- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൾറൗണ്ട് മികവുമായി ഡെയ്ൻ ബ്രാവോ; പോരാട്ടവീര്യവുമായി റുതുരാജും; ഐപിഎൽ 'എൽ ക്ലാസിക്കോ'യിൽ മുംബൈയെ കീഴടക്കി ചെന്നൈ; ത്രില്ലർ പോരാട്ടത്തിൽ ജയം 20 റൺസിന്; ക്യാപ്റ്റൻസി 'മികവുമായി' വീണ്ടും ധോണി
ദുബായ്: ബാറ്റിംഗിലെ 'പിഴവുകൾക്ക്' ബൗളിംഗിലൂടെ മറുപടി നൽകിയ ചെന്നൈ സൂപ്പർ കിങ്‌സിന് ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിൽ വിജയത്തുടക്കം. ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവെച്ച 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 136 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അർധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ പോരാട്ടം പാഴായി.
ചെന്നൈക്ക് സംഭവിച്ച ബാറ്റിങ് ദുരന്തത്തിന്റെ തനിയാവർത്തനമായിരുന്നു മുംബൈ ഇന്നിങ്‌സിലും. മറുപടി ബാറ്റിംഗിൽ മുംബൈ. 9.2 ഓവറിൽ 58 റൺസിന് നാല് മുൻനിര വിക്കറ്റുകളും വീണു. ഓപ്പണർമാരായ ക്വിന്റൺ ഡികോക്കിനെയും(12 പന്തിൽ 17), അന്മോൽപ്രീത് സിംഗിനെയും(14 പന്തിൽ 16) ദീപക് പുറത്താക്കി. മൂന്നാമൻ സൂര്യകുമാറിന്റെ പോരാട്ടം ഠാക്കൂറിന് മുന്നിൽ മൂന്നിൽ ഒരുങ്ങി. വൈകാതെ ബ്രാവോയ്ക്ക് മുന്നിൽ ഇഷാൻ കിഷനും(10 പന്തിൽ 11) ബാറ്റിങ് പിഴച്ചു.
അഞ്ചാം വിക്കറ്റിൽ സൗരവ് തിവാരിക്കൊപ്പം നായകൻ കീറോൺ പൊള്ളാർഡ് ചേർന്നതോടെ മുംബൈക്ക് ചെറു പ്രതീക്ഷയായി. എന്നാൽ ഹേസൽവുഡ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളി മാറി. ക്രുനാൽ പാണ്ഡ്യയെ(5 പന്തിൽ 4) ബ്രാവോ-ധോണി സഖ്യം റണ്ണൗട്ടാക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്ക് വീണു. സൗരവ് തിവാരിയും ആദം മിൽനെയും പൊരുതി നോക്കിയെങ്കിലും പോരാട്ടം തികയാതെ വന്നു. ബ്രാവോ അവസാന ഓവറിൽ മിൽനെയെയും(15), രാഹുൽ ചഹാറിനെയും(0) പുറത്താക്കി. തിവാരിക്കൊപ്പം(50*) ബുമ്ര(1*) പുറത്താകാതെ നിന്നു. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസൽവുഡും ഠാക്കൂറും ഓരോ വിക്കറ്റും നേടി.
അർധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്വാദിന്റെ പ്രകടനമാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും ചെന്നൈയെ കരകയറ്റിയത്. 58 പന്തിൽ 88 റൺസെടുത്ത് പുറത്താകാതെ നിന്ന ഗെയ്ക്ക് വാദിന്റെയും അവസാന ഓവറുകളിൽ എട്ട് പന്തിൽ 23 റൺസ് അടിച്ചുകൂട്ടിയ ഡെയിൻ ബ്രാവോയുടേയും മികവിലാണ് ചെന്നൈ ഭേദപ്പെട്ട നിലയിലേക്കെത്തിയത്.
24 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്ക് വാദ്-ജഡേജ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 റൺസെടുത്ത ജഡേജയെ ബുംറയാണ് പുറത്താക്കിയത്.
പിന്നാലെയെത്തിയ ബ്രാവോ അവസാന രണ്ട് ഓവറുകളിൽ മൂന്ന് സിക്സ് പറത്തി ചെന്നൈ സ്‌കോർ ഉയർത്തി. ഒരുഭാഗത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും ക്ഷമയോടെ ബാറ്റ് വീശിയ ഗെയ്ക്ക്വാദാണ് ചെന്നൈ സ്‌കോർ 150 കടത്തിയത്. നാല് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു ഗെയ്ക്ക്വാദിന്റെ ഇന്നിങ്സ്.
ഡുപ്ലെസിസും മോയിൻ അലിയും സ്‌കോർ ബോർഡ് തുറക്കുന്നതിന് മുമ്പേ കൂടാരം കയറി. റെയ്ന നാല് റൺസും ധോനി മൂന്ന് റൺസെടുത്തും പുറത്തായി. രണ്ടാം ഓവറിൽ പരിക്കേറ്റ് അമ്പാട്ടി റായ്ഡു മടങ്ങിയതും ചെന്നൈയ്ക്ക് തിരിച്ചടിയായി. മുംബൈയ്ക്കായി ട്രെന്റ് ബോൾട്ടും ആദം മിൽനെയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്