മുംബൈ: ഐപിഎല്ലിൽ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെയും രാഹുൽ തെവാട്ടിയയുടെ സൂപ്പർമാൻ ഫിനിഷിംഗിന്റെയും മികവിൽ ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ മൂന്നാം ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അവസാന രണ്ടു പന്തിൽ തെവാട്ടിയ പറത്തിയ സിക്‌സിലൂടെ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.

ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിയും (59 പന്തിൽ 96) ഗുജറാത്ത് വിജയത്തിൽ നിർണായകമായി. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 20 ാം ഓവറിലെ അവസാന പന്തിലാണ് ഗുജറാത്ത് മറികടന്നത്.

ഒഡീൻ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ 19 റൺസും അവസാന രണ്ട് പന്തിൽ 12 റൺസുമായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലർക്ക് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാർദ്ദിക് പാണ്ഡ്യയെ ജോണി ബെയർ‌സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തിൽ രാഹുൽ തെവാട്ടിയ സിംഗിളെടുത്തു. മൂന്നാം പന്തിൽ ഡേവിഡ് മില്ലർ ബൗണ്ടറിയടിച്ചു. നാലാം പന്തിൽ വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ തെവാട്ടിയയുടെ സിക്‌സർ. ലക്ഷ്യം ഒരു പന്തിൽ ആറ് റൺസ്. അവസാന പന്തും സിക്‌സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു.

ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചത്. 59 പന്തിൽ 96 റൺസെടുത്ത ഗിൽ പത്തൊമ്പതാം ഓവറിൽ പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചുവെങ്കിലും തെവാട്ടിയയുടെ ഫിനിഷിങ് ഗുജറാത്തിന് ത്രില്ലിങ് ജയം സമ്മാനിച്ചു.

നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗിൽ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസടിച്ച് നല്ല തുടക്കമിട്ടു. ഹർഷദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിൽ ഗിൽ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്ർ നാലാം ഓവറിൽ മാത്യു വെയ്ഡിനെ(6) വീഴ്‌ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നൽകി. വിക്കറ്റ് വീണെങ്കിലും അടി തുടർന്ന ഗില്ലിനൊപ്പം സുദർശൻ കൂടി ചേർന്നതോടെ ഗുജറാത്ത് പവർ പ്ലേയിൽ 50 കടന്നു. 29 പന്തിൽ അർധ സെഞ്ചുറി തികച്ച ഗിൽ പതിനൊന്നാം ഓവറിൽ ഗുജറാത്തിനെ 100 കടത്തി.

പതിനഞ്ചാം ഓവറിൽ സായ് സുദർശൻ(30 പന്തിൽ 35) പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം ടീമിനെ ജയത്തിനടുത്ത് എത്തിച്ചാണ് ഗിൽ മടങ്ങിയത്. 11 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. രാഹുൽ തെവാട്ടിയ മൂന്ന് പന്തിൽ 13 റൺസെടുത്ത് പുറത്താകാടെ നിന്നപ്പോൾ ഡേവിഡ് മില്ലർ നാലു പന്തിൽ ആറ് റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ കരുത്തിലായിരുന്നു പഞ്ചാബിന്റെ മുന്നേറ്റം. 27 പന്തിൽ 64 റൺസെടുത്താണു ലിവിങ്സ്റ്റൺ പുറത്തായത്. നാല് സിക്‌സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

21 പന്തുകളിൽ നിന്ന് ലിവിങ്സ്റ്റൺ അർധസെഞ്ചുറി തികച്ചു. ഐപിഎൽ 2022 സീസണിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 30 പന്തിൽ 35 റൺസുമായി ഓപ്പണർ ശിഖർ ധവാനും പഞ്ചാബിനായി തിളങ്ങി.

ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (ഒൻപതു പന്തിൽ അഞ്ച്), ജോണി ബെയർ‌സ്റ്റോ (എട്ട് പന്തിൽ എട്ട്) എന്നിവർ തിളങ്ങിയില്ല. ജിതേഷ് ശർമ (11 പന്തിൽ 23), ഒഡിൻ സ്മിത്ത് (പൂജ്യം), ഷാറൂഖ് ഖാൻ (എട്ട് പന്തിൽ 15), കഗിസോ റബാദ (ഒന്ന്), വൈഭവ് അറോറ (ആറ് പന്തിൽ രണ്ട്), രാഹുൽ ചാഹർ (14 പന്തിൽ 22), അർഷ്ദീപ് സിങ് (അഞ്ച് പന്തിൽ 10) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് ബാറ്റർമാരുടെ പ്രകടനങ്ങൾ.

പതിനാറാം ഓവറിൽ ആറിന് 153 എന്ന നിലയിൽനിന്ന് 9 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണു പഞ്ചാബ് വലിച്ചെറിഞ്ഞത്. അവസാന ഓവറുകളിൽ രാഹുൽ ചാഹർ ബൗണ്ടറികൾ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോർ 180 പിന്നിട്ടു. ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി. ദർശൻ നൽകണ്ടെ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.