം.

അഞ്ച് മാസത്തിനപ്പുറം ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ, ദേശീയ ടീമിൽ ഇടംപിടിക്കാൻ ഈ ഐപിഎൽ സീസണിലെ പ്രകടനം താരങ്ങൾക്കും നിർണായകമാണ്. അതുകൊണ്ട് തന്നെ മികവിന്റെ പരാമാവധി പുറത്തെടുത്ത് പോരാടാനാകും ടീമിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഹാർദ്ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾ ശ്രമിക്കുക.

നാല് പുതിയ നായകന്മാർ

ബാംഗ്ലൂരിനെ നയിക്കാനെത്തുന്ന ഫാഫ് ഡുപ്ലെസിയും, ഗുജറാത്തിന്റെ നായകനായ ഹാർദിക് പാണ്ഡ്യയും പഞ്ചാബിന്റെ നായകനായ മയാങ്ക് അഗർവാളും ധോണിയിൽ നിന്നും ചെന്നൈയുടെ നായക സ്ഥാനം ഏറ്റെടുക്കുന്ന രവീന്ദ്ര ജഡേജയും ഇത്തവണ പുതുമുഖ ക്യാപ്റ്റന്മാരായി അരങ്ങേറ്റം കുറിക്കും.

ഈ സീസണിലെ 10 ടീമുകളിൽ എട്ടിലും നായകസ്ഥാനത്ത് ഇന്ത്യൻ താരങ്ങളാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കെയ്ൻ വില്യംസനും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാഫ് ഡുപ്ലെസിയും മാത്രമാണ് വിദേശ താരങ്ങൾ. ഐപിഎലിന്റെ ഭാഗമായ 26 വിദേശ താരങ്ങൾ പരുക്കിനെത്തുടർന്നു സീസണിന്റെ ആദ്യ ആഴ്ചയിൽ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോർട്ട്.

പിന്നിട്ട ഐപിഎൽ സീസണുകളിൽ മിന്നുന്ന പ്രകടനങ്ങളുമായി നിറഞ്ഞു നിന്ന എബി ഡിവില്ലിയേഴ്സ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ വിരമിച്ചത് ഇത്തവണ തിരിച്ചടിയാണ്. എന്നാൽ ഒട്ടേറെ യുവതാരങ്ങൾ കടന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്നു.

കാലത്തിനൊത്ത് മാറ്റങ്ങൾ

സുപ്രധാന മാറ്റങ്ങളോടെയാണ് പുതിയ ഐപിഎൽ സീസൺ തുടങ്ങുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിആർഎസിൽ എണ്ണം കൂട്ടിയെതാണ്. അമ്പയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിആർഎസ് നേരത്തേ ഒരിന്നിങ്സിൽ ഒന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ സീസണിൽ ഒരിന്നിങ്സിൽ രണ്ടു തവണ ഡിആർഎസ് എടുക്കാനുള്ള അനുമതി ടീമുകൾക്ക് ഉണ്ടാകും.

ഇനിമുതൽ ഒരു ബാറ്റർ ക്യാച്ച് ഔട്ട് ആവുമ്പോൾ പുതിയ ബാറ്റർ ആയിരിക്കണം അടുത്ത പന്തിൽ സ്ട്രൈക് നിൽക്കേണ്ടത്. നോ സ്ട്രൈക്കർ ലൈൻ ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇനി മുതൽ പുതിയ ബാറ്റർ തന്നെ അടുത്ത ബോൾ നേരിടണം. അഥവാ ഓവറിലെ അവസാന പന്തിൽ ക്യാച്ച് ഔട്ടായാൽ നോ സ്ട്രൈക്കർ ബാറ്റർക്ക് അടുത്ത ഓവറിലെ ആദ്യ പന്ത് നേരിടാം.

നേരത്തേ ഇംഗ്ലണ്ടിൽ നടന്ന ദി ഹണ്ട്രഡിൽ പരീക്ഷിക്കപ്പെട്ട നിയമമാണിത്. ഈ നിയമം ആദ്യമായി ഐപിഎല്ലിൽ നടപ്പാക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ.

