മുംബൈ: ഐപിഎല്ലിൽ 15-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മുൻനിര തകർന്നടിഞ്ഞിട്ടും മുൻ നായകൻ എം എസ് ധോണിയുടെ ബാറ്റിങ് കരുത്തിൽ 132 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ എം.എസ് ധോനിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 38 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം ധോനി 50 റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ധോനിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ധോണിയിൽനിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രവീന്ദ്ര ജഡേജ 26 റൺസുമായി ധോണിയുടെ രക്ഷാപ്രവർത്തനത്തിന് കൂട്ടുനിന്നു. 28 പന്തുകൾ നേരിട്ട ജഡേജ അവസാന പന്തിൽ നേടിയ സിക്‌സർ സഹിതമാണ് 26 റൺസെടുത്തത്. പിരിയാത്ത ആറാം വിക്കറ്റിൽ ധോണി ജഡേജ സഖ്യം കൂട്ടിച്ചേർത്ത 70 റൺസാണ് ചെന്നൈ ഇന്നിങ്‌സിലെ ഉയർന്ന കൂട്ടുകെട്ട്. 56 പന്തിലാണ് ഇരുവരും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തത്.

കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ കൂടിയായ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഓവറിൽത്തന്നെ ഡക്കിനു പുറത്തായി. നാലു പന്തു നേരിട്ടാണ് ഗെയ്ക്വാദ് റണ്ണെടുക്കാനാകാതെ പുറത്തായത്. ഓപ്പണർ ഡിവോൺ കോൺവേയും നിരാശപ്പെടുത്തി. എട്ടു പന്തിൽ നേടിയത് മൂന്നു റൺസ് മാത്രം. ഓൾറൗണ്ടർ ശിവം ദുബെയാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ആറു പന്തിൽ നേടിയത് മൂന്നു റൺസ്. അഞ്ചാം ഓവറിൽ ഉമേഷ് യാദവാണ് കോൺവെയെ മടക്കിയത്. ഋതുരാജിനെ പുറത്താക്കിയതും ഉമേഷ് തന്നെ.

തുടർന്ന് മികച്ച തുടക്കമിട്ട റോബിൻ ഉത്തപ്പയെ മടക്കി വരുൺ ചക്രവർത്തി ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത ഉത്തപ്പയെ എട്ടാം ഓവറിൽ വരുണിന്റെ പന്തിൽ ഷെൽഡൻ ജാക്ക്സൺ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് അമ്പാട്ടി റായുഡു റണ്ണൗട്ടായതും ചെന്നൈക്ക് തിരിച്ചടിയായി.

17 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 15 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം. പിന്നീടെത്തിയ ശിവം ദുബെയും (3) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ജഡേജ - ധോനി സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

പുതിയ ക്യാപ്റ്റന്മാർക്കു കീഴിലാണ് ഇരു ടീമും ഇത്തവണ കളത്തിലിറങ്ങുന്നത്. ഇതിഹാസ താരം എം.എസ് ധോനിയിൽ നിന്ന് ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തിരിക്കുന്നത് രവീന്ദ്ര ജഡേജയാണ്. മറുവശത്തുകൊൽക്കത്തയെ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരാണ് നയിക്കുന്നത്.