ബെംഗലൂരു: ഐപിഎൽ താരലേലത്തിൽ ആദ്യ ദിനത്തിൽ ബേസിൽ തമ്പിയെ വിളിച്ചെടുത്ത മുംബൈ ഇന്ത്യൻസ് രണ്ടാം ദിനത്തിൽ വാശിയോടെ വിളിച്ചത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വിഷ്ണു വിനോദിനെ. എന്നാൽ വാശിയേറിയ ലേലത്തിനൊടുവിൽ വിഷ്ണുവിനെ സ്വന്തമാക്കിയത് ഹൈദരാബാദും.

സീസണിലെ ഏറ്റവും ഉയർന്ന മൂല്യം സ്വന്തമാക്കിയ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് വിഷ്ണുവിനെ വിളിച്ചതെങ്കിലും 50 ലക്ഷത്തിന് സൺറൈസേഴ്‌സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തിൽ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകൾക്ക് വിളിച്ചെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയിൽ(ആക്്‌സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

ശ്രീശാന്തിന്റെ പേര് വിളിക്കാൻ കാത്തിരുന്ന മടുത്ത മലയാളികൾക്ക് മുന്നിലേക്കായിരുന്ന വിഷ്ണു വിനോദിന്റെ പേര് ലേലത്തിനെത്തിയത്. 20 ലക്ഷത്തിൽ തുടങ്ങിയ ലേലത്തിൽ സൺറൈസേഴ്‌സും മുംബൈ ഇന്ത്യൻസും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവിൽ 50 ലക്ഷത്തിന് സൺറൈസേഴ്‌സ് വിഷ്ണുവിനെ ടീമിലെത്തിക്കുകയായിരുന്നു.

ഇഷാൻ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമിൽ ഇഷാൻ കിഷൻ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിൻഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സൺറൈസേഴ്‌സിൽ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

അതേസമയം, മലയാളി താരങ്ങളായ എസ് മിഥുൻ, സന്ദീപ് വാര്യർ, എന്നിവർലേലത്തിന് എത്തിയെങ്കിലും ടീമുകളാരും എടുത്തില്ല. ഇന്നലെ മുഹമ്മദ് അസ്ഹറുദ്ദീനും ലേലത്തിൽ ആവശ്യക്കാരുണ്ടായിരുന്നില്ല.

ലേലം അവസാന ഘട്ടത്തിലെത്തുമ്പോഴും ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ട കളിക്കാരുടെ പട്ടികയിൽ, ശ്രീശാന്ത് ഇടംപിടിച്ചില്ല. ലേലപ്പട്ടികയിൽ 429 ആയിരുന്നു ശ്രീശാന്തിന്റെ സ്ഥാനം. പട്ടികയിൽ ശ്രീശാന്തിന് പിന്നിൽ ഉള്ളവരെ ലേലത്തിൽ വിളിച്ചു. 50 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില.അതേസമയം, കർണാടകയുടെ മലയാളി താരങ്ങളായ കരുൺ നായരെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അമ്പത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കരുണിനെ ഒരു കോടി നാൽപത് ലക്ഷം ചെലവിട്ടാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്.