മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 178 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹി കാപിറ്റൽസ് പതറുന്നു. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ പതിനാല് ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ് ഡൽഹി. ജയിക്കാൻ ഡൽഹിക്ക് 36 പന്തിൽ 65 റൺസ് നേടണം.

പ്രിഥ്വി ഷാ (38) ടിം സീഫെർട്ട് (21), മൻദീപ് സിങ് (0), റിഷഭ് പന്ത് (1) റോവ്മാൻ പവൽ (0) ഷാർദൂൽ ഠാക്കൂർ (22) എന്നിവരാണ് പുറത്തായത്. ലളിത് യാദവും  അക്ഷർ പട്ടേലുമാണ് ക്രീസിൽ. മലയാളി താരം ബേസിൽ തമ്പി മൂന്ന് വിക്കറ്റും മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. തൈമൽ മിൽസിനാണ് ഒരു വിക്കറ്റ്.

ആദ്യ സ്‌പെല്ലിൽ മൂന്നാം ഓവറിൽ ഒൻപത് റൺസ് വഴങ്ങിയ ബേസിൽ രണ്ടാം സ്‌പെല്ലിൽ ഇന്നിങ്‌സിലെ പത്താം ഓവറിൽ പ്രിഥ്വി ഷായെയും പവലിനെയും പുറത്താക്കി. പതിനാലാം ഓവറിൽ ഠാക്കൂറിനെ നായകൻ രോഹിത്തിന്റെ കൈയിൽ എത്തിച്ച തമ്പി മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി.

നേരത്തെ, 48 പന്തിൽ പുറത്താവാതെ 81 റൺസ് നേടിയ ഇഷാൻ കിഷനാണ് മുൻ ചാംപ്യന്മായ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുൽദീപ് യാദവ് ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഡൽഹിയുടെ സ്‌കോർബോർഡിൽ 30 റൺസുള്ളപ്പോഴാണ് ന്യൂസിലൻഡ് താരം സീഫെർട്ട് മടങ്ങുന്നത്. അശ്വിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മൻദീപും മടങ്ങി. ദുർബലമായ ഷോട്ടിലാണ് മൻദീപ് (0) പവലിയനിൽ തിരിച്ചെത്തുന്നത്. ഒരു ഫുൾടോസ് പന്തിൽ മിഡ് ഓഫിൽ തിലക് വർമയ്ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്യാപ്റ്റൻ റിഷഭ് പന്തും പവലിനയിൽ തിരിച്ചെത്തി. ഓഫ്സ്റ്റംപിന് പുറത്തുവന്ന മിൽസിന്റെ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ് മാനിൽ ടിം ഡേവിഡിന് ക്യാച്ച്.

നേരത്തെ, തകർപ്പൻ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷൻ സഖ്യം ആദ്യ വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. എന്നാൽ കുൽദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ രോഹിത്തിന് പിഴിച്ചു. റോവ്മാൻ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോർ 25ൽ നിൽക്കെ രോഹിത്തിനെ ഠാക്കൂർ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്മോൽപ്രീത് സിങ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുൽദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫിൽ ലളിത് യാദവിന് ക്യാച്ച്.

നാലാമനായി ക്രീസിലെത്തിയ തിലക് വർമ (15 പന്തിൽ 22) നിർണായക പ്രകടനം പുറത്തെടുത്തു. ഇഷാനൊപ്പം 34 റൺസാണ് ഇന്ത്യയുടെ അണ്ടർ 19 താരം കൂട്ടിച്ചേർത്തത്. എന്നാൽ ഖലീൽ അഹമ്മദിന്റെ സ്ലോ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ് മാനിൽ പൃഥ്വി ഷായ്ക്ക് ക്യാച്ച് നൽകി. കീറൺ പൊള്ളാർഡിന് (3) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. മിഡ്വിക്കറ്റിൽ ടിം സീഫെർട്ടിന്റെ തകർപ്പൻ ഡൈവിങ് കാച്ച്.

തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. ഖലീലാണ് താരത്തെ പറഞ്ഞയച്ചത്. റൺനിരക്ക് കൂട്ടാനുള്ള തിടുക്കത്തിൽ അദ്ദേഹം മൻദീപ് സിംഗിന് ക്യാച്ച് നൽകി. എന്നാൽ അവസാന ഓവറിൽ കിഷൻ നടത്തിയ പോരാട്ടം മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്സ്. ഡാനിയേൽ സാംസ് (7) പുറത്താവാതെ നിന്നു.

ഠാക്കൂർ നാല് ഓവറിൽ 47 റൺസ് വഴങ്ങി. കമലേഷ് നാഗർകോട്ടി രണ്ട് ഓവറിൽ 29 റൺസും അക്സർ പട്ടേൽ നാല് ഓവറിൽ 40 റൺസും വിട്ടുകൊടുത്തു. മലയാളി പേസർ ബേസിൽ തമ്പിയെ പ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. അതേസമയം, പരിക്കിൽ നിന്നും പൂർണ മുക്തനാവാത്ത സൂര്യകുമാർ യാദവിന് ടീമിൽ ഇടം കണ്ടെത്താനായില്ല.