കോവിഡ് സാഹചര്യം മുന്നിൽ കണ്ടും ചില നിയമങ്ങൾ കൊണ്ടുവിന്നിട്ടുണ്ട്. ഒരു പകരക്കാരനടക്കം ചുരുങ്ങിയത് 12 താരങ്ങളുണ്ടെങ്കിൽ മാത്രമേ ഒരു ടീമിനു മൽസരത്തിൽ ഇറങ്ങാൻ അനുമതിയുള്ളൂ. ഇതു ഇല്ലാതെ വന്നാൽ മൽസരം പിന്നീടൊരു ദിവസത്തേക്കു മാറ്റും. ഇനി മൽസരം പുനർക്രമീകരിക്കുകയെന്നത് പ്രായോഗികമല്ലെങ്കിൽ ഐപിഎല്ലിലെ ടെക്നിക്കൽ കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഫൈനൽ ടൈയാവുകയും സൂപ്പർ ഓവർ നടത്താൻ സാധിക്കാതെ വരികയോ, ഒന്നിലേറെ സൂപ്പർ ഓവറുകൾ ടൈയിൽ കലാശിക്കുകയോ ചെയ്താൽ ലീഗ് ഘട്ടത്തിൽ ഇരുടീമുകളുടെയും പൊസിഷൻ പരിഗണിച്ചായിരിക്കും ചാമ്പ്യന്മാരെ നിശ്ചയിക്കുക. അതായത് ഇത്തരം അപൂർവ്വ സന്ദർഭങ്ങളിൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.

കളിക്കാരല്ല, കമന്റേറ്റർമാർ

ഇത്തവണ ടീമുകൾ കളിക്കാരനായി ഉൾപ്പെടുത്താതെ തഴഞ്ഞ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന കമന്റേറ്ററായി ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാർ സ്പോർട്സിന്റെ ഹിന്ദി കമന്റേറ്റർമാരുടെ പാനലിലാണ് റെയ്നയുമുള്ളത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി 5 വർഷത്തെ ഇടവേളയ്ക്കുശേഷം കമന്റേറ്ററാകുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിനുണ്ട്. പീയൂഷ് ചൗള, ഹർഭജൻ സിങ് തുടങ്ങിയവരും പാനലിലുണ്ട്.

കരുതലോടെ മുന്നോട്ട്, ബയോ ബബ്ൾ കടുപ്പിക്കും

മുംബൈയിലും പുണെയിലുമായാണ് മത്സരങ്ങൾ. മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡി.വൈ. പാട്ടീൽ സ്റ്റേഡിയങ്ങളിലും പുണെയിൽ എം.സി.എ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ. ഐപിഎൽ ക്രിക്കറ്റ് മത്സര വേദികളിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതാണ് ഏറെ ആവേശകരം. ഐപിഎൽ 15ാം സീസണിൽ സ്റ്റേഡിയത്തിൽ 25 ശതമാനം കാണികൾക്കു പ്രവേശനം അനുവദിക്കുമെന്നു സംഘാടകർ അറിയിച്ചുകഴിഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികൾക്കു പ്രവേശനം അനുവദിക്കുന്നത് 2019ന് ശേഷം ആദ്യമാണ്. 2021 സീസണിന്റെ ആദ്യ പകുതി ഇന്ത്യയിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്. കോവിഡ് കേസുകൾ വർധിച്ചതോടെ രണ്ടാം പകുതി യുഎഇയിലേക്കു മാറ്റുകയായിരുന്നു.

കോവിഡിനെത്തുടർന്നു ബയോ ബബ്ളിലാണ് ഇത്തവണയും ഐപിഎൽ ടീമുകളുടെ പരിശീലനവും താമസവും. ബയോ ബബ്ൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ ഇത്തവണ കടുപ്പിക്കുമെന്നും സൂചനയുണ്ട്. ഒരു തവണ ലംഘിച്ചാൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ. രണ്ടാം തവണയായാൽ ഒരു മത്സരത്തിൽനിന്നു വിലക്കും ഏഴ് ദിവസത്തെ ക്വാറന്റീനും മൂന്നാം തവണ ആവർത്തിച്ചാൽ ഐപിഎൽ ടീമിൽ നിന്നും പുറത്തുപോകേണ്ടി വരും.