മുംബൈ: ഐപിഎൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാമാൻ ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ. വൈകിട്ട് ഏഴരയ്ക്ക് പൂണെയിലാണ് മത്സരം. 11 മത്സരങ്ങളിൽ ഇരു ടീമിനും എട്ട് ജയവും മൂന്ന് തോൽവിയുമാണുള്ളത്. 16 പോയിന്റുമായി ഒപ്പത്തിനൊപ്പമെങ്കിലും റൺനിരക്കിൽ ലഖ്നൗ ഒന്നാം സ്ഥാനത്താണ്.

ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് അവസാന രണ്ട് കളിയിലും തിരിച്ചടി നേരിട്ടപ്പോൾ തുടർച്ചയായ നാല് ജയവുമായാണ് കെ എൽ രാഹുലിന്റെ ലഖ്നൗ ഇറങ്ങുന്നത്. ജയിക്കുന്നവർ പതിനെട്ടു പോയിന്റുമായി പ്ലേ ഓഫിലേക്ക്. കെ എൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, ദീപക് ഹൂഡ എന്നിവർക്ക് ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പണ്ഡ്യ എന്നിവരിലൂടെയാവും ഗുജറാത്തിന്റെ മറുപടി.

ക്രുനാൽ പണ്ഡ്യ, അയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നിവർ ലഖ്നൗവിന്റെ മധ്യനിരയ്ക്ക് കരുത്താവുമ്പോൾ ഡേവിഡ് മില്ലറിന്റെയും രാഹുൽ തെവാട്ടിയയുടേയും ഓൾറൗണ്ട് മികവിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. റാഷീദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗ്യൂസൺ, അൽസാരി ജോസഫ് എന്നിവരെ ബൗളിംഗിൽ ഗുജറാത്ത് അണിനിരത്തും.

ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ് എന്നിവരിലൂടെ ലഖ്നൗ മറുപടി പറയും. പാണ്ഡ്യ സഹോദരന്മാർ നേർക്കുനേർവന്ന ആദ്യ മത്സരത്തിൽ ഗുജറത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാണ് ലഖ്നൗ ഇറങ്ങുന്നത്. സാധ്യതാ ഇലവൻ അറിയാം.