മുംബൈ: ഐപിഎൽ പ്ലേ ഓഫുറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ ഡൽഹി കാപിറ്റൽസാണ് മറുവശത്ത്. 11 മത്സരങ്ങളിൽ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്.ഇന്ന് ജയിച്ചാൽ ഗുജറാത്തിന് പിന്നാലെ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകും രാജസ്ഥാൻ. 10 പോയിന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.

സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർക്ക് 10 പോയിന്റുള്ളതിനാൽ മുന്നിലെത്താൻ ഡൽഹിക്ക് ജയം അനിവാര്യമാണ്. ഓപ്പണിങ് പങ്കാളിയെ ഇടക്കിടെ മാറ്റേണ്ടിവരുന്ന ഡേവിഡ് വാർണറുടെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നുണ്ട് ഡൽഹി. മധ്യനിരയിൽ വലിയ സ്‌കോറിലേക്ക് എത്താനാവാതെ നായകൻ പന്ത്. കുൽദീപ് യാദവ് ഒഴികെയുള്ള ബൗളർമാരുടെ പ്രകടനത്തിലും ആശങ്ക.

സന്തുലിത ടീമാണെങ്കിലും ജോസ് ബട്ലറെ ആശ്രയിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. നായകൻ സഞ്ജുവും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്സാളും റൺസടിച്ചാൽ നാട്ടിലേക്ക് മടങ്ങിയ ഷിമ്രോൺ ഹെറ്റ്മെയറുടെ അഭാവം മറികടക്കാം. ബൗളിംഗിൽ ആശങ്കയില്ല രാജസ്ഥാന്. പവർപ്ലേയിൽ വിക്കറ്റ് വീഴത്തുന്ന ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും. പിന്നാലെ അശ്വിന്റെയും ചഹലിന്റെയും സ്പിൻകരുത്ത്. കുൽദീപ് സെന്നിന്റെ അതിവേഗം കൂടിയാവുമ്പോൾ സഞ്ജുവിന്റെ ആവനാഴിൽ വൈവിധ്യമേറെ.

സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 15 റൺസിന് ഡൽഹിയെ തോൽപിച്ചിരുന്നു. ഡൽഹിയും രാജസ്ഥാനും 25 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാൻ 13 കളിയിലും ഡൽഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റൺസെടുത്തതാണ് രാജസ്ഥാന്റെ ഉയർന്ന സ്‌കോർ.

115 റൺസിന് പുറത്തായത് കുറഞ്ഞ സ്‌കോറും. എട്ട് വിക്കറ്റിന് 207 റൺസിലെത്തിയതാണ് ഡൽഹിയുടെ ഉയർന്ന സ്‌കോർ. 60 റൺസിന് പുറത്തായത് ഡൽഹിയുടെ കുറഞ്ഞ സ്‌കോറും