- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടി ബൗളർമാർ; ചെറുത്തുനിന്നത് ശിഖർ ധവാനും ശ്രേയസ് അയ്യരും മാത്രം; രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്ക് 136 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഗില്ലും അയ്യരും
ഷാർജ: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 136 റൺസ് വിജയലക്ഷ്യം. ഷാർജയിലെ സ്ലോ പിച്ചിൽ ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നായകൻ ഒയിൻ മോർഗന്റെ തീരുമാനം ശരിവച്ച് കൊൽക്കത്ത ബൗളർമാർ പന്തെറിഞ്ഞതോടെ ഡൽഹി സ്‌കോർ 20 ഓവറിൽ 135 റൺസിലൊതുങ്ങി. 36 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 27 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിർണായകമായി. കൊൽക്കത്തക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ നാലോവറിൽ 32 റൺസെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഷായെ മടക്കി വരുൺ ചക്രവർത്തി ഡൽഹിയെ തളർത്തി. 12 പന്തുകളിൽ നിന്ന് 18 റൺസെടുത്ത താരത്തെ വരുൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ഷായ്ക്ക് പകരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവർപ്ലേയിൽ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തു.7.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു. സ്റ്റോയിനിസും ധവാനും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ഡൽഹി റൺറേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറിൽ 65 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
സ്‌കോർ 71 -ൽ നിൽക്കേ 23 പന്തുകളിൽ നിന്ന് 18 റൺസെടുത്ത സ്റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡൽഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്‌കോർ ഉയർത്താൻ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ അതിന് അനുവദിച്ചില്ല.
15-ാം ഓവറിലെ ആദ്യ പന്തിൽ ക്ഷമയോടെ പിടിച്ചുനിന്ന ശിഖർ ധവാനെ വരുൺ ചക്രവർത്തി പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാൻ ഷാക്കിബ് അൽ ഹസ്സന് ക്യാച്ച് നൽകി മടങ്ങി. 39 പന്തുകളിൽ നിന്ന് 36 റൺസെടുത്താണ് താരം മടങ്ങിയത്. ധവാൻ മടങ്ങുമ്പോൾ ഡൽഹി 83 റൺസ് മാത്രമാണെടുത്തത്.
പിന്നാലെ വന്ന ഡൽഹി നായകൻ ഋഷഭ് പന്തിനും പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെർഗൂസൻ രാഹുൽ ത്രിപാഠിയുടെ കൈയിലെത്തിച്ചു. ഇതോടെ ഡൽഹി 15.2 ഓവറിൽ 90 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പന്തിന് പകരം വന്ന ഷിംറോൺ ഹെറ്റ്മെയറെ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാൻ ഡൽഹിക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോർ 100 കടന്നത്. പിന്നാലെ രണ്ട് സിക്സടിച്ച് ഹെറ്റ്മെയർ സ്‌കോർ ഉയർത്തി. എന്നാൽ 19-ാം ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്മെയറെ വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. 10 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്.
അവസാന ഓവറിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോർ 130 കടത്തിയത്. ശ്രേയസ് 30 റൺസെടുത്തും അക്ഷർ പട്ടേൽ നാല് റൺസ് നേടിയും പുറത്താവാതെ നിന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാലോവറിൽ 26 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശിവം മാവി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്പോർട്സ് ഡെസ്ക്