അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം.ആദ്യ പ്ലേഓഫിന് സമാനമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഫൈനലിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക.യുവനായകന്മാർക്ക് കീഴിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും.

ഒറ്റ ജയമകലെ കാത്തിരിക്കുന്നത് ഐപിഎൽ കിരീടം.ഒരു മലയാളി നായകൻ ഐപിഎൽ ചരിത്രത്തിലാദ്യമായി കിരീടമുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ മിന്നൽ തുടക്കവും ഷിമ്രോൺ ഹെയ്റ്റ്‌മെയറുടെ വെടിക്കെട്ടും രാജസ്ഥാന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. ഇവർക്കിടയിൽ രാജസ്ഥാന്റെ നടുനിവർത്താൻ നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ട്. സ്പിൻ മാജിക്ക് കാട്ടാൻ ആർ അശ്വിനും യുസ്വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെൻഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയിയുമുള്ള പേസ് ബാറ്ററിയും പവർഫുൾ.

വൃദ്ധിമാൻ സാഹയും മാത്യൂ വെയ്ഡും ടൈറ്റൻസിന്റെ ചാവേറുകളാവും. നട്ടെല്ലായി ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. കില്ലർ മില്ലർ ക്രീസിലുറച്ചാൽ പന്ത് ഗാലറിയിലേക്ക് പറക്കും. റാഷിദ് ഖാന്റെ സ്പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റൻസിന് പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറികളിലും ടൈറ്റൻസിന്റെ ബൗളിങ് മികവിനെ ബാറ്റർമാർ എങ്ങനെ അതിജിവിക്കും എന്നതായിരിക്കും രാജസ്ഥാന് നിർണായകമാവുക. സീസണിൽ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

രണ്ടാം ക്വാളിഫയറിൽ ജോസ് ബട്ലറുടെ മിന്നും സെഞ്ചുറിയിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്. ആർസിബിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് രാജസ്ഥാൻ ഫൈനലിലെത്തിയപ്പോൾ ബട്ലർ 60 പന്തിൽ 10 ഫോറും 6 സിക്സുമടക്കം 106* റണ്ണോടെ പുറത്താകാതെ നിന്നു. ബാംഗ്ലൂരിന്റെ 157 റൺസ് ബട്ലറുടെ വെടിക്കെട്ടിൽ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ബൗളിംഗിൽ പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവുമായും തിളങ്ങി. ഷെയ്ൻ വോണിന്റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നത്.