മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ നാലു തോൽവിക്കൊടുവിൽ സീസണിലെ ആദ്യ ജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റൺസിന് കീഴടക്കിയാണ് ചെന്നൈ ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ശിവം ദുബെയുടെയും റോബിൻ ഉത്തപ്പയുടെയും വെടിക്കെട്ട് അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 27 പന്തിൽ 41 റൺസെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. സ്‌കോർ ചെന്നൈ 20 ഓവറിൽ 216-4, ബാംഗ്ലൂർ 20 ഓവറിൽ 193-9.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ 200-ാം ഐ.പി.എൽ മത്സരത്തിൽ നായകനായി ആദ്യ വിജയം നേടാൻ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചു. അർധസെഞ്ചുറികൾ നേടിയ ശിവം ദുബെയും റോബിൻ ഉത്തപ്പയും നാലുവിക്കറ്റെടുത്ത മഹീഷ് തീക്ഷണയുമാണ് ചെന്നൈയുടെ വിജയശിൽപ്പികൾ. ഈ വിജയത്തോടെ ചെന്നൈ മുംബൈ ഇന്ത്യൻസിനെ മറികടന്ന് പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി.

217 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ പാളി. ടീം സ്‌കോർ 14-ൽ നിൽക്കേ നായകൻ ഫാഫ് ഡുപ്ലെസ്സിയെ മഹീഷ് തീക്ഷണ പുറത്താക്കി. വെറും എട്ട് റൺസെടുത്ത ഡുപ്ലെസ്സിയെ തീക്ഷണ ക്രിസ് ജോർദാന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന വിരാട് കോലി നിരാശപ്പെടുത്തി. വെറും ഒരു റൺ മാത്രമെടുത്ത കോലിയെ മുകേഷ് ചൗധരി ശിവം ദുബെയുടെ കൈയിലെത്തിച്ചു.

പിന്നാലെ വന്ന ഗ്ലെൻ മാക്സ്വെൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബാംഗ്ലൂർ ഇന്നിങ്സിന് ജീവൻ വെച്ചു. പക്ഷേ മറുവശത്ത് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ അനൂജ് റാവത്തിനെ തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കി. വെറും 12 റൺസാണ് താരത്തിന്റെ സമ്പാദ്യം.

വൈകാതെ മാക്സ്വെല്ലും പുറത്തായി. 11 പന്തുകളിൽ നിന്ന് 26 റൺസെടുത്ത മാക്സ്വെല്ലിനെ നായകൻ ജഡേജ ക്ലീൻബൗൾഡാക്കി. ഇതോടെ ബാംഗ്ലൂർ അപകടം മണത്തു. ടീം സ്‌കോർ 50 ന് നാല് എന്ന നിലയിലായി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ഷഹബാസ് അഹമ്മദും പുതുമുഖതാരം സുയാഷ് പ്രഭുദേശായിയും ചേർന്ന് ബാംഗ്ലൂരിനെ രക്ഷിച്ചു. ഇരുവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ടീം സ്‌കോർ 100 കടത്തുകയും ചെയ്തു.

എന്നാൽ പ്രഭുദേശായിയെ ക്ലീൻ ബൗൾഡാക്കി തീക്ഷണ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളിൽ നിന്ന് 34 റൺസെടുത്ത യുവതാരം അരങ്ങേറ്റം മോശമാക്കിയില്ല. തീക്ഷണയ്ക്ക് പകരം ദിനേശ് കാർത്തിക്ക് ക്രീസിലെത്തി. കാർത്തിക്കിനെ അനായാസം പുറത്താക്കാനുള്ള അവസരം മുകേഷ് ചൗധരി പാഴാക്കി. പക്ഷേ തൊട്ടടുത്ത പന്തിൽ ഷഹബാസിനെ മടക്കി തീക്ഷണ മത്സരത്തിലെ നാലാം വിക്കറ്റെടുത്തു.

27 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ഷഹബാസിനെ തീക്ഷണ ക്ലീൻ ബൗൾഡാക്കി. ഷഹബാസിന് പകരം വാനിൻഡു ഹസരംഗ ക്രീസിലെത്തി. ഒരു സിക്സടിച്ച് ഹസരംഗ പ്രതീക്ഷ നൽകിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും ഏഴ് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ മങ്ങി. പിന്നാലെ വന്ന ആകാശ് ദീപ് നേരിട്ട രണ്ടാം പന്തിൽ ജഡേജയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരു വശത്ത് കാർത്തിക്ക് പുറത്താവാതെ പിടിച്ചുനിന്നു. മുകേഷ് ചൗധരി ചെയ്ത 17-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സടിച്ച കാർത്തിക്ക് മൂന്നാം പന്തിൽ ഫോറടിച്ചു. ആ ഓവറിൽ 23 റൺസാണ് കാർത്തിക്ക് അടിച്ചെടുത്തത്. ഇതോടെ മൂന്നോവറിൽ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 48 ആയി ചുരുങ്ങി.

