ബംഗളൂരു: ഐപിഎല്ലിൽ ഇത്തവണ ജസ്പ്രീത് ബുംറയ്ക്ക് ഒപ്പം ഓപ്പണിങ് സ്‌പെൽ എറിയാൻ മലയാളത്തിന്റെ സ്വന്തം ബേസിൽ തമ്പിക്ക് അവസരം ഒരുങ്ങിയേക്കും. ബേസിലിനെ അടിസ്ഥാന വിലയായ മുപ്പത് ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് പാളയത്തിലെത്തിച്ചത്. മറ്റൊരു മലയാളി കെഎം ആസിഫിനെ ചെന്നൈ സൂപ്പർ കിങ്‌സും ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫിനെ ചെന്നൈ സ്വന്തമാക്കിയത്.

അതേസമയം മലയാളി താരങ്ങളായ വിഷ്ണു വിനോദിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ആരും വാങ്ങിയില്ല എന്നത് നിരാശ പടർത്തി.ഐപിഎൽ താരലേലത്തിൽ പണം വാരുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു വിഷ്ണു. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഡൽഹി കാപിറ്റൽസിനൊപ്പമായിരുന്നു വിഷ്ണു. മറ്റൊരു മലയാളി വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനും അൺസോൾഡായി. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമായിരുന്നു കാസർഗോഡുക്കാരൻ.

കഴിഞ്ഞ ഐപിഎല്ലിൽ മിന്നും ഫോമിൽ പന്തെറിഞ്ഞ പേസർ ആവേശ് ഖാനെ ലഖ്‌നൗ സൂപ്പർ ജയിന്റ്‌സ് പത്ത് കോടിക്ക് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപയിൽ നിന്നുമാണ് താരത്തിന്റെ മൂല്യം പത്ത് കോടിയിലേക്ക് കുതിച്ചുയർന്നത്.

തമിഴ്‌നാട് യുവ താരം ഷാരൂഖ് ഖാന് വേണ്ടി കോടികളാണ് പഞ്ചാബ് കിങ്‌സ് ചെലവിട്ടത്. 20 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന താരത്തെ ഒൻപത് കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിൽ എത്തിച്ചത്. മുൻ രാജസ്ഥാൻ റോയൽസ് താരം രാഹുൽ തേവാത്തിയയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. താരത്തേയും ഒൻപത് കോടിക്കാണ് ഗുജറാത്ത് പാളയത്തിലെത്തിച്ചത്.

കഴിഞ്ഞ തവണ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലെ  യുവ പേസർമാരായ ശിവം മവിയും കംലേഷ് നാഗർകോട്ടിയും കാർത്തിക് ത്യാഗിയും ഇത്തവണ ഉയർന്ന മൂല്യത്തിനാണ് ടീമുകൾ സ്വന്തമാക്കിയത്. ശിവം മാവിയെ 7.25 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കി.  കാർത്തിക് ത്യാഗിയെ നാല് കോടിക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് പാളയത്തിലെത്തിച്ചു. 40 ലക്ഷം അടിസ്ഥാന വിലയിട്ട കംലേഷ് നാഗർകോട്ടിയെ ഒരു കോടി പത്ത് ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.വിക്കറ്റ് കീപ്പർ കെഎസ് ഭരതിനെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷാൻ തന്നെ. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില

14 കോടി രൂപയ്ക്ക് താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് തിരികെ ടീമിലെത്തിച്ചു. മറ്റൊരു ഇന്ത്യൻ പേസറായ ശാർദുൽ ഠാക്കൂറും നേട്ടം സ്വന്തമാക്കി. താരത്തെ 10.75 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.

കൊൽക്കത്ത മുൻ പേസർ പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് പത്ത് കോടി മുടക്കി ടീമിലെത്തിച്ചു. സ്പിന്നർ യുസ് വേന്ദ്ര ചഹലിനെയും രാജസ്ഥാൻ സ്വന്തമാക്കി. താരത്തിന് 6.5 കോടിക്കാണ് ടീം സ്വന്തമാക്കിയത്.

മെഗാ താര ലേലത്തിൽ മാർക്വി താരങ്ങൾ കോടിപതികളായി . ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ്, പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കൽ (7.75 കോടി), വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (8.5 കോടി) എന്നീ ബാറ്റർമാരെയും ടീമിലെത്തിച്ച് കരുത്തുകാട്ടി. ബംഗ്ലാദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ എന്നിവരെ ആരും വാങ്ങിയില്ല.