ഷാർജ:ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 18.2 ഓവറിൽ ഏഴ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പത്ത് പന്തിൽ 21 റൺസും നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടിയ സുനിൽ നരൈനാണ് കളിയിലെ താരം.

മികച്ച ബാറ്റിങ് പുറത്തെടുത്ത നിതീഷ് റാണയും ശുഭ്മാൻ ഗില്ലും സുനിൽ നരെയ്നുമാണ് കൊൽക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. ഡൽഹിയെ ചെറിയ സ്‌കോറിന് ചുരുക്കിയ ബൗളർമാരും കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സ്‌കോർ: ഡൽഹി നിശ്ചിത ഓവറിൽ ഒൻപതിന് 127. കൊൽക്കത്ത 18.2 ഓവറിൽ ഏഴിന് 130

പവർപ്ലേയ്ക്കിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് വിക്കറ്റ് നഷ്ടമായി. 15 പന്തിൽ 14 റൺസെടുത്ത വെങ്കടേഷ് അയ്യരെ അഞ്ചാം ഓവറിൽ ലളിത് ബൗൾഡാക്കി. അഞ്ച് പന്തിൽ 9 റൺസെടുത്ത മൂന്നാമൻ രാഹുൽ ത്രിപാഠിയെ ആറാം ഓവറിൽ സ്മിത്തിന്റെ കൈകളിൽ ആവേഷ് എത്തിച്ചു. 43 റൺസായിരുന്നു ഈ സമയം കൊൽക്കത്തയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

33 പന്തിൽ 30 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ 11-ാം ഓവറിൽ റബാഡയും അക്കൗണ്ട് തുറക്കും മുമ്പ് നായകൻ മോർഗനെ തൊട്ടടുത്ത ഓവറിൽ അശ്വിനും പുറത്താക്കിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. നിതീഷ് റാണ വെടിക്കെട്ട് തുടങ്ങിവച്ചിരിക്കേ ദിനേശ് കാർത്തിക്കിനെ(14 പന്തിൽ 12) 15ാം ഓവറിൽ ആവേഷ് ബൗൾഡാക്കി. റാണയ്ക്കൊപ്പം സുനിൽ നരെയ്ൻ ക്രീസിൽ നിൽക്കേ 16-ാം ഓവറിലാണ് കൊൽക്കത്ത 100 കടക്കുന്നത്.

16-ാം ഓവറിൽ റബാഡയെ രണ്ട് സിക്സറും ഒരു ഫോറുമടക്കം 21 റൺസിന് ശിക്ഷിച്ച് ജയത്തിലേക്കുള്ള അകലം നരെയ്നും റാണയും കുറച്ചു. ഇതോടെ അവസാന നാല് ഓവറിൽ വെറും 9 റൺസായി കൊൽക്കത്തയുടെ വിജയലക്ഷ്യം. വിജയത്തിന് ആറ് റൺസകലെ നരെയ്ൻ(10 പന്തിൽ 21) നോർജെയുടെ പന്തിൽ അക്സറിന്റെ ക്യാച്ചിൽ പുറത്തായി. ആവേഷിന്റെ അടുത്ത ഓവറിൽ സൗത്തിയും(3) വീണു. എന്നാൽ റാണയും(36*), ഫെർഗൂസണും(0*) മത്സരം ഫിനിഷ് ചെയ്തു.

ഡൽഹിക്ക് വേണ്ടി ആവേശ്ഖാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കഗിസോ റബാദ, അശ്വിൻ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൊൽക്കത്ത ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്‌കോറിൽ തളച്ചത്. ഡൽഹിക്ക് വേണ്ടി 39 റൺസ് വീതമെടുത്ത സ്റ്റീവൻ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഡൽഹി ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ല.

പരിക്കേറ്റ പുറത്തായ പൃഥ്വി ഷായ്ക്ക് പകരം ടീമിലിടം നേടിയ സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിലെ അവസാന പന്തിൽ ധവാനെ പുറത്താക്കി ലോക്കി ഫെർഗൂസൻ ഡൽഹിക്ക് ആദ്യ തിരിച്ചടി സമ്മാനിച്ചു. 20 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 24 റൺസെടുത്ത ധവാൻ വെങ്കടേഷ് അയ്യർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന ശ്രേയസ് അയ്യർക്കും പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നന്നായി കളിച്ച ശ്രേയസിനെ സുനിൽ നരെയ്ൻ ക്ലീൻ ബൗൾഡാക്കി. വെറും ഒരു റൺ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഡൽഹി 40 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.

പിന്നാലെ വന്ന നായകൻ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോർ 50 കടത്തി. പന്തിനെ കാഴ്ചക്കാരനാക്കി സ്മിത്ത് നന്നായി കളിച്ചതോടെ ഡൽഹി തകർച്ചയിൽ നിന്ന് കരകയറി. എന്നാൽ സ്‌കോർ 77-ൽ നിൽക്കേ സ്മിത്തിന്റെ വിക്കറ്റ് വീഴ്‌ത്തി ഫെർഗൂസൻ വീണ്ടും ഡൽഹിക്ക് തിരിച്ചടി സമ്മാനിച്ചു. 34 പന്തുകളിൽ നിന്ന് 39 റൺസെടുത്ത താരത്തെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കി.

സ്മിത്തിന് പകരം വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മെയർ ക്രീസിലെത്തിയെങ്കിലും വെറും നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഹെറ്റ്മയറെ പുറത്താക്കി വെങ്കടേഷ് അയ്യർ കന്നി ഐ.പി.എൽ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ വന്ന ലളിത് യാദവിനെ അക്കൗണ്ട് തുറക്കും മുൻപ് മടക്കി സുനിൽ നരെയ്ൻ ഡൽഹിയെ തകർച്ചയിലേക്ക് തള്ളിയിട്ടു.

ലളിതിന് പകരം ക്രീസിലെത്തിയ അക്ഷർ പട്ടേലിനും പിടിച്ചുനിൽക്കാനായില്ല. റൺസെടുക്കും മുൻപ് താരത്തെ ലോക്കി ഫെർഗൂസന്റെ കൈയിലെത്തിച്ച് വെങ്കടേഷ് അയ്യർ രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നീട് ക്രീസിലെത്തിയ അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് 16.3 ഓവറിൽ ടീം സ്‌കോർ 100 കടത്തി. പന്തും റൺസ് നേടാൻ നന്നായി ബുദ്ധിമുട്ടി. ഇതിനിടെ ഡൽഹി ക്യാപിറ്റൽസിനായി ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡ് പന്ത് സ്വന്തമാക്കി.

അവസാന ഓവറിൽ ഒൻപത് റൺസ് മാത്രമെടുത്ത അശ്വിൻ ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ സൗത്തിയും അശ്വിനും ഗ്രൗണ്ടിൽ വെച്ച് വാക്കേറ്റത്തിലേർപ്പെട്ടത് ചർച്ചയായി. പിന്നാലെ ഋഷഭ് പന്ത് റൺ ഔട്ടായി മടങ്ങി. 36 പന്തുകളിൽ നിന്ന് വെറും മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 39 റൺസാണ് താരമെടുത്തത്.

കൊൽക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെർഗൂസൻ, സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ സൗത്തി ഒരു വിക്കറ്റ് നേടി. സന്ദീപ് വാര്യർക്ക് വിക്കറ്റ് വീഴ്‌ത്താനായില്ല.