- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2022ലെ ഐ.പി.എൽ സീസണിൽ 10 ടീമുകൾ; 94 മത്സരങ്ങൾ; 2028 ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനും ബിസിസഐയുടെ പിന്തുണ
അഹമ്മദാബാദ്: 2022-ലെ ഐ.പി.എൽ സീസണിൽ പത്ത് ടീമുകൾ മാറ്റുരയ്ക്കും. രണ്ടു ടീമുകളെ കൂടി ടൂർണമെന്റിന്റെ ഭാഗമാക്കാനുള്ള നിർദ്ദേശത്തിന് ബി.സി.സിഐ അനുമതി നൽകി. വ്യാഴാഴ്ച അഹമ്മദാബാദിൽ ചേർന്ന ബി.സി.സിഐയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. നേരത്തെ 2011, 2012, 2013 സീസണുകളിൽ ഒമ്പത് ടീമുകൾ വീതം ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
അടുത്ത വർഷത്തെ സീസൺ സാധാരണ പോലെ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് നടക്കും. അടുത്ത സീസണിൽ ഒരു പുതിയ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിപ്പടുക്കുകയെന്നത് ശ്രമകരമാകുമെന്ന തിരിച്ചറിവിലാണ് 2022 സീസണിലേക്ക് നീട്ടിയത്. 2021 സീസണിന് പിന്നാലെ പുതുതായി വരുന്ന രണ്ടു ടീമുകളെ ഉൾക്കൊള്ളിച്ച് ലേലം നടക്കും. രണ്ടു ടീമുകൾ കൂടി കൂടുതലായി വരുന്നതോടെ 2022 സീസണിൽ 94 മത്സരങ്ങളോളം ഉണ്ടാകുമെന്നും ബി.സി.സിഐ അധികൃതർ അറിയിച്ചു
ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്തുന്നതോടെ കേരളത്തിലെ ആരാധകരും പ്രതീക്ഷയിലാണ്. കൊച്ചി ടസ്‌കേഴ്‌സിന് സമാനമായി പുതിയ ഫ്രാഞ്ചൈസികളിൽ ഒന്ന് കേരളത്തിൽ നിന്ന് ഇടംപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടീമുകളുടെ എണ്ണം കൂട്ടുേമ്പാൾ ഹോം-എവേ അടിസ്ഥാനത്തിൽ 94 മത്സരങ്ങൾ കളിക്കേണ്ടി വരും. ടൂർണമെന്റ് പുർത്തീകരിക്കാൻ രണ്ടര മാസമെടുക്കുമെന്നതിനാൽ അന്താരാഷ്ട്ര കലണ്ടറിനെ ബാധിക്കാത്ത രീതിയിലും മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതായി വരും.
2018-2022 കാലയളവിൽ 16,347.50 കോടി രൂപയാണ് സ്റ്റാർ ഇന്ത്യ ബി.സി.സിഐക്ക് നൽകുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കേയും പുതിയ ടീമുകളിൽ കണ്ണുവെച്ചതായാണ് റിപ്പോർട്ട്.
2028 ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ഐസിസിയുടെ ശ്രമത്തെ ബിസിസഐ
പിന്തുണയ്ക്കും. ട്വന്റി20 ക്രിക്കറ്റ് ഒളിംപിക്‌സ് മത്സരങ്ങളുടെ ഭാഗമാക്കാനാണ് ശ്രമം. 2021ൽ ഐസിസി ട്വന്റി20 ലോകകപ്പിനും 2023ൽ ഏകദിന ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നതിനുള്ള നികുതി ഇളവ് സംബന്ധിച്ച് ബിസിസിഐ സെക്രട്ടറിയും ട്രഷററും കേന്ദ്ര സർക്കാരുമായി സംസാരിക്കും.
കോവിഡ് മൂലം ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ സാധിക്കാതിരുന്ന പുരുഷ, വനിതാ ഫസ്റ്റ് ക്ലാസ് താരങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും. ജനുവരിയിൽ സയ്യിദ് മുഷ്താഖ് അലി ചാംപ്യൻഷിപ്പോടെ ആഭ്യന്തര സീസൺ പുനരാരംഭിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
ഐപിഎല്ലിൽ മുൻ വർഷങ്ങളിൽ 60 മത്സരങ്ങളായിരുന്നു ഓരോ സീസണുകളിലുമുണ്ടായിരുന്നത്. ഇതിനനുസരിച്ച ബ്രോഡ്കാസ്റ്റിങ് ചാർജായിരുന്നു ബി.സി.സിഐക്ക് ലഭിച്ചുകൊണ്ടിരുന്നത്. മത്സരം കൂടുന്നതോടെ ഇതും പുനർനിർണയിക്കേണ്ടതായി വരും.
ബിസിസിഐ ജനറൽ മാനേജർ കെ.വി.പി. റാവുവിനെ പിരിച്ചുവിടാൻ യോഗത്തിൽ തീരുമാനമായി. ദേശീയ ടീമിന്റെ സെലക്ഷൻ സമിതിയിലേക്ക് മൂന്നു പേരേ കൂടി നിയോഗിക്കും. മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവരാണ് പരിഗണനയിലുള്ളത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
സ്പോർട്സ് ഡെസ്ക്