മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 193 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുന്നിൽനിന്നു നയിച്ചതോട രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു.

52 പന്തിൽ നാല് സിക്‌സും എട്ടു ഫോറും സഹിതം 87 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും ( 14 പന്തിൽ 31) ചേർന്നാണ് ഗുജറാത്തിനെ മികച്ച നിലയിൽ എത്തിച്ചത്. അഭിനവ് മനോഹർ (28 പന്തിൽ 43) പിന്തുണ നൽകി. യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് സെൻ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് മോശം തുടക്കത്തിന് ശേഷമാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. രണ്ടാം ഓവറിൽ വെയ്ഡ് റണ്ണൗട്ടായി. ആദ്യ ഓവറിൽ മൂന്ന് ഫോറ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയ മാത്യൂ വെയ്ഡ് (12) റണ്ണൗട്ടായി. തൊട്ടടുത്ത ഓവറിൽ വിജയ് ശങ്കറും മടങ്ങി. കുൽദീപിന്റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകിയാണ് ശങ്കർ മടങ്ങുന്നത്. പിന്നാലെ ആക്രമിച്ച കളിച്ച ഹാർദിക് പതിയെ റൺനിരക്ക് ഉയർത്തി. ഏഴാം ഓവറിൽ ശുഭ്മാൻ ഗിൽ (13) പുറത്തായതും ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയില്ല.

ഹാർദിക്- മനോഹർ സഖ്യം 86 റൺസ് കൂട്ടിചേർത്തു. ഗുജറാത്തിന്റെ ഇന്നിംഗിന് കരുത്തായതും ഈ കൂട്ടുകെട്ടാണ്. മനോഹറിനെ യൂസ്വേന്ദ്ര ചാഹൽ പുറത്താക്കിയെങ്കിലും ഡേവിഡ് മില്ലർ (14 പന്തിൽ 31) ഹാർദിക് സഖ്യം ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റൺസ് കൂട്ടിചേർത്തു. മില്ലർ അഞ്ച് ഫോറും ഒരു സിക്സും നേടി.

രാജസ്ഥാൻ നിരയിൽ ഇന്നു പേസർ ട്രെന്റ് ബോൾട്ടിനു പകരം ജിമ്മി നീഷം പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ചു. പരുക്കിനെതുടർന്നാണ് ബോൾട്ട് പുറത്തായത്. ഗുജറാത്തിനായി യുപിയിൽനിന്നുള്ള യുവ മീഡിയം പേസർ യഷ് ദയാൽ അരങ്ങേറ്റം കുറിച്ചു. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായിട്ടാണ് സഞ്ജുവിന് ടോസ് ഭാഗ്യം ലഭിക്കുന്നത്.

ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ദർഷൻ നാൽകണ്ഡെ, സായ് സുദർശൻ എന്നിവർ പുറത്തായി. യഷ് ദയാൽ ടീമിലിടം പിടിച്ചപ്പോൾ വിജയ് ശങ്കറും തിരിച്ചെത്തി. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ടീമാണ് രാജസ്ഥാൻ. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച രാജസ്ഥാന് ആറ് പോയിന്റാണുള്ളത്. ഗുജറാത്തിന് ആറ് പോയിന്റുണ്ടെങ്കിലും റൺറേറ്റിൽ പിന്നിലാണ്. നിലവിൽ അഞ്ചാം സ്ഥാനത്താണ് അവർ.