വെല്ലിങ്ടൺ: കോവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച ഐ.പി.എൽ പുനരാരംഭിച്ചാൽ തിരിച്ചുവരാൻ തയ്യാറാണെന്ന് ന്യൂസീലന്റ് ക്രിക്കറ്റ് താരം ജെയിംസ് നീഷാം.

'വാക്സിനേഷൻ തുടങ്ങിയാൽ ഞാൻ ഇനിയും