മുംബൈ: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പതിനൊന്നാം റൗണ്ടിൽ പഞ്ചാബ് കിങ്‌സാണ് എതിരാളികൾ. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് കളി തുടങ്ങുക. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും.

അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിർത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ റിങ്കു സിംഗും(23 പന്തിൽ 42*), നിതീഷ് റാണയും(37 പന്തിൽ 48*) ചേർന്നാണ് കൊൽക്കത്തക്ക് ജയമൊരുക്കിയത്. 49 പന്തിൽ 54 റൺസെടുത്ത സഞ്ജു സാംസണിന്റെ അർധ സെഞ്ചുറി മാത്രമായിരുന്നു രാജസ്ഥാന് വലിയ ആശ്വാസമായുണ്ടായിരുന്നത്.

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.പ്ലേ ഓഫിന് അരികെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഏഴ് ജയവുമായി ലഖ്നൗ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. പ്ലേ ഓഫിന് അകലെയെങ്കിലും പ്രതീക്ഷ നിലനിർത്താനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്.

പത്തിൽ ആറിലും തോറ്റ കൊൽക്കത്തയ്ക്ക് ഇനിയെല്ലാം ജീവന്മരണപ്പോരാട്ടമാണ്. ക്വിന്റൺ ഡികോക്ക്, ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരിലാണ് ലഖ്നൗവിന്റെ റൺസ് പ്രതീക്ഷ. ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം.

തുടർച്ചയായ അഞ്ച് തോൽവികൾക്കൊടുവിൽ രാജസ്ഥാനെ തോൽപിച്ച ആശ്വാസത്തിലാണ് കൊൽക്കത്തയും നായകൻ ശ്രേയസ് അയ്യരും. ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിറംമങ്ങിയതാണ് സീസണിൽ വിനയായത്. താരലേലത്തിന് മുൻപ് നിലനിർത്തിയ വെങ്കടേഷ് അയ്യരും വരുൺ ചക്രവർത്തിയും ഇലവന് പുറത്തായിക്കഴിഞ്ഞു. ഡികോക്കിനെയും രാഹുലിനെയും തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ നൈറ്റ് റൈഡേഴ്‌സ് വിയർക്കും. പുനെയിൽ പിന്നിട്ട പത്ത് കളിയിലും ടോസ് കിട്ടിയവർ തിരഞ്ഞെടുത്തത് ബൗളിംഗായിരുന്നെങ്കിൽ ഏഴിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്.