- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർച്ചയിൽ നിന്ന് കരകയറ്റി സൂര്യകുമാറും തിലകും; 5 പന്തിൽ 22 റൺസുമായി കത്തിക്കയറി പൊള്ളാർഡ്; കൊൽക്കത്തക്കെതിരെ മുംബൈക്ക് മികച്ച സ്‌കോർ

പുനെ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൂര്യകുമാർ യാദവ് തിലക് വർമ്മ ബാറ്റിങ് ഷോയിൽ മികച്ച സ്‌കോറിലെത്തി മുംബൈ ഇന്ത്യൻസ് സൂര്യകുമാർ 36 പന്തിൽ 52 ഉം തിലക് 27 പന്തിൽ 38* ഉം എടുത്തപ്പോൾ മുംബൈ 20 ഓവറിൽ നാല് വിക്കറ്റിന് 161 റൺസെടുത്തു. അവസാനം 5 പന്തിൽ 22 റൺസെടുത്ത പൊള്ളാർഡിന്റെ പ്രകടനം നിർണായകമായി.
തകർച്ചയോടെയായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം. ഇന്നിങ്സിലെ മൂന്നാം ഓവറിൽ നായകൻ രോഹിത് ശർമ്മ 12 പന്തിൽ വെറും മൂന്ന് റൺസെടുത്ത് ഉമേഷ് യാദവിന്റെ ഷോട്ട് പിച്ച് പന്തിൽ കീഴടങ്ങി. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും ഡിവാൾഡ് ബ്രവിസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 50 കടത്താനായില്ല. സ്‌കോർ ബോർഡിൽ 45 റൺസിൽ നിൽക്കേ ബ്രവിസിനെ വരുൺ ചക്രവർത്തിയുടെ പന്തിൽ സാം ബില്ലിങ്സ് സ്റ്റംപ് ചെയ്തു. 19 പന്തിൽ രണ്ട് വീതം ഫോറും സിക്സറുകളോടെ 29 റൺസാണ് അരങ്ങേറ്റ മത്സരത്തിൽ ബേബി എബിഡി നേടിയത്.
ഇഷാൻ കിഷന്റെ പോരാട്ടം 21 പന്തിൽ 14ൽ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിക്കുന്ന പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്. ഇതോടെ 11 ഓവറിൽ മുംബൈ 55-3. തിലക് വർമ്മയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാപ്രവർത്തനമാണ് മുംബൈയെ 17-ാം ഓവറിൽ 100 കടത്തിയത്. സൂര്യകുമാർ 34 പന്തിൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെ കമ്മിൻസ് പുറത്താക്കി. എന്നാൽ പിന്നാലെ പൊള്ളാർഡ് ആളിക്കത്തിയതോടെ മുംബൈ മികച്ച സ്‌കോറിലെത്തി. തിലകിനൊപ്പം കീറോൺ പൊള്ളാർഡ് (5 പന്തിൽ 22) പുറത്താകാതെ നിന്നു. കമ്മിൻസിന്റെ അവസാന ഓവറിൽ 23 റൺസ് പിറന്നു. മുംബൈ ഇന്നിങ്സിൽ അവസാന 5 ഓവറിൽ 76 റൺസും.


