- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
57 പന്തിൽ പുറത്താവാതെ 67 റൺസ്; മുന്നിൽ നിന്ന് നയിച്ച് വൃദ്ധിമാൻ സാഹ; ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം; ചെന്നൈയ്ക്ക് സീസണിലെ ഒൻപതാം തോൽവി

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 134 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
57 പന്തിൽ പുറത്താവാതെ 67 റൺസ് നേടിയ വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മത്സരങ്ങളിൽ 20 പോയിന്റായി. ഇത്രയും മത്സരങ്ങളിൽ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്. സീസണിൽ ഒൻപതാം തോൽവിയാണ് ചെന്നൈ നേരിട്ടത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ സാഹ- ശുഭ്മാൻ (18) സഖ്യം 59 റൺസ് കൂട്ടിചേർത്തു. എന്നാൽ ഗില്ലിനെ പുറത്താക്കി പതിരാന ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി ക്രീസിലെത്തിയ മാത്യൂ വെയ്ഡും (15 പന്തിൽ 20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ മൊയീൻ അലിക്ക് വിക്കറ്റ് നൽകി വെയ്ഡും മടങ്ങി.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും (ആറ് പന്തിൽ 7) കൂടുതലൊന്നും ചെയ്യാൻ സാധിച്ചില്ല. പതിരാന തന്നെ ഗുജറാത്തിനെ തിരിച്ചയച്ചു. എന്നാൽ കൂടുതൽ നഷ്ടങ്ങളുണ്ടാവാൻ സാഹയും ഡേവിഡ് മില്ലറും () സമ്മതിച്ചില്ല. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സാഹയുടെ ഇന്നിങ്സ്.
49 പന്തിൽ 53 റൺസ് നേടിയ റിതുരാജ് ഗെയ്കവാദാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. മുഹമ്മദ് ഷമി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നാരായൺ ജഗദീഷൻ (33 പന്തിൽ 39), മൊയീൻ അലി (17 പന്തിൽ 21) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാർ. ഡെവോൺ കോൺവെ (5), ശിവം ദുബെ (0), എം എസ് ധോണി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കോൺവെ, ധോണി എന്നിവരെയാണ് ഷമി പുറത്താക്കിയത്. ജഗദീഷനൊപ്പം മിച്ചൽ സാന്റ്നർ (1) പുറത്താവാതെ നിന്നു. റാഷിദ് ഖാൻ, അൽസാരി ജോസഫ്, സായ് കിഷോർ എന്നിവർ ഒരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വെയ്ൻ ബ്രാവോ, മഹീഷ തീക്ഷണ എന്നിവർ പുറത്തായി. ജഗദീഷൻ, പ്രശാന്ത് സോളങ്കി, മിച്ചൽ സാന്റ്നർ, മഹീഷ പതിരാന എന്നിവർ ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിരുന്നില്ല.


