- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെഗാ താരലേലത്തിൽ 11.50 കോടിയിലേക്ക് കുതിച്ച് ലിയാം ലിവിങ്സ്റ്റൺ; 9.25 കോടിയിൽനിന്ന് 90 ലക്ഷത്തിലേക്ക് കൂപ്പുകുത്തി കൃഷ്ണപ്പ ഗൗതം; രഹാനെ കൊൽക്കത്തയിൽ; 'നായകന്മാരായ' ഫിഞ്ചിനും മോർഗനും ആവശ്യക്കാരില്ല; ആകാംക്ഷ ശ്രീശാന്തിൽ

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിൽ ഇതുവരെ മികച്ച നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുമായുള്ള ആവേശകരമായ 'പോരാട്ട'ത്തിനൊടുവിലാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.
രണ്ടാം ദിനത്തിൽ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തെ 2.60 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഈയിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.ഒരു കോടിയായിരുന്നു അടിസ്ഥാന വില.
ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. ആദ്യ ദിനം ലേല നടപടികൾക്കിടെ തളർന്നുവീണ ഹ്യൂഗ് എഡ്മെഡെസിനു പകരം കമന്റേറ്റർ ചാരു ശർമയാണ് ഇന്നും ലേല നടപടികൾ നിയന്ത്രിക്കുന്നത്.
ജയന്ത് യാദവിനെ 1.70 കോടിക്കും വിജയ് ശങ്കറെ 1.40 കോടിക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മാർക്കോ യാൻസനെ 4.20 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോൾ. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി.
യുവപേസർ ചേതൻ സക്കരിയയെ 4.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ചേതനെ തിരികെയെത്തിക്കാൻ രാജസ്ഥാൻ റോയൽസ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 23 വയസ് മാത്രമുള്ള ഇടംകൈയൻ പേസറായ ചേതൻ സക്കരിയ ഐപിഎല്ലിൽ 14 മത്സരങ്ങളിൽ അത്രതന്നെ വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഇന്ത്യൻ ജേഴ്സിയിൽ ഒരു മത്സരം കളിച്ചു. അജിങ്ക്യ രഹാനെയെ ഒരു കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യൻ താരം ഖലീൽ അഹമ്മദ് 5.25 കോടിക്ക് ഡൽഹിയിലെത്തി.
കഴിഞ്ഞ സീസണിൽ 9.25 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് വാങ്ങിയ ചരിത്രമുള്ള കൃഷ്ണപ്പ ഗൗതം ഇത്തവണ 90 ലക്ഷം രൂപയ്ക്ക് ലക്‌നൗ ടീമിലെത്തി. ശ്രീലങ്കൻ താരം ദുഷ്മന്ത ചമീരയെ 2 കോടിക്കും ലക്‌നൗ സ്വന്തമാക്കി. നവ്ദീപ് സെയ്‌നിയെ 2.60 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഐപിഎൽ താരലേലങ്ങളിൽ വൻതുക സ്വന്തമാക്കിയിട്ടുള്ള ജയ്ദേവ് ഉനദ്കട് ഇത്തവണ 1.40 കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി.
ഇന്ത്യൻ താരം മൻദീപ് സിങ് 1.10 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജയന്ത് യാദവ് 1.70 കോടിക്കും 50 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തിയ വിജയ് ശങ്കർ 1.40 കോടിക്കും ഗുജറാത്തിന്റെ ഭാഗമായി.
താരലേലത്തിൽ ഓസ്‌ട്രേലിയൻ ടീമിന്റെ ലിമിറ്റഡ് ഓവർ നായകനായ ആരോൺ ഫിഞ്ചിനെയും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനെയും ആരും ടീമിലെടുത്തില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ഫൈനലിലെത്തിച്ച മോർഗന് ഒന്നര കോടി രൂപയായിരുന്നു അടിസ്ഥാനവില. എന്നാൽ ലേലത്തിൽ മോർഗനിൽ ആരും താൽപര്യം കാണിച്ചില്ല.
ട്വന്റി 20 റാങ്കിംഗിൽ ഏറെക്കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനും ലേലത്തിൽ ആവശ്യക്കാരുണ്ടായിരുന്നില്ല. ഒന്നര കോടി രൂപയായിരുന്നു മലന്റെയും ഓസ്‌ട്രേലിയൻ നായകനായ ഫിഞ്ചിന്റെയും അടിസ്ഥാനവില.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ച ഇന്ത്യൻ താരം ചേതേശ്വർ പൂജാരക്കും ഇത്തവണ ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. 50 ലക്ഷം രൂപയായിരുന്നു പൂജാരയുടെ അടിസ്ഥാന ലേലത്തുക.
ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ ഓസീസിന്റെ മാർനസ് ലാബുഷെയ്‌നും ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന ഇംഗ്ലീഷ് താരം ക്രിസ് ജോർദാനെയും ന്യൂസിലൻഡിന്റെ ജിമ്മി നീഷാമിനെയും ഇത്തവണ ആരും ടീമിലെടുത്തിട്ടില്ല. താരലേലം പുരോഗമിക്കുകയാണ്.
503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടർന്നുള്ള 439 കളിക്കാരിൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാൻ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്ലിൽ തിരിച്ചെത്തുമോ എന്നതാണ് വലിയ ആകാംക്ഷ. 50 ലക്ഷം അടിസ്ഥാന വിലയിട്ട് കാത്തിരിക്കുന്ന താരത്തിന്റെ പേര് ഇന്ന് ലേലത്തിനു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


