അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് 158 റൺസ് വിജയക്ഷ്യം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിങ്സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവരാണ് ആർസിബിയെ കൂറ്റൻ സ്‌കോറിൽ നിന്ന് അകറ്റി നിർത്തിയത്. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

മോശം തുടക്കമായിരുന്നു ആർസിബിക്ക്. രണ്ടാം ഓവറിൽ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജുവിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റൺസെടുത്തത്. പിന്നീട് ഒത്തുചേർന്ന ഫാഫ്- പടിദാർ സഖ്യം ആർസിബിയെ പവർപ്ലേയിൽ മികച് സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാൻ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്.

എന്നാൽ പത്ത് ഓവറിന് ശേഷം രാജസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തിൽ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലിനെ (24) ട്രന്റ് ബോൾട്ട് മടക്കിയതോടെ ആർസിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ആർസിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാൽ ലോംറോർ (8), ദിനേശ് കാർത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹർഷൽ പട്ടേൽ (1) എന്നിവർ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റൻ സ്‌കോറെന്ന മോഹം വിദൂരത്തായി. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസൽവുഡ് (1) പുറത്താവാതെ നന്നു.

നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. മക്കോയ് 23 റൺസ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോൾട്ട് ഇത്രയും ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആർ അശ്വിനും ഒരു വിക്കറ്റുണ്ട്.

ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ (ടമിഷൗ ടമാീിെ) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവർ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിന് യോഗ്യത നേടും. ഞായറാഴ്‌ച്ചയാണ് കലാശപ്പോര്. നേരത്തെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്തിനോട് തോറ്റിരുന്നു. ബാംഗ്ലൂർ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിക്കുകയായിരുന്നു.