മുംബൈ: ഡൽഹി ക്യാപിറ്റൽസ് ടീം അംഗങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് വിരാമം. ഡൽഹി ക്യാപിറ്റൽസിന്റെ വിദേശ താരമായ മിച്ചൽ മാർഷ് ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാൽ ആർടിപിസിആർ ടെസ്റ്റിൽ താരം കോവിഡ് നെഗറ്റീവ് ആണെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ ബുധനാഴ്‌ച്ച പുണെയിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം നടക്കും.

ഡൽഹി ടീം ഫിസിയോ പാട്രിക് ഫർഹാർട്ടിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അദ്ദേഹം ഐസൊലേഷനിലാണ്. പിന്നാലെയാണ് മിച്ചൽ മാർഷും പോസിറ്റീവ് ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ ടീം പുണെയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.

ടീമംഗങ്ങൾ റൂം ക്വാറന്റെയ്നിലേക്ക് മാറുകയും ചെയ്തു. തുടർന്ന് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ടീമിലെ താരങ്ങളെല്ലാം നെഗറ്റീവ് ആണെന്ന് വ്യക്തമായി. നിലവിൽ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലാണ് ടീം തങ്ങുന്നത്.

ബിസിസിഐയുടെ നിയമപ്രകാരം കോവിഡിനെത്തുടർന്ന് ടീമുകൾക്ക് താരങ്ങളെ ഇറക്കാനാകാത്ത സാഹചര്യമാണെങ്കിൽ മത്സരം മാറ്റിവെയ്ക്കും. ഇതു നടത്താനാകാത്ത സാഹചര്യത്തിൽ ഐപിഎൽ ടെക്നിക്കൽ കമ്മിറ്റിയാകും അന്തിമ തീരുമാനം എടുക്കുക.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ നേരത്തെ അനുമതി നൽകിയിരുന്നു.