- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
32 പന്തിൽ 60 റൺസുമായി ലിവിങ്സ്റ്റൺ; ധവാനൊപ്പം 95 റൺസിന്റെ കൂട്ടുകെട്ടും; മികച്ച അടിത്തറ കിട്ടിയിട്ടും കുതിച്ചുയരാതെ പഞ്ചാബ്; എട്ട് വിക്കറ്റിന് 180 റൺസ്; ചെന്നൈയ്ക്ക് ഓപ്പണർമാരെ നഷ്ടമായി

മുംബൈ: ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 181 റൺസ് വിജയലക്ഷ്യം. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ലിയാം ലിവിങ്സ്റ്റണിന്റെ (32 പന്തിൽ 60) ഇന്നിങ്സാണ് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 180 റൺസെടുത്തത്.
തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും പവർപ്ലേ ഓവറുകളിൽ ഈ സീസണിലെ ഉയർന്ന രണ്ടാമത്തെ സ്‌കോർ പടുത്തുയർത്തിയ പഞ്ചാബ് കിങ്‌സിനെ, അവസാന ഓവറുകളിൽ ചെന്നൈ സൂപ്പർ കിങ്‌സ് പിടിച്ചുകെട്ടി. ആദ്യ ആറ് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്ത പഞ്ചാബിന് പിന്നീട് അതേ മികവു തുടരാനായില്ല
ഐപിഎലിലെ കന്നി അർധസെഞ്ചുറി കുറിച്ച ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 32 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 60 റൺസെടുത്തു. ഈ സീസണിൽ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരമാണ് ലിവിങ്സ്റ്റൺ.
ലിവിങ്സ്റ്റണിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് നാലു പേർ. ഓപ്പണർ ശിഖർ ധവാൻ 24 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 33 റൺസെടുത്തു. 14 റൺസെടുക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ പഞ്ചാബിന്, മൂന്നാം വിക്കറ്റിൽ ലിവിങ്സ്റ്റൺ ധവാൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. വെറും 52 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 95 റൺസാണ്.
അരങ്ങേറ്റ മത്സരം കളിച്ച ജിതേഷ് ശർമ 17 പന്തിൽ മൂന്നു പടുകൂറ്റൻ സിക്‌സറുകൾ സഹിതം 26 റൺസെടുത്തു. രാഹുൽ ചാഹർ എട്ട് പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 12 റൺസെടുത്ത് പുറത്തായി. കഗീസോ റബാദ 12 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത് പുറത്താകാതെ നിന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി കണ്ടെത്തി മികച്ച തുടക്കമിട്ട ക്യാപ്റ്റൻ മയാങ്ക് അഗർവാൾ, തൊട്ടടുത്ത പന്തിൽ പുറത്തായി. ഭാനുക രാജപക്‌സെ (അഞ്ച് പന്തിൽ ഒൻപത്), ഷാരൂഖ് ഖാൻ (11 പന്തിൽ ആറ്), ഒഡീൻ സ്മിത്ത് (ഏഴു പനത്ിൽ മൂന്ന്) എന്നിവരും നിരാശപ്പെടുത്തി.
ചെന്നൈയ്ക്കായി ക്രിസ് ജോർദാൻ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഡ്വെയ്ൻ പ്രിട്ടോറിയസ് നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ഡ്വെയ്ൻ ബ്രാവോ മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. മുകേഷ് ചൗധരിക്കും ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 52 റൺസ് വഴങ്ങി.


