ബെംഗലൂരു: ഐപിഎൽ മെഗാതാരലേലത്തിൽ ഇന്ത്യൻ പേസർമാർക്ക് പൊന്നുംവില നൽകി ടീമുകൾ. വിൻഡീസിന് എതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പേസറായ ദീപക് ചാഹർ, ഷർദൂൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണ് വിദേശ പേസർമാരെക്കാൾ കൂടുതൽ മൂല്യവുമായി വിവിധ ഐപിഎൽ ടീമുകളിൽ ഇടംപിടിച്ചത്. ദീപക് ചാഹറിനെ 14 കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയപ്പോൾ ചെന്നൈ താരമായിരുന്ന ഷർദ്ദുൽ ഠാക്കൂറിനെ 10.75 കോടി നൽകി ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത പേസറായിരുന്ന പ്രസിദ്ധ് കൃഷ്ണയാണ് ലേലത്തിൽ ലോട്ടറിയടിച്ച മറ്റൊരു പേസർ. 10 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസാണ് പ്രസിദ്ധിനെ ടീമിലെത്തിച്ചത്.

സമീപകാലത്തെ മികച്ച പ്രകടനമാണ് വിദേശ പേസർമാരെക്കാൾ ഇന്ത്യൻ പേസർമാരിൽ വിശ്വാസം അർപ്പിക്കാൻ ഐപിഎൽ ടീം അധികൃതരെ പ്രേരിപ്പിക്കുന്നത്. കൂടാതെ ഇത്തവണ ഇന്ത്യൻ മണ്ണിൽ മത്സരം നടക്കുന്നു എന്നതും തീരുമാനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ഐപിഎൽ സീരീസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾ കൂടിയാണ് ഇത്തവണ ഉയർന്ന മൂല്യം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പരയിലും വിൻഡീസിനെതിരെ അഹമ്മദാബാദിൽ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായതും ഇന്ത്യൻ താരങ്ങളുടെ മൂല്യമുയർത്തി. അതേ സമയം നിറം മങ്ങിയ ഉമേഷ് യാദവ് അടക്കമുള്ള സീനിയർ താരങ്ങളോട് ടീമുകൾ വിമുഖത കാട്ടിയതും ശ്രദ്ധേയമായി

കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി പന്തെറിഞ്ഞ ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസനെ 10 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പേസറായ ജോഷ് ഹേസൽവുഡിനെ 7.75 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ടീമിലെത്തിച്ചു.

കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.

രണ്ട് കോടി രൂപ മൂല്യവുമായെത്തിയ ഇന്ത്യൻ താരം മുഹമ്മദ് ഷമിയെ 6 കോടി 25 ലക്ഷം ചെലവിട്ട് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഒരു കോടി മൂല്യത്തിന് ലേലത്തിനെത്തിയ കുൽദീപ് യാദവ് രണ്ട് കോടി നേടി ഡൽഹി ക്യാപിറ്റൽസിലെത്തി. 75 ലക്ഷം മൂല്യവുമായി എത്തിയ രാഹുൽ ചഹാർ അഞ്ച് കോടി 25 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയപ്പോൾ യുസ്വേന്ദ്ര ചെഹൽ ആറരക്കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

പരിക്കുമൂലം ഏറെക്കാലമായി വിട്ടു നിൽക്കുന്ന ടി നടരാജനെ നാലു കോടി രൂപക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ നിലനിർത്തിയപ്പോൾ ഇന്ത്യൻ പേസറായ ഉമേഷ് യാദവിന് ആവശ്യക്കാരുണ്ടായില്ല. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡാണ് ലേലത്തിൽ കോടികൾ സ്വന്തമാക്കിയ മറ്റൊരു ബൗളർ. 7.5 കോടി രൂപക്ക് മാർക്ക് വുഡിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി.

4.2 കോടി രൂപ നൽകി ഭുവനേശ്വർ കുമാറിനെ സൺറൈസേഴ്‌സ് ടീമിൽ നിലനിർത്തിയപ്പോൾ രണ്ട് കോടി രൂപക്ക് ബംഗ്ലാദേശ് പേസർ മുസത്ഫിസുർ റഹ്‌മാനെ ഡൽഹി കൂടാരത്തിൽ എത്തിച്ചു. അതേസമയം സ്പിന്നർമാരുടെ ലേലത്തിൽ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനും അഫ്ഗാൻ സ്പിന്നർ മുജീബ് സർദ്രാനും ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിറിനും ആദ്യദിനം ആവശ്യക്കാരുണ്ടായില്ല.

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ 5 കോടി ചെലവിട്ടാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. കിവീസ് പേസർ ട്രെന്റ് ബോൾട്ട് 8 കോടി രൂപ മൂല്യവുമായി രാജസ്ഥാൻ റോയൽസിൽ ഇടംപിടിച്ചു. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷൻ തന്നെ. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില.

ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

6.25 കോടിക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസിലെത്തി. ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. ഈ സീസണിൽ ടീമിനെ നയിക്കുക ഒരുപക്ഷേ ഡുപ്ലെസിയാകും.

ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മനീഷ് പാണ്ഡെ 4.60 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി. വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയയെ 8.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. റോബിൻ ഉത്തപ്പയെ 2 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

ഇംഗ്ലണ്ട് താരം ജേസൺ റോയിയെ 2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഡ്വെയ്ൻ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ജേസൺ ഹോൾഡർ 8.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തിയപ്പോൾ ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ബംഗ്ലാദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ എന്നിവരെ ആരും വാങ്ങിയില്ല.