മുംബൈ: ഐപിഎൽ ക്വാളിഫയർ, എലിമിനേറ്റർ, ഫൈനൽ മത്സരങ്ങളുടേയും വനിതാ ടി20 ചലഞ്ചിന്റെയും വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎൽ പ്ലേ ഓഫും ഫൈനലും മെയ് 22 മുതൽ 29 വരെ കൊൽക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും.

ഐപിഎല്ലിനെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള ഒന്നാം ക്വാളിഫയർ മെയ് 24ന് കൊൽക്കത്തയിൽ നടക്കും. ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടും. മൂന്നും നാലും ടീമുകൾ തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിനും കൊൽക്കത്ത വേദിയാവും. മെയ് 25നാണ് എലിമിനേറ്റർ മത്സരം.

മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിൽ ജയിക്കുന്ന ടീമും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്ന ടീമും തമ്മിൽ ഏറ്റുമുട്ടും. മെയ് 27ന് അഹമ്മദാബാദിലാണ് മത്സരം. 29ന് നടക്കുന്ന ഐപിഎൽ ഫൈനലിനും അഹമ്മദാബാദ് തന്നെയാണ് വേദിയാവുക.

ഐപിഎൽ ക്വാളിഫയറിനും ഫൈനലിനും ഇടയിൽ വനിതാ താരങ്ങളുടെ ട്വി20 ചലഞ്ച് മത്സരങ്ങൾ നടക്കും. പൂണെ ആയിരിക്കും മത്സരങ്ങൾക്ക് വേദിയാവുക. 23, 24, 26, തീയതികളിൽ ലീഗ് മത്സരങ്ങളും 28ന് ഫൈനലും നടക്കും.

ഐപിഎല്ലിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് മുംബൈയും പൂണെയും ആണ് വേദിയായത്. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂണെയിലെ മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും. കോവിഡ് പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനായാണ് മത്സരങ്ങളെല്ലാം മുംബൈയിൽ ആക്കിയത്. ഇത്തവണ ഹോം എവേ മത്സരങ്ങളെല്ലാം മുംബൈയിലാണ് ടീമുകൾ കളിച്ചത്.