പുനെ: ഐപിഎല്ലിൽ നവാഗതരുടെ പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ 62 റൺസിന് കീഴടക്കി പതിനഞ്ചാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 144 റൺസ് പിന്തുടർന്ന ലഖ്നൗ 13.5 ഓവറിൽ 82 റൺസിൽ ഓൾറൗട്ടായി. റാഷിദ് ഖാൻ നാലും സായ് കിഷോറും യഷ് ദയാലും രണ്ട് വീതവും വിക്കറ്റ് നേടി. 12 വീതം മത്സരങ്ങളിൽ ഗുജറാത്ത് 18 ഉം ലഖ്നൗ 16 ഉം പോയിന്റ് വീതമായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു.

ബാറ്റിംഗിൽ ചീട്ടുകൊട്ടാരം പോലെ ലഖ്നൗ തകർന്നടിഞ്ഞു. 45 റൺസിനിടെ 7.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടമായി. ക്വിന്റൺ ഡികോക്കിനെയും (10 പന്തിൽ 11), കരൺ ശർമ്മയെയും (4 പന്തിൽ 4) അരങ്ങേറ്റക്കാരൻ യാഷ് ദയാലും കെ എൽ രാഹുലിനെ(16 പന്തിൽ 8) മുഹമ്മദ് ഷമിയും ക്രുണാൽ പാണ്ഡ്യയെ (5 പന്തിൽ 5) റാഷിദ് ഖാനും പുറത്താക്കി. വിക്കറ്റിന് പിന്നിൽ വൃദ്ധിമാൻ സാഹയുടെ പ്രകടനം നിർണായകമായി.

സ്‌കോർ ബോർഡിൽ 67 റൺസാകുമ്പോഴേക്കും മൂന്ന് വിക്കറ്റ് കൂടി വീണു. ടീം സ്‌കോർ 61ൽ നിൽക്കേ ആയുഷ് ബദോനിയാണ്(11 പന്തിൽ 8) ആദ്യം വീണത്. സായ് കിഷോറിനായിരുന്നു വിക്കറ്റ്. മാർക്കസ് സ്റ്റോയിനിസ്(2 പന്തിൽ 2) റണ്ണൗട്ടായപ്പോൾ ജേസൻ ഹോൾഡർ(2 പന്തിൽ 1) റാഷിദ് ഖാന് മുന്നിൽ കുടുങ്ങി. മൊഹ്സിൻ ഖാൻ ഒന്നിനും ദീപക് ഹൂഡ 26 പന്തിൽ 27നും മടങ്ങി. ആവേഷ് ഖാനും (4 പന്തിൽ 12) റാഷിദ് ഖാന് കീഴടങ്ങിയതോടെ ലഖ്നൗ ഇന്നിങ്സ് അവസാനിച്ചു.

ഗുജറാത്തിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിനു മുന്നിൽ ലക്‌നൗ നിരയിൽ ചെറുത്തു നിൽക്കാനായത് 26 പന്തിൽ മൂന്നു ഫോറുകൾ സഹിതം 27 റൺസെടുത്ത ദീപക് ഹൂഡയ്ക്കു മാത്രമാണ്. ഹൂഡയ്ക്കു പുറമേ ലക്‌നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ ക്വിന്റൺ ഡികോക്കും പതിനൊന്നാമനായി എത്തിയ ആവേശ് ഖാനുമാണ്. പത്തു പന്തിൽ ഒരു സിക്‌സ് സഹിതം 11 റൺസാണ് ഡികോക്കിന്റെ സമ്പാദ്യം. നാലു പന്തിൽ 12 റൺസാണ് ആവേശ് ഖാൻ നേടിയത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ(16 പന്തിൽ 8),കരൺ ശർമ( 4 പന്തിൽ 4), ക്രുണാൽ പാണ്ഡ്യ (5 പന്തിൽ 5), ആയുഷ് ബദോനി (11 പന്തിൽ 8), മാർക്കസ് സ്റ്റോയ്‌നിസ് (2 പന്തിൽ 2), ജെയ്‌സൻ ഹോൾഡർ (2 പന്തിൽ 1), മൊഹ്‌സിൻ ഖാൻ (3 പന്തിൽ 1) എന്നിവർ നിരാശപ്പെടുത്തി.

