- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്വാളിഫൈയറിലേക്ക് ഇനി തുല്യ ദൂരം; ലഖ്നൗവിനും ബാംഗ്ലൂരിനും ഇന്ന് നിർണ്ണായക പോരാട്ടം; റൺവേട്ട തുടരാൻ ക്യാപ്റ്റന്മാർ

മുംബൈ: ഐപിഎല്ലിൽ ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുല്യ ശക്തികളുടെ പോരാട്ടമാകും ഇന്നത്തേത്. ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച ലഖ്നൗവും ബാംഗ്ലൂരും പിന്നീട് തോൽവി രുചിച്ചെങ്കിലും വിജയവഴിയിൽ തിരിച്ചെത്തിയാണ് മുഖാമുഖം വരുന്നത്.
നായകൻ ഫാഫ് ഡുപ്ലസിസും അനുജ് റാവത്തുമായിരിക്കും ആർസിബി ഓപ്പണർമാർ. വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, ഷഹ്ബാസ് അഹമ്മദ് എന്നിവർക്കൊപ്പം ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട് ഫിനിഷിംഗാണ് സീസണിൽ ആർസിബിയുടെ ഏറ്റവും വലിയ വരുത്ത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കാർത്തിക് 34 പന്തിൽ 66* ഉം മാക്സി 34 പന്തിൽ 55 ഉം ഷഹ്ബാസ് 21 പന്തിൽ 32* ഉം റൺസ് നേടിയിരുന്നു. വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർക്കൊപ്പം മുഹമ്മദ് സിറാജും താളം നിലനിർത്തിയാൽ ബൗളിംഗും കരുത്തുറ്റത്. ഡൽഹിക്കെതിരെ ഹേസൽവുഡ് മൂന്നും സിറാജ് രണ്ടും ഹസരങ്ക ഒന്നും വിക്കറ്റ് നേടിയിരുന്നു.
കെ എൽ രാഹുലും ക്വിന്റൺ ഡികോക്കും നൽകുന്ന ഓപ്പണിംഗാണ് ലഖ്നൗവിന്റെ കരുത്ത്. രാഹുൽ മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരത്തിൽ 60 പന്തിൽ 103 റൺസാണ് അടിച്ചുകൂട്ടിയത്. ഡികോക്ക് 13 പന്തിൽ 24 റൺസ് പേരിലാക്കി. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവർ അവസരത്തിനൊത്തുയർന്നാൽ ലഖ്നൗവിന്റെ ബാറ്റിങ് നിര അതിശക്തം. ബൗളിംഗിൽ ജേസൻ ഹോൾഡർ, ആവേഷ് ഖാൻ, ദുഷ്മന്ത ചമീര എന്നിവരിലാണ് പ്രതീക്ഷകൾ. അവസാന മത്സരത്തിൽ ആവേഷ് മൂന്ന് വിക്കറ്റ് നേടിയിരുന്നു.


