- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിന്നുന്ന തുടക്കമിട്ട് കോൺവെ- റിതുരാജ് സഖ്യം; 66 പന്തിൽ 110 റൺസ് കൂട്ടുകെട്ട്; വീണ്ടും ഫിനിഷിങ് മികവുമായി ധോനി; ചെന്നൈക്കെതിരെ ഡൽഹിക്ക് 209 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ റൺമല ഉയർത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് അടിച്ചെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് ഡെവോൺ കോൺവെയുടെ (49 പന്തിൽ 87) ഇന്നിങ്സാണ് തുണയായത്. റിതുരാജ് ഗെയ്കവാദ് (33 പന്തിൽ 41), ശിവം ദുബെ (19 പന്തിൽ 32) എന്നിവരാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ആന്റിച്ച് നോർജെ മൂന്നും ഖലീൽ അഹമ്മ് രണ്ടും വിക്കറ്റെടുത്തു.
നേരത്തെ, മുംബൈ, ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ചെന്നൈ ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജ പുറത്തായി. ശിവം ദുബെ തിരിച്ചെത്തി. ഡൽഹി ടീമിൽ രണ്ട് മാറ്റമുണ്ട്. കെ എസ് ഭരത്, അക്സർ പട്ടേൽ എന്നിവർ ടീമിലെത്തി.
49 പന്തിൽ നിന്ന് അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ഡെവോൺ കോൺവെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഋതുരാജ് ഗെയ്ക്വാദ് - കോൺവെ സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 66 പന്തിൽ നിന്നും ഇരുവരും 110 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് 41 റൺസെടുത്ത ഗെയ്ക്വാദിനെ മടക്കി ആന്റിച്ച് നോർക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ഇതിനിടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോൺവെയെ 17-ാം ഓവറിൽ ഖലീൽ അഹമ്മദ് മടക്കി. 19 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റൺസെടുത്ത ദുബെയെക്കൊപ്പം രണ്ടാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് കോൺവെ മടങ്ങിയത്.
18-ാം ഓവറിൽ ദുബെയും 19-ാം ഓവറിൽ അമ്പാട്ടി റായുഡുവും (5) മടങ്ങി. തുടർന്നെത്തിയ മോയിൻ അലിക്കും (9) റോബിൻ ഉത്തപ്പയ്ക്കും (0) തിളങ്ങാനായില്ല. എന്നാൽ തന്റെ ഫിനിഷിങ് മികവ് ഒരിക്കൽ കൂടി പുറത്തെടുത്ത എം.എസ് ധോനി വെറും എട്ട് പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 21 റൺസെടുത്ത് ചെന്നൈയെ 200 കടത്തി.ഡൽഹിക്കായി നോർക്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.


