ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 33 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ പൊരുതിയെങ്കിലും മറ്റാരും പിന്തുണ നൽകിയില്ല. സഞ്ജു 53 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 70 റൺസ് നേടി പുറത്താവാതെ നിന്നു. സഞ്ജുവൊഴികെ മറ്റ് ബാറ്റ്സ്മാന്മാർക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. സഞ്ജുവും ലോംറോറും മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത്.

 

ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ ടീമിന് വിജയം സമ്മാനിച്ചു. ഡൽഹിക്ക് വേണ്ടി നോർക്കെ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആവേശ് ഖാൻ, റബാദ, അശ്വിൻ, അക്ഷർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സ്‌കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 154-6, രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 121-6.

ജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡൽഹി ക്യാപിറ്റൽസ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഡൽഹി പ്ലേ ഓഫ് ബർത്തും ഉറപ്പിച്ചു.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലിയാം ലിവിങ്സ്റ്റണെ(1) മടക്കി ഡൽഹിയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. രണ്ടാം ഓവറിൽ ആന്റിച്ച് നോർട്യ യശസ്വി ജയ്‌സ്വാളിനെ(5)യും മടക്കിയതോടെ രാജസ്ഥാൻ ഞെട്ടി. അഞ്ചാം ഓവരിൽ അപകടകാരിയായ ഡേവിഡ് മില്ലർ അശ്വിന്റെ പന്തിൽ വീണു.

പിന്നാലെ മഹിപാൽ ലോമറോറും സഞ്ജു സാംസണും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. സ്‌കോർ 50 കടക്കും മുമ്പ് ലോമറോറിനെ(19) മടക്കി റബാഡ രാജസ്ഥാന് നാലാം പ്രഹരമേൽപ്പിച്ചു. പിന്നാലെ റിയാൻ പരാഗും(2) മടങ്ങിയതോടെ രാജസ്ഥാൻ 100 പോലും കടക്കില്ലെന്ന് കരുതി.

മറുവശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ഒരറ്റം കാത്ത സഞ്ജു സാംസൺ 39 പന്തിൽ അർധസെഞ്ചുറിയിലെത്തി. രാഹുൽ തിവാട്ടിയക്കൊപ്പം 45 റൺസ് കൂട്ടുകെട്ടുയർത്തിയ സഞ്ജു രാജസ്ഥാനെ 100ന് അടുത്തെത്തിച്ചു. തിവാട്ടിയയും മടങ്ങിയതോടെ തോൽവി ഉറപ്പിച്ച രാജസ്ഥാന്റെ തോൽവിഭാരം കുറക്കാൻ മാത്രമെ സഞ്ജുവിനായുള്ളു.

 

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്‌കോറിനൊതുക്കിയത്. ശ്രേയസ്സ് അയ്യരും ഷിംറോൺ ഹെറ്റ്മെയറും മാത്രമാണ് ഡൽഹിക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ ധവാനെ വീഴ്‌ത്തി കഴിഞ്ഞ മത്സരത്തിലെ ഹീറോ കാർത്തിക് ത്യാഗി ഡൽഹിക്ക് തിരിച്ചടി സമ്മാനിച്ചു. സ്‌കോർ 18-ൽ നിൽക്കേ വെറും എട്ട് റൺസ് മാത്രമെടുത്ത ധവാനെ ത്യാഗി ബൗൾഡാക്കുകയായിരുന്നു. ത്യാഗിയുടെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ധവാന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റിലിടിച്ചു. മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്താൻ ത്യാഗിക്ക് സാധിച്ചു.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ പൃഥ്വി ഷായെയും പറഞ്ഞയച്ച് രാജസ്ഥാൻ മത്സരത്തിൽ ആധിപത്യം പുലർത്തി. ചേതൻ സക്കറിയയുടെ പന്തിൽ സിക്സ് നേടാനുള്ള ഷായുടെ ശ്രമം പാളി. പന്ത് അനായാസം ലിവിങ്സ്റ്റൺ കൈയിലൊതുക്കി. വെറും 10 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ഡൽഹി സ്‌കോർ 21 ന് രണ്ട് എന്ന നിലയിലേക്ക് വീണു.

