ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

തുടർച്ചയായ രണ്ടാം ഫൈനലും ആദ്യ കിരീടവും ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. നാലാം കിരീടത്തോടെ 'തിരിച്ചവരവിൽ' കരുത്തറിയിക്കാനാണ് ധോണിയുടെ സംഘം ഇറങ്ങുന്നത്. ഐപിഎല്ലിൽ 8 തവണ ഫൈനൽ കളിക്കുകയും 3 പ്രാവശ്യം ജേതാക്കളാവുകയും ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം തിരിച്ചുപിടിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇന്നു ജയിക്കുന്ന ടീം നേരിട്ടു ഫൈനലിലെത്തും. തോൽക്കുന്ന ടീമിനു ഫൈനൽ കളിക്കാൻ 2ാം ക്വാളിഫയറിലൂടെ ഒരു അവസരം കൂടി കിട്ടും. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.

സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഡൽഹി ഫൈനലിൽ എത്തുന്നത് പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായി. രണ്ടാം സ്ഥാനക്കാരായ ചെന്നൈ അവസാന മൂന്ന് കളിയും തോറ്റ ക്ഷീണത്തിലും. പൃഥ്വി ഷോയും ശിഖർ ധവാനും നൽകുന്ന ഉറച്ച തുടക്കവും ശ്രേയസ് അയ്യരുടെയും ക്യാപ്റ്റൻ റിഷഭ് പന്തിന്റെയും അവസരോചിത ബാറ്റിംഗുമാണ് ഡൽഹിയുടെ കരുത്ത്. മൂന്ന് വിദേശ താരങ്ങളുമായി കളിക്കുന്ന ഡൽഹി നിരയിലേക്ക് മാർക്കസ് സ്റ്റോയിസ് തിരിച്ചെത്തിയേക്കും.

എന്നാൽ, ക്യാപ്റ്റൻ ഋഷഭ് പന്ത് ഫോമിലേക്കെത്താത്തതും ശ്രേയസ് അയ്യർ പ്രഭാവം പുറത്തെടുക്കാത്തതും ഷിമ്രോൺ ഹെറ്റ്മയറിന്റെ ഫോമിന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതും ഡൽഹിക്കു തലവേദനയാണ്. അക്ഷർ പട്ടേലും ആർ.അശ്വിനും കറക്കി വീഴ്‌ത്താൻ മിടുക്കർ. ആന്റിക് നോർട്യ, ആവേശ് ഖാൻ, കഗീസോ റബാദ പേസ് സഖ്യം ഏതുനിരയ്ക്കും ഭീഷണി.

റിതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ഫോമിലാണെങ്കിലും ചെന്നൈയുടെ മധ്യനിര ഉറച്ചിട്ടില്ല. റെയ്‌ന, റായുഡു, മൊയീൻ അലി എന്നിവരുടെ പ്രകടനത്തിൽ ആശങ്ക. ക്യാപ്റ്റൻ ധോണി റൺകണ്ടെത്താൻ പാടുപെടുന്നു. റോബിൻ ഉത്തപ്പയെ വീണ്ടും പരീക്ഷിച്ചേക്കും. രവീന്ദ്ര ജഡേജയുടേയും ഡ്വയിൻ ബ്രാവോയുടേയും ഓൾറൗണ്ട് മികവും നിർണായകമാവും.

ഐപിഎലിലെ നേർക്കുനേർ പോരാട്ടത്തിൽ ചെന്നൈയ്ക്കാണു മേൽക്കൈ. പക്ഷേ, ഏറ്റവും ഒടുവിൽ 4 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഡൽഹിക്കൊപ്പമായിരുന്നു. ഈ സീസണിൽ ഇന്ത്യയിലും യുഎഇയിലും ഡൽഹി ജയിച്ചു. 2ാം ഘട്ടത്തിൽ ചെന്നൈയെ 3 വിക്കറ്റിനു മറികടന്ന ദുബായിൽ തന്നെയാണ് ഇന്നത്തെ കളിയെന്നതും ഡൽഹിക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്.

കഴിഞ്ഞ ദിവസത്തെ അവസാന മത്സരത്തിൽ അവസാന പന്തിൽ ബാംഗ്ലൂരിനോടു തോൽവി വഴങ്ങിയതിന്റെ ക്ഷീണം ഒഴിച്ചുനിർത്തിയാൽ ഈ സീസണിൽ സ്ഥിരതയുടെ കാര്യത്തിൽ ഡൽഹിയാണു മുന്നിൽ. ലീഗിലെ ഒന്നാം സ്ഥാനക്കാരും ഡൽഹിതന്നെ. 4 തോൽവി വഴങ്ങിയ ചെന്നൈ പോയിന്റ് പട്ടികയിൽ 2ാം സ്ഥാനത്താണ്.

ഇതു 11ാം തവണയാണു ചെന്നൈ ഐപിഎൽ പ്ലേഓഫ് കളിക്കുന്നത്. 12 തവണ മത്സരിച്ചതിൽ കഴിഞ്ഞ സീസണിൽ മാത്രമാണ് അവർ പ്ലേഓഫ് കാണാതെ പുറത്തായത്. ഡൽഹി 6ാം തവണയാണു പ്ലേഓഫിൽ മത്സരിക്കുന്നത്. ഇത്തവണത്തേതു തുടർച്ചയായ 3ാം പ്ലേഓഫാണ്.