പുണെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ശുഭ്മാൻ ഗില്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ടീമിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ മാത്യു വെയ്ഡിനെ(1) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുസ്തഫിസുർ റഹ്‌മാനാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. രണ്ടാം വിക്കറ്റിൽ വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും ചേർന്ന് പവർ പ്ലേയിൽ കൂടുതൽ നഷ്ടങ്ങളില്ലാതെ ഗുജറാത്തിനെ 44 റൺസിലെത്തിച്ചു. പവർ പ്ലേ പൂർത്തിയായതിന് പിന്നാലെ കുൽദീപ് യാദവിനെ കൊണ്ടുവന്ന റിഷഭ് പന്തിന്റെ തന്ത്രം ഫലിച്ചു. ആദ്യ പന്തിൽ തന്നെ വിജയ് ശങ്കറെ മടക്കി കുൽദീപ് ഗുജറാത്തിന് രണ്ടാം പ്രഹരമേൽപ്പിച്ചു. 20 പന്തിൽ 13 റൺസായിരുന്നു ശങ്കറിന്റെ നേട്ടം.

ശങ്കറിന് പകരം ഹാർദിക് ക്രീസിലെത്തിയെങ്കിലും ഗുജറാത്തിന്റെ സ്‌കോറിങ് നിരക്ക് ഉയർത്താനായില്ല. 10 ഓവർ പിന്നിടുമ്പോൾ 66 റൺസ് മാത്രമായിരുന്നു ഗുജറാത്ത് സ്‌കോർ ബോർഡിൽ. എന്നാൽ ആദ്യം ഹാർദിക്കിനെയും പിന്നിട് ഡേവിഡ് മില്ലറെയും ഒരറ്റത്ത് നിർത്തി ശുഭ്മാൻ ഗിൽ അടിച്ചുതകർത്തതോടെ ഗുജറാത്ത് സ്‌കോർ ബോർഡ് കുതിച്ചു.

ഹാർദിക് പാണ്ഡ്യ ഗില്ലിന് മികച്ച പിന്തുണ സമ്മാനിച്ചു. ഇരുവരും 65 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വൈകാതെ ഗിൽ അർധശതകം കുറിച്ചു. മികച്ച രീതിയിൽ പോകുകയായിരുന്ന ഈ കൂട്ടുകെട്ട് ഒടുവിൽ ഖലീൽ അഹമ്മദ് പൊളിച്ചു. 27 പന്തുകളിൽ നിന്ന് 31 റൺസെടുത്ത പാണ്ഡയയെ ഖലീൽ റോവ്മാൻ പവലിന്റെ കൈയിലെത്തിച്ചു. പതിനാലാം ഓവറിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ(27 പന്തിൽ 31) നഷ്ടമായത് ഗുജറാത്തിന്റെ സ്‌കോറിംഗിനെ ബാധിച്ചില്ല. പാണ്ഡ്യയ്ക്ക് പകരം ഡേവിഡ് മില്ലർ ക്രീസിലെത്തി.

ഒടുവിൽ ഗില്ലും പുറത്തായി. 17-ാം ഓവറിലെ ആദ്യ പന്തിൽ ഗിൽ ഖലീലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സിക്സ് നേടാനുള്ള ഗില്ലിന്റെ ശ്രമം അക്ഷർ പട്ടേലിന്റെ കൈയിൽ അവസാനിച്ചു. 46 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 84 റൺസെടുത്ത ശേഷമാണ് ഗിൽ ക്രീസ് വിട്ടത്.

പിന്നാലെ കഴിഞ്ഞ മത്സരത്തിലെ വിജയ കോംബോയായ രാഹുൽ തെവാത്തിയയും ഡേവിഡ് മില്ലറും ഒന്നിച്ചു. തെവാത്തിയ 8 പന്തിൽ നിന്ന് 14 റൺസെടുത്ത് മുസ്താഫിസുറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ വന്ന അഭിനവിനെയും മടക്കി മുസ്താഫിസുർ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റെടുത്തു. മില്ലർ 20 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഡൽഹിക്കായി മുസ്താഫിസുർ റഹ്‌മാൻ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 42 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ, നാല് ഓവറിൽ 37 റൺസ് വഴങ്ങിയ അക്ഷർ പട്ടേൽ എന്നിവർക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.