രണ്ടു വിക്കറ്റുകൾ വീണ ശേഷം ഡൽഹിക്കായി നായകൻ ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് നേടിയത്.

തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണതിനാൽ പന്തും ശ്രേയസ്സും അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിൽ റൺറേറ്റ് നന്നായി കുറഞ്ഞു. 8.2 ഓവറിലാണ് ടീം സ്‌കോർ 50 കടന്നത്. എന്നാൽ പതിയേ ഡൽഹി ട്രാക്കിലേക്ക് കയറി. ശ്രേയസ്സ് ആക്രമിച്ച് കളിക്കാൻ ആരംഭിച്ചതോടെ റൺറേറ്റ് ഉയർന്നു. പന്തിനൊപ്പം താരം അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

എന്നാൽ ഡൽഹിയെ ഞെട്ടിച്ചുകൊണ്ട് മുസ്താഫിസുർ റഹ്‌മാൻ ഋഷഭ് പന്തിന്റെ വിക്കറ്റ് പിഴുതു. 24 റൺസെടുത്ത ഡൽഹി നായകൻ ഷോർട്ട് പിച്ച് പന്ത് ബൗണ്ടറി നേടാൻ ശ്രമിക്കവേ പന്ത് ബാറ്റിലുരസി വിക്കറ്റും കൊണ്ട് പോയി. തകർച്ചയിൽ നിന്നും കരകയറി വന്ന ഡൽഹിക്ക് വലിയ തിരച്ചടിയാണ് ഈ വിക്കറ്റ് സമ്മാനിച്ചത്.

ഡൽഹിക്ക് ഇരട്ട പ്രഹരമേൽപ്പിച്ചുകൊണ്ട് പന്തിന് പിന്നാലെ ശ്രേയസ്സ് അയ്യരും പുറത്തായി. മിന്നൽ സ്റ്റംപിങ്ങിലൂടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണാണ് താരത്തെ പുറത്താക്കിയത്. രാഹുൽ തെവാത്തിയയുടെ പന്തിൽ കയറി ആക്രമിക്കാൻ ശ്രമിച്ച ശ്രേയസ്സിന്റെ ശ്രമം വിഫലമായി. തകർപ്പൻ സ്റ്റംപിങ്ങിലൂടെ സഞ്ജു ശ്രേയസ്സിനെ പവലിയനിലേക്ക് മടക്കി. 32 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 43 റൺസാണ് ശ്രേയസ് നേടിയത്.

പന്തും ശ്രേയസ്സും പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഷിംറോൺ ഹെറ്റ്മെയറും ലളിത് യാദവും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹെറ്റ്മെയർ രാജസ്ഥാൻ ബൗളർമാരെ അനായാസം നേരിട്ടു. 16 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 28 റൺസെടുത്ത ഹെറ്റ്മെയർ സ്‌കോർ അതിവേഗം ഉയർത്തിയെങ്കിലും നിർണായക സമയത്ത് താരത്തെ പുറത്താക്കി മുസ്താഫിസുർ വീണ്ടും ഡൽഹിക്ക് പ്രഹരമേൽപ്പിച്ചു. യോർക്കർ ലെങ്ത്തിൽ വന്ന പന്ത് ആക്രമിക്കാൻ ശ്രമിച്ച ഹെറ്റ്മെയറുടെ ഷോട്ട് സക്കറിയ കൈയിലൊതുക്കി.

പിന്നീട് ക്രീസിലെത്തിയ അക്ഷർ പട്ടേൽ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ചേതൻ സക്കറിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റൺസാണ് താരം നേടിയത്. ലളിത് യാദവ് 14 റൺസെടുത്തും അശ്വിൻ ആറ് റൺസ് നേടിയും പുറത്താവാതെ നിന്നു.

രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്‌മാൻ നാലോവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ ചേതൻ സക്കറിയയും രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുസ്താഫിസുർ മത്സരത്തിൽ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. കാർത്തിക് ത്യാഗി, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.