- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദങ്ങളിൽ അഗ്നിശുദ്ധി വരുത്തിയിട്ടും ശ്രീശാന്തിന് തടസ്സമായത് തലവേദന വേണ്ടെന്ന ടീമുകളുടെ നിലപാട്; അണ്ടർ 19 താരങ്ങൾക്ക് പൊന്നും വില ആയപ്പോൾ 39 കാരനെ എല്ലാവരും മറന്നു; ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടെങ്കിലും ശ്രീശാന്ത് നിരാശനല്ല; ക്ഷീണം, രഞ്ജി ട്രോഫിയിൽ തീർക്കാൻ ഒരുങ്ങി മലയാളി താരം
കൊച്ചി: ഇന്നലെ ഐപിഎൽ താരലേലം അവസാനിക്കുമ്പോൾ വേദനയായി മാറിയത് മലയാളി താരം ശ്രീശാന്തായിരുന്നു. ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവും വിടവാങ്ങലും പ്രതീക്ഷിച്ച ശ്രീക്ക് തിരിച്ചടിയായി മാറിയത് ഫ്രാഞ്ചൈസികളുടെ നിലപാടായിരുന്നു. മുൻകാലങ്ങളിൽ ഐപിഎൽ കോഴ വിവാദത്തിൽ പെട്ട താരത്തെ വീണ്ടും ടീമിൽ എടുത്ത് ഒരു റിസ്ക്കിന് ടീമുകൾ തയ്യാറായിരുന്നില്ല. മാത്രമാല്ല, ശ്രീശാന്തിന്റെ പ്രായവും മുന്നോട്ടുള്ള പ്രയാണത്തിന് തടസമായി മാറി. വിവാദങ്ങളിൽ അഗ്നിശുദ്ധി വരുത്തിയെങ്കിലും ശ്രീശാന്തിനെ എടുക്കാൻ ടീമുകൾ മടി കാണിക്കുകയായിരുന്നു.
സംഭവത്തിൽ നിരാശ ഉണ്ടെങ്കിലും രഞ്ജി ട്രോഫിയിൽ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. പ്രതീ്ക്ഷയോടെ കാത്തിരുന്നിട്ടും ആർക്കും വേണ്ടെന്ന് അറിഞ്ഞിട്ടും തന്നെ പിന്തുണച്ചവർക്ക് ശ്രീ നന്ദി പറഞ്ഞു. തനിക്കു നൽകിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ആരാധകർക്കു നന്ദി അറിയിച്ച മലയാളി പേസർ. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും, തനിക്കു നൽകിയ പിന്തുണയ്ക്കു നന്ദിയെന്നുമായിരുന്നു ട്വീറ്റ്.
50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ പക്ഷേ, ഐപിഎൽ താരലേലത്തിന്റെ 2ാം ദിവസം ആരും ടീമിലെടുത്തില്ല. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി 2008-13 കാലയളവിൽ 44 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. കഴിഞ്ഞ ആഴ്ചയാണു രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ബിസിസിഐ വിലക്കിനെത്തുടർന്ന് 2013 മുതൽ ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യൻഷിപ്, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും ഉൾപ്പെട്ടിരുന്നു. വ്യാഴാഴ്ച രാജ്കോട്ടിൽ മേഖാലയയ്ക്കെതിരായണ് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം.
ശ്രീശാന്ത് ഉൾപ്പെടെ 11 മലയാളിതാരങ്ങളാണ് ഇത്തവണത്തെ ഐ പി എൽ ലേലത്തിൽ പങ്കെടുത്തത്. എന്നാൽ ഇതിൽ വിഷ്ണു വിനോദും കെ എം ആസിഫും ബേസിൽ തമ്പിയും മാത്രമാണ് ഐ പി എൽ ടീമുകളിലേക്ക് സെലക്ഷൻ ലഭിച്ചത്. ബേസിൽ തമ്പിയെ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ കെ എം ആസിഫിനെ ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ആസിഫ്.
അതേ സമയം ഇന്ന് നടന്ന ലേലത്തിൽ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയുമായി എത്തിയ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യൻസ് കൂടി കണ്ണുവച്ചതോടെയാണ് 50 ലക്ഷം വരെ എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ വില സ്വന്തമാക്കിയ ഇഷാൻ കിഷന് ബാക്ക്അപ്പ് ആയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യൻസ് നോട്ടമിട്ടത്.
മുംബയ്ക്ക് നിലവിലെ അവസ്ഥയിൽ ഇഷാൻ കിഷൻ മാത്രമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളിൽ ഉള്ളത്. സമാന അവസ്ഥയിൽ തന്നെയായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദും. 10.75 കോടി മുടക്കി സ്വന്തമാക്കിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാന് പകരമായാണ് വിഷ്ണു വിനോദ് ഹൈദരാബാദ് ടീമിലെത്തുന്നത്.
വിഷ്ണുവിനെ സംബന്ധിച്ച് ഇത്തവണത്തെ ഐ പി എൽ തന്റെ കരിയറിലെ ടേണിങ് പോയിന്റ് ആകാനാണ് സാദ്ധ്യത. കുറച്ചു നാളുകളായി വളരെ മോശം ഫോമിൽ കളിക്കുന്ന പൂരാന് ഐ പി എല്ലിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിഷ്ണുവിന് അവസരം നൽകാൻ ഹൈദരാബാദ് മാനേജ്മെന്റ് മടിച്ചേക്കില്ല. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത വിഷ്ണുവിന്റെ ബാറ്റിങ് ശൈലി ടി ട്വന്റി ക്രിക്കറ്റിന് യോജിച്ച രീതിയിലുള്ളതാണ്.
സ്പോർട്സ് ഡെസ്ക്