മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. പ്ലേ ഓഫിലെത്താൻ നേരിയ സാധ്യതയെങ്കിലും നിനനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് അഞ്ച് വിക്കറ്റിന് വീഴ്‌ത്തി ചെന്നൈയുടെ സാധ്യതകൾ അടച്ചത്. മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 98 റൺസ് വിജയലക്ഷ്യ മുന്നോട്ടുവെച്ചുള്ളുവെങ്കിലും വിയർപ്പൊഴുക്കിയാണ് മുംബൈ ജയിച്ചുകയറിയത്.

മൂന്നു വിക്കറ്റ് വീഴ്‌ത്തി മുകേഷ് ചൗധരി മുംബൈയെ വിറപ്പിച്ചെങ്കിലും ചെറിയ ലക്ഷ്യം അവർ മറികടക്കുകയായിരുന്നു. തിലക് വർമ (32 പന്തിൽ 34*), ടിം ഡേവിഡ് (7 പന്തിൽ 18*) എന്നിവർ പുറത്താതെ നിന്നു. ഇന്നിങ്‌സിന്റെ ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മുംബൈയുടെ നാല് ബാറ്റർമാർ പുറത്തായിരുന്നു.

ഓപ്പണർമാരായ ഇഷാൻ കിഷൻ (6), ക്യാപ്റ്റൻ രോഹിത് ശർമ (18), ഡാനിയൽ സാംസ് (1), ട്രിസ്റ്റൻ സ്റ്റബ്‌സ് (പൂജ്യം) എന്നിവരാണ് പുറത്തായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ തിലക് വർമയും ഹൃത്വിക് ഷോകീനും (18) ചേർന്ന് 48 റൺസെടുത്ത് മുംബൈയെ സുരക്ഷിതമാക്കി. 13ാം ഓവറിൽ ഹൃത്വിക്കിനെ മൊയീൻ അലി പുറത്താക്കി.

എത്രനേരം പിടിച്ചുനിൽക്കാനാകുമോ, അത്രയും നേരം നിൽക്കുക. മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിക്ക് അതു മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. 16ാം ഓവർ വരെ ധോണി ആ ഉത്തരവാദിത്വം നിറവേറ്റി. ധോണിയുടെ (33 പന്തിൽ 36*) അപരാജിത ഇന്നിങ്‌സിന്റെ ചുമലിലേറി മുംബൈയ്ക്കെതിരെ ചെന്നൈ ഉയർത്തിയത് 98 റൺസിന്റെ വിജയലക്ഷ്യം.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 97 റൺസിനു എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഡാനിയൽ സാംസ്, രണ്ടു വിക്കറ്റ് വീതം നേടിയ റിലെ മെറിഡിത്ത്, കുമാർ കാർത്തികേയ എന്നിവരാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ല് ഒടിച്ചത്. ഐപിഎലിനെ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ് ഇത്. 2013ൽ മുംൈബയ്ക്കെതിരെ തന്നെ നേടിയ 79 റൺസാണ് അവരുടെ ഏറ്റവും ചെറിയ ടോട്ടൽ.

ചെന്നൈ ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീണു. ഓപ്പണർ ഡെവോൺ കോൺവെ (പൂജ്യം), മൊയീൻ അലി (പൂജ്യം) എന്നിവരെയാണ് ഡാനിയൽ സാംസ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ തന്നെ റോബിൻ ഉത്തപ്പെയെ (1) ജസ്പ്രീത് ബുമ്രയും വിക്കറ്റിനു മുന്നിൽ കുരുക്കി. ചെന്നൈ സ്‌കോർബോർഡിൽ അപ്പോൾ വെറും അഞ്ച് റൺസ് മാത്രം. അഞ്ചാം ഓവറിൽ ഋതുരാജ് ഗെയ്ക്വാദും (7) ആറാം ഓവറിൽ അമ്പാട്ടി റായിഡുവും (10) കൂടി വീണതോടെ 29/5 എന്ന ദയനീയ സ്ഥിതിയിലായി ചെന്നൈ.

ഐപിഎലിനെ തന്നെ ഏറ്റവും ചെറിയ സ്‌കോറിന് മുൻ ചാംപ്യന്മാർ പുറത്താകുമോ എന്ന കരുതിയ നിമിഷം. ഒരറ്റത്ത് ക്യാപ്റ്റൻ ധോണി നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ശിവം ദുബെ (10), ഡ്വെയ്ൻ ബ്രാവോ (12), മഹീഷ് തീക്ഷണ (പൂജ്യം), സിമർജീത് സിങ് (2), മുകേഷ് ചൗധരി (നാല്) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റർമാരുടെ സ്‌കോറുകൾ.