മുംബൈ: ഐപിഎല്ലിൽ ആദ്യജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്സും ലഖ്നൗ സൂപ്പർ ജയന്റ്സും പരസ്പരം ഏറ്റുമുട്ടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. കൊൽക്കത്തയോട് തോറ്റാണ് ചെന്നൈ വരുന്നതെങ്കിൽ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസിന് മുന്നിലാണ് രാഹുലിന്റെ ലഖ്നൗ തോൽവി വഴങ്ങിയത്.

മുൻനിരയുടെ പരാജയം തന്നെയാണ് രണ്ട് ടീമുകളെയും അലട്ടുന്ന പ്രശ്നം. മൊയീൻ അലിയും പ്രിട്ടോറിയസും ക്വാറന്റീൻ പൂർത്തിയാക്കിയതിനാൽ ലഖ്നൗവിനെതിരെ ചെന്നൈ ടീമിൽ മാറ്റമുറപ്പ്. ക്യാപ്റ്റന്റെ സമ്മർദ്ദമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയർന്നത് ചെന്നൈയ്ക്ക് ആശ്വാസം.

മുൻനിര കൂടി ഉത്തരവാദിത്തം കാട്ടിയാൽ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീൻ അലി കൂടിയെത്തുന്നതോടെ ബൗളിംങ്ങിൽ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല.

ക്വിന്റൺ ഡി കോക്കും ക്യാപ്റ്റൻ കെ എൽ രാഹുലും ഫോമിലെത്തിയാൽ ലഖ്നൗവിന് പ്രതീക്ഷ വയ്ക്കാം. എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാൻ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാൻ ചമീര, രവി ബിഷ്ണോയ് എന്നിവരിലാണ് ബൗളിംഗിൽ പ്രതീക്ഷ. പിന്തുടരുന്ന ടീമുകൾക്ക് ഈർപ്പത്തിന്റെ ആനുകൂല്യം കിട്ടുമെന്നതിനാൽ ടോസും നിർണായകം.