- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പക വീട്ടാനുള്ളതാണ്; ഹൈദരാബാദിനോട് കണക്കു തീർത്ത് വാർണർ; 58 പന്തിൽ 92 റൺസ്; 35 പന്തിൽ 67 റൺസടിച്ച് പവറായി പവൽ; 208 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി ഡൽഹി ക്യാപിറ്റൽസ്

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 208 റൺസ് വിജയലക്ഷ്യം. കഴിഞ്ഞ സീസണിന്റെ പകുതിയിൽ കളിപ്പിക്കാതെ റിസർവ് ബഞ്ചിൽ ഇരുത്തിയ ഹൈദരാബാദിനെതിരെ പ്രതികാരം തീർത്ത ഡേവിഡ് വാർണറുടെയും റൊവ്മാൻ പവലിന്റെയും അർധസെഞ്ചുറികളുടെ മികവിലാണ് ഡൽഹി മികച്ച സ്‌കോർ പടുത്തുയർത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ വാർണറും പവലും ചേർന്നാണ് ഡൽഹിക്ക് കൂറ്റൻ സ്‌കോർ ഉറപ്പാക്കിയത്. വാർണർ 58 പന്തിൽ റൺസെടുത്ത് ടോപ് സ്‌കോററായപ്പോൾ പവൽ 35 പന്തിൽ 67 റൺസെടുത്തു.
ഒരു റൺ കൂട്ടിച്ചേർക്കും മുൻപു തന്നെ ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പൃഥ്വി ഷാക്ക് പകരം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത മൻദീപ് സിംഗിനെ(0) ഭുവനേശ്വർ കുമാർ ആദ്യ ഓവറിലെ മടക്കി. അധികം വൈകാതെ മിച്ചൽ മാർഷും ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. ഏഴു പന്തിൽ 10 റൺസ് മാത്രമെടുത്തു മിച്ചൽ മാർഷും മടങ്ങി. തുടക്കത്തിൽ താളം കണ്ടെത്താനാകാതെ പാടുപെട്ട ക്യാപ്റ്റൻ റിഷഭ് പന്ത് തപ്പിത്തടഞ്ഞപ്പോൾ ഡേവിഡ് വാർണറാണ് തന്റെ മുൻ ടീമിനെതിരെ അടിച്ചു തകർത്തത്. ശ്രേയസ് ഗോപാലിനെതിരെ ഒരോവറിൽ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി പന്ത് ഫോമിലായെങ്കിലും അടുത്ത പന്തിൽ പുറത്തായി. 16 പന്തിൽ 26 റൺസായിരുന്നു പന്തിന്റെ സംഭാവന.
85-3 എന്ന സ്‌കോറിൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന പവലും വാർണറും ഡൽഹിയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചു. 34 പന്തിൽ അർധസെഞ്ചുറി തികച്ച വാർണർ പത്തൊമ്പതാം ഓവറിൽ 92 റൺസിലെത്തി സെഞ്ചുറി ലക്ഷ്യമിട്ടെങ്കിലും ഉംറാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ 19 റൺസടിച്ച പവൽ തകർത്താടിയതോടെ സെഞ്ചുറി നഷ്ടമായി. അവസാന ഓവറിൽ ഉംറാൻ മാലിക്കിനെ സിക്‌സിന് പറത്തി 30 പന്തിൽ അർധസെഞ്ചുറി തികച്ച പവൽ അവസാന ഓവറിലെ മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയാണ് 19 റൺസടിച്ചത്.
12 ഫോറും മൂന്ന് സിക്‌സും പറത്തിയ വാർണർ 58 പന്തിൽ 92 റൺസുമായി പുറത്താകാതെ നിന്നപ്പോൾ പവൽ 35 പന്തിൽ മൂന്് ഫോറും ആറ് സിക്‌സും പറത്തി 67 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ നാലോവറിൽ 25 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ ശ്രേയസ് ഗോപാൽ മൂന്നോവറിൽ 34 റൺസിന് ഒരു വിക്കറ്റെടുത്തു. ഉംറാൻ മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്ത്(157 കിലോ മീറ്റർ) എറിഞ്ഞെങ്കിലും നാലോവറിൽ 52 റൺസ് വഴങ്ങി.
കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പേസർ കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, സീൻ ആബട്ട് എന്നിവർ ഇന്ന് ഹൈദരാബാദിനായി സീസണിൽ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ നടരാജനും വാഷിങ്ടൺ സുന്ദറിനും പകരമാണ് കാർത്തിക് ത്യാഗിയും ശ്രേയസ് ഗോപാലും ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തി മാർക്കോ ജാൻസന് പകരമാണ് സീൻ ആബട്ട് ടീമിലെത്തിയത്.
കഴിഞ്ഞ മത്സരം കളിച്ച ഡൽഹി നാല് മാറ്റങ്ങൾ വരുത്തി. ഓപ്പണർ പൃഥ്വി ഷാക്ക് പകരം മൻദീപ് സിങ് ഡൽഹി ടീമിലെത്തിയപ്പോൾ അക്‌സർ പട്ടേലിന് പകരം റിപാൽ പട്ടേലും ചേതൻ സക്കറിയക്ക് പകരം ഖലീൽ അഹമ്മദും ആന്റിച്ച് നോർക്യയും ഡൽഹിയുടെ അന്തിമ ഇലവനിലെത്തി.


