ദുബായ്: ആദ്യ ഓവറിലെ നാലാം പന്തിൽ ഫാഫ് ഡുപ്ലസിയെ നഷ്ടമായിട്ടും പതാറാതെ റോബിൻ ഉത്തപ്പ - റുതുരാജ് ഗെയ്ക്വാദ് കൂട്ടുകെട്ട്. മികച്ച ഫിനിഷറായി വീണ്ടും ധോണിയുടെ 'തിരിച്ചുവരവ്'.
ആദ്യ ക്വാളിഫയറിൽ ഡൽഹിയെ നാല് വിക്കറ്റിന് കീഴടക്കി ഐപിഎൽ പതിനാലാം സീസണിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ് .

ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കിനിൽക്കേ മറികടന്നു. അവസാന ഓവറിൽ എം എസ് ധോണിയുടെ വിന്റേജ് ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം.

തോറ്റെങ്കിലും ഡൽഹിക്ക് ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി നേരിടും.

മികച്ച വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക ആദ്യ ഓവറിലെ നാലാം പന്തിൽ തിരിച്ചടി നൽകിയാണ് നോർജെ തുടങ്ങിയത്. ഒരു റൺസ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോർജെയുടെ പേസിന് മുന്നിൽ ബൗൾഡായി. എന്നാൽ റുതുരാജ് ഗെയ്ക്വാദ്-റോബിൻ ഉത്തപ്പ സഖ്യം പവർപ്ലേ പൂർത്തിയാകുമ്പോൾ 59 റൺസിലെത്തിച്ചു. ഉത്തപ്പയായിരുന്നു കൂടുതൽ അപകടകാരി. നിർണായക മത്സരത്തിൽ ഫോമിലെത്തിയ ഉത്തപ്പ 35 പന്തിൽ അർധ സെഞ്ചുറി തികച്ചു.

ഉത്തപ്പ അമ്പത് പിന്നിട്ടതും ഗെയ്ക്വാദ് ആക്രമണം ആരംഭിച്ചു. 13-ാം ഓവറിൽ സിഎസ്‌കെ 100 തികച്ചു. എന്നാൽ 110 റൺസ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറിൽ ടോം കറന്റെ മൂന്നാം പന്തിൽ ബൗണ്ടറിലൈൻ ക്യാച്ചുമായി ശ്രേയസ് പൊളിച്ചു. 44 പന്തിൽ 63 റൺസെടുത്ത ഉത്തപ്പ പുറത്ത്. തൊട്ടുപിന്നാലെ 37 പന്തിൽ നിന്ന് ഗെയ്ക്വാദ് ഫിഫ്റ്റി പൂർത്തിയാക്കി. സ്ഥാനക്കയറ്റം കിട്ടിയ ഷർദുൽ ഠാക്കൂറാവട്ടെ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ അക്കൗണ്ട് തുറക്കാതെ കറന്റെ ഓവറിലെ അവസാന പന്തിൽ ശ്രേയസിന്റെ കൈകളിലെത്തി.

റബാഡയുടെ അടുത്ത ഓവറിൽ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. ഈ വിക്കറ്റിലും ശ്രേയസ് പങ്കാളിയായിരുന്നു. അവസാന മൂന്ന് ഓവറിൽ 35 റൺസായി ചെന്നൈയുടെ ലക്ഷ്യം. എന്നാൽ ഒരിക്കൽ കൂടി തന്റെ ക്ലാസ് തെളിയിച്ച ഗെയ്ക്വാദ്(50 പന്തിൽ 70) ആവേഷിന്റെ 19-ാം ഓവറിലെ ആദ്യ പന്തിൽ അക്സറിന്റെ ക്യാച്ചിൽ പുറത്തായി. കറന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ മൊയീൻ അലി(12 പന്തിൽ 16) മടങ്ങി. എന്നാൽ മൂന്ന് ബൗണ്ടറികളോടെ 13 റൺസ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും(6 പന്തിൽ 18*), രവീന്ദ്ര ജഡേജയും(0*) പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ടോം കറൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആന്റിച്ച് നോർക്കെ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും നായകൻ ഋഷഭ് പന്തിന്റെയും മികവിലാണ് ഡൽഹി മികച്ച സ്‌കോർ പടുത്തുയർത്തിയത്. ഷിംറോൺ ഹെറ്റ്മെയറും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണറായ പൃഥ്വി ഷാ നൽകിയത്. അനായാസം ബൗണ്ടറികൾ നേടി ഷാ ടീം സ്‌കോർ ഉയർത്തിയപ്പോൾ ശിഖർ ധവാൻ നിരാശപ്പെടുത്തി. വെറും ഏഴ് റൺസ് മാത്രമെടുത്ത ധവാനെ ഹെയ്സൽവുഡ് പുറത്താക്കി. ടീം സ്‌കോർ 36 ൽ നിൽക്കേ ഫോറടിക്കാനുള്ള ധവാന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പർ ധോനിയുടെ കൈയിലെത്തി.