3.5 ഓവറിൽ 24 റൺസു വഴങ്ങി നാലു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ലക്‌നൗവിനെ രണ്ടക്കം കടക്കാതെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചത്. രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനവും ശ്രദ്ധേയമായി. രണ്ട് ഓവറിൽ 24 റൺസ് വഴങ്ങിയ യഷ് ദയാൽ രണ്ടും മൂന്ന് ഓവറിൽ അഞ്ചു റൺസ് വഴങ്ങിയ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശുഭ്മാൻ ഗില്ലിന്റെ അർധ സെഞ്ചുറിയിൽ 20 ഓവറിൽ നാല് വിക്കറ്റിന് 144 റൺസിലെത്തുകയായിരുന്നു. ഗിൽ 49 പന്തിൽ പുറത്താകാതെ 63 റൺസെടുത്തു. ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ടോസ് അനുകൂലമായിട്ടും തുടക്കത്തിലെ തകരുകയായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. വൃദ്ധിമാൻ സാഹയെ മൂന്നാം ഓവറിലെ നാലാം പന്തിൽ മൊഹ്സിൻ ഖാൻ പുറത്താക്കിയതിൽ തുടങ്ങി പതർച്ച. 11 പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു സാഹയ്ക്കുണ്ടായിരുന്നു. പിന്നിലെ മാത്യൂ വെയ്ഡ്(7 പന്തിൽ 10), നായകൻ ഹർദിക് പാണ്ഡ്യ(13 പന്തിൽ 11) എന്നിവരെ മടക്കി ആവേഷ് ഖാൻ ഇരട്ട പ്രഹരം നൽകിയതോടെ ഗുജറാത്ത് 9.1 ഓവറിൽ 51-3.

ഡേവിഡ് മില്ലർ വെടിക്കെട്ടിന്റെ സൂചന കാണിച്ചുതുടങ്ങിയെങ്കിലും 24 പന്തിൽ 26 റൺസെടുത്ത് 16-ാം ഓവറിൽ ഹോൾഡറിന് കീഴടങ്ങി. ഇതേ ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഒരറ്റത്ത് കാലുറപ്പിച്ച ശുഭ്മാൻ ഗിൽ പിന്നാലെ 42 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. ആവേഷ് ഖാനും ജേസൻ ഹോൾഡറും എറിഞ്ഞ അവസാന രണ്ട് ഓവറിൽ ഗുജറാത്ത് പാടുപെട്ടതോടെ സ്‌കോർ 144ൽ ഒതുങ്ങുകയായിരുന്നു. 49 പന്തിൽ 63* റൺസെടുത്ത ഗില്ലിനൊപ്പം രാഹുൽ തെവാട്ടിയ (16 പന്തിൽ 22*) പുറത്താകാതെ നിന്നു.

ഈ വിജയത്തോടെ 12 കളികളിൽനിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണ് ഗുജറാത്ത് പ്ലേഓഫ് ഉറപ്പാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി തുടർന്നുവന്ന പരാജയ പരമ്പരയ്ക്കും ഗുജറാത്ത് ഇതോടെ അറുതിവരുത്തി. ഈ സീസണിലെ ആദ്യ മുഖാമുഖത്തിലും ലക്‌നൗവിലെ തോൽപ്പിച്ച ഗുജറാത്തിന്, ലക്‌നൗവിനെതിരെ ഇതോടെ അജയ്യപരിവേഷവുമായി. മാത്രമല്ല, ഐപിഎൽ അരങ്ങേറ്റത്തിൽത്തന്നെ പ്ലേഓഫിലെത്തിയെന്ന നേട്ടവും സ്വന്തം.