പക്ഷേ 18-ാം ഓവറിൽ അപകടകാരിയായ കാർത്തിക്കിനെ മടക്കി ഡ്വെയ്ൻ ബ്രാവോ മത്സരം ചെന്നൈയ്ക്ക് സമ്മാനിച്ചു. വെറും 14 പന്തുകളിൽ നിന്ന് 34 റൺസെടുത്ത കാർത്തിക്ക് സിക്സ് നേടാനുള്ള ശ്രമത്തിൽ ജഡേജ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ ചെന്നൈ വിജയമുറപ്പിച്ചു. ഹെയ്സൽവുഡും (7) സിറാജും (14) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 216 റൺസെടുത്തത്. 46 പന്തിൽ 95 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്‌കോറർ. റോബിൻ ഉത്തപ്പ 50 പന്തിൽ 88 റൺസടിച്ചു. നാലാം വിക്കറ്റിൽ ഉത്തപ്പ-ദുബെ സഖ്യം 155 റൺസടിച്ചതാണ് ചെന്നൈയ്ക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്.

ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും റോബിൻ ഉത്തപ്പയും ചേർന്ന് നൽകിയത്. ഉത്തപ്പയെ കാഴ്ചക്കാരനാക്കി ഋതുരാജ് നന്നായി തുടങ്ങി. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി.

ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരം കളിച്ച ഹെയ്സൽവുഡ് നാലാം ഓവറിൽ ഋതുരാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. 17 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മോയിൻ അലി അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. വെറും മൂന്ന് റൺസെടുത്ത അലിയെ പുതുമുഖതാരം പ്രഭുദേശായി റൺഔട്ടാക്കുകയായിരുന്നു. ഇതോടെ ചെന്നൈ രണ്ട് വിക്കറ്റിന് 36 റൺസ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

എന്നാൽ ഉത്തപ്പയ്ക്ക് കൂട്ടായി ശിവം ദുബെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. അനായാസം ബാറ്റിങ് തുടർന്ന ഇരുവരും ബാംഗ്ലൂർ ബൗളർമാരെ നന്നായി തന്നെ നേരിട്ടു. 13-ാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലിനെ മൂന്ന് തവണ സിക്സിന് പറത്തി ഉത്തപ്പ ടീം സ്‌കോർ 100 കടത്തി.

15-ാം ഓവറിൽ ഉത്തപ്പ അർധശതകം നേടി. വെറും 34 പന്തുകൾ മാത്രമാണ് 50 റൺസിലെത്താൻ ഉത്തപ്പയ്ക്ക് വേണ്ടിവന്നത്. അതേ ഓവറിൽ ദുബെയും അർധസെഞ്ചുറി നേടി. ദുബെയ്ക്ക് ഈ നേട്ടത്തിലെത്താൻ വെറും 30 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. വെറും 54 പന്തുകളിൽ നിന്നാണ് ഉത്തപ്പയും ദുബെയും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.

100 റൺസിലെത്താൻ ചെന്നൈയ്ക്ക് 13 ഓവറുകളാണ് വേണ്ടിവന്നതെങ്കിൽ പിന്നീടുള്ള 50 റൺസ് നേടാൻ വെറും 13 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. മിക്ക പന്തുകളും ബൗണ്ടറിയിലേക്ക് പായിച്ച് ഉത്തപ്പയും ദുബെയും നിറഞ്ഞാടി. 17-ാം ഓവറിൽ ഉത്തപ്പയെ സിറാജ് പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിധിച്ചു.

18.3 ഓവറിൽ ചെന്നൈ 200 മറികടന്നു. 100-ൽ നിന്ന് 200-ൽ എത്താൻ ചെന്നൈയ്ക്ക് വെറും 33 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. ഒടുവിൽ 19-ാം ഓവറിൽ ഉത്തപ്പയെ മടക്കി വാനിൻഡു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളിൽ നിന്ന് 88 റൺസെടുത്ത ഉത്തപ്പയെ ഹസരംഗ കോലിയുടെ കൈയിലെത്തിച്ചു. നാല് ഫോറിന്റെയും ഒൻപത് പടുകൂറ്റൻ സിക്സിന്റെയും അകമ്പടിയോടെയാണ് ഉത്തപ്പ 88 റൺസെടുത്ത്. തൊട്ടടുത്ത പന്തിൽ രവീന്ദ്ര ജഡേജയെയും മടക്കി ഹസരംഗ ബാംഗ്ലൂരിന് ആശ്വാസം പകർന്നു.

അവസാന ഓവറിൽ നന്നായി കളിച്ചെങ്കിലും ദുബെയ്ക്ക് അർഹിച്ച സെഞ്ചുറി നഷ്ടമായി. അവസാന പന്തിൽ ദുബെ ഹെയ്സൽവുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും 46 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും എട്ട് സിക്സിന്റെയും അകമ്പടിയോടെ 94 റൺസെടുത്താണ് ദുബെ ക്രീസ് വിട്ടത്.