ധവാന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. അയ്യരെ കാഴ്ചക്കാരനാക്കി ഷാ തകർത്തടിച്ചു. ഷായുടെ മികവിൽ വെറും 4.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ശാർദുൽ ഠാക്കൂറിന്റെ പന്തിൽ ഷായെ പുറത്താക്കാനുള്ള അവസരം ധോനി പാഴാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരെ പുറത്താക്കി ഹെയ്സൽവുഡ് ഡൽഹിക്ക് ഇരട്ടപ്രഹരമേകി. എട്ടുപന്തുകളിൽ നിന്ന് വെറും ഒരു റൺസ് മാത്രമെടുത്ത യുവതാരത്തെ ഹെയ്സൽവുഡ് ഋതുരാജ് ഗെയ്ക്വാദിന്റെ കൈയിലെത്തിച്ചു. രണ്ട് വിക്കറ്റ് വീണിട്ടും ഒരറ്റത്ത് നിന്ന് പൊരുതിയ പൃഥ്വി ഷാ 27 പന്തുകളിൽ നിന്ന് അർധശതകം നേടി.

അയ്യർക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ അക്ഷർ പട്ടേലിനും പിടിച്ചുനിൽക്കാനായില്ല. 10 റൺസ് മാത്രമെടുത്ത താരത്തെ മോയിൻ അലി പുറത്താക്കി. പിന്നാലെ അപകടകാരിയായ ഷായെയും മടക്കി ചെന്നൈ മത്സരത്തിൽ പിടിമുറുക്കി. ടീം സ്‌കോർ 80-ൽ നിൽക്കേ ഷായെ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ച് ജഡേജയാണ് ഡൽഹിയെ തകർച്ചയിലേക്ക് തള്ളിയിട്ടത്. 34 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് ഷാ ക്രീസ് വിട്ടത്. ഇതോടെ ഡൽഹിക്ക് നാല് വിക്കറ്റ് നഷ്ടമായി. ക്രീസിൽ നായകൻ ഋഷഭ് പന്തും ഷിംറോൺ ഹെറ്റ്മെയറും ഒന്നിച്ചു. വളരെ ശ്രദ്ധയോടെ കളിച്ച ഇരുവരും 13.2 ഓവറിൽ ടീം സ്‌കോർ 100 കടത്തി. വൈകാതെ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. പതുക്കെ തുടങ്ങിയ പന്തും ഹെറ്റ്മെയറും അവസാന ഓവറുകളിൽ തകർപ്പൻ ഷോട്ടുകൾ കളിച്ചതോടെ ടീം സ്‌കോർ ഉയർന്നു. 17.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു.

എന്നാൽ ഹെറ്റ്മെയറെ പുറത്താക്കി ഡ്വെയ്ൻ ബ്രാവോ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തുകളിൽ നിന്ന് 37 റൺസെടുത്ത ഹെറ്റ്മെയറെ ബ്രാവോ ജഡേജയുടെ കൈയിലെത്തിച്ചു. പന്തിനൊപ്പം 83 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഹെറ്റ്മെയർ ക്രീസ് വിട്ടത്. പിന്നാലെ പന്ത് അർധശതകം നേടി. ഇന്നിങ്സിലെ അവസാന പന്തിലാണ് താരം അർധസെഞ്ചുറി നേടിയത്. ഡൽഹി നായകൻ 35 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത് പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവീന്ദ്ര ജഡേജ, മോയിൻ അലി, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി