- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി പടനയിച്ച് ശുഭ്മൻ ഗിൽ; 28 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി ഫെർഗൂസനും; ഐപിഎല്ലിൽ ഗുജറാത്തിന് തുടർച്ചയായ രണ്ടാം ജയം; ഡൽഹിയെ കീഴടക്കിയത് 14 റൺസിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്
പുണെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഗുജറാത്ത് ടൈറ്റൻസ്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാർദ്ദിക് പാണ്ഡ്യയും സംഘവും വിജയം കുറിച്ചു. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തകർത്ത ഗുജറാത്ത് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
ആവേശകരമായ മത്സരത്തിൽ ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസന്റെ മാരക ബോളിങ്ങാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ഡൽഹിയുടെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. ഗുജറാത്തിന്റെ വിജയം 14 റൺസിന്. ഫെർഗൂസൻ നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
ഗുജറാത്ത് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 84 റൺസെടുത്ത ശുഭ്മാൻ ഗില്ലും നാലുവിക്കറ്റെടുത്ത ലോക്കി ഫെർഗൂസനുമാണ് ഗുജറാത്തിന്റെ വിജയശിൽപ്പി.
172 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 34 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. ഓപ്പണർ ടിം സീഫേർട്ടിനെയാണ് ആദ്യം നഷ്ടമായത്. വെറും 3 റൺസ് മാത്രമെടുത്ത താരത്തെ ഹാർദിക് പാണ്ഡ്യ അഭിനവ് മനോഹറിന്റെ കൈയിലെത്തിച്ചു. പിന്നാലെ പൃഥ്വിഷായും മൻദീപ് സിങ്ങും പുറത്തായി.
10 റൺസെടുത്ത പൃഥ്വിയെയും 18 റൺസ് നേടിയ മൻദീപിനെയും പുറത്താക്കി ലോക്കി ഫെർഗൂസൻ ഡൽഹിക്ക് തകർച്ചയേകി. പിന്നീട് ക്രീസിലൊന്നിച്ച ലളിത് യാദവും നായകൻ ഋഷഭ് പന്തും ടീമിന് പ്രതീക്ഷയേകി. ഇരുവരും നന്നായി ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ ഡൽഹിക്ക് ജീവൻ വെച്ചു. നാലാം വിക്കറ്റിൽ ഇരുവരും 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ ലളിത് യാദവ് റൺ ഔട്ടായതോടെ ഡൽഹി വീണ്ടും പ്രതിരോധത്തിലായി. 25 റൺസെടുത്ത ലളിതിനെ അഭിനവാണ് റൺ ഔട്ടാക്കിയത്. പിന്നാലെ ടീമിന്റെ ഏക പ്രതീക്ഷയായിരുന്ന ഋഷഭ് പന്തും പുറത്തായി. 29 പന്തുകളിൽ നിന്ന് 43 റൺസെടുത്ത പന്തിനെ ലോക്കി ഫെർഗൂസൻ അഭിനവിന്റെ കൈയിലെത്തിച്ചു.
വമ്പൻ അടിക്ക് പേരുകേട്ട അക്ഷർ പട്ടേലും വാലറ്റത്തെ അവസാന പ്രതീക്ഷയായ ശാർദൂൽ ഠാക്കൂറും അതിവേഗത്തിൽ പുറത്തായതോടെ ഡൽഹി പ്രതിരോധത്തിലായി. അക്ഷറിനെ (8 റൺസ്) ഫെർഗൂസൻ മടക്കിയപ്പോൾ ശാർദൂലിനെ (രണ്ട് റൺസ്) റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. അപ്പോഴും റോവ്മാൻ പവൽ ക്രീസിലുള്ളതായിരുന്നു ഡൽഹിയുടെ ഏക പ്രതീക്ഷ
പക്ഷേ 18-ാം ഓവറിൽ പവലിനെ പറഞ്ഞയച്ച് ഷമി ഡൽഹിയുടെപ്രതീക്ഷകൾ തല്ലിക്കെടുത്തി. 12 പന്തുകളിൽ നിന്ന് 20 റൺസെടുത്ത പവൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഖലീൽ അഹമ്മദിനെ മടക്കി ഷമി ഡൽഹിയുടെ ഒൻപതാം വിക്കറ്റെടുത്തു. 14 റൺസെടുത്ത് കകുൽദീപ് യാദവും 3 റൺസുമായി മുസ്താഫിസുറും പുറത്താവാതെ നിന്നു. ഗുജറാത്തിനായി ലോക്കി ഫെർഗൂസൻ നാലോവറിൽ വെറും 28 റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. ഷമി രണ്ട് വിക്കറ്റ് നേടിയപ്പോൾ റാഷിദ് ഖാനും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 46 പന്തുകൾ നേരിട്ട ഗിൽ ആറു ഫോറും നാലു സിക്സും സഹിതം 84 റൺസെടുത്ത് പുറത്തായി.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഗുജറാത്ത് ഇന്നിങ്സിൽ നിർണായകമായി. പാണ്ഡ്യ 27 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്തു. 44 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഗുജറാത്തിന്, മൂന്നാം വിക്കറ്റിൽ പാണ്ഡ്യ ഗിൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയൊരുക്കിയത്. 47 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 65 റൺസ്.
താളം കണ്ടെത്താൻ സാധിക്കാതെ പോയ വിജയ് ശങ്കർ 20 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ആകെ നേടിയത് ഒരേയൊരു ഫോർ മാത്രം. ഓപ്പണർ മാത്യു വെയ്ഡ് രണ്ടു പന്തിൽ ഒരു റണ്ണുമായി ആദ്യ ഓവറിൽത്തന്നെ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. ഡൽഹി ജഴ്സിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനാണ് വെയ്ഡിനെ പുറത്താക്കിയത്.
അവസാന ഓവറുകളിൽ ഗുജറാത്ത് ഏറെ പ്രതീക്ഷ വച്ച രാഹുൽ തെവാത്തിയയ്ക്ക് കാര്യമായി തിളങ്ങാനായില്ല. എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. അഭിനവ് മനോഹർ രണ്ടു പന്തിൽ ഒരു റണ്ണെടുത്തും ഈ ഓവറിൽ മുസ്താഫിസുറിന് വിക്കറ്റ് സമ്മാനിച്ചു. ഡേവിഡ് മില്ലർ 15 പന്തിൽ രണ്ടു ഫോറുകളോടെ 20 റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹിക്കായി മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 42 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ, നാല് ഓവറിൽ 37 റൺസ് വഴങ്ങിയ അക്ഷർ പട്ടേൽ എന്നിവർക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഡൽഹി കളിച്ചത്. കംലേഷ് നാഗർകോട്ടിക്കു പകരം ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാൻ ടീമിലെത്തി. അതേസമയം, ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഗുജറാത്ത് ഇറങ്ങിയത്.
സ്പോർട്സ് ഡെസ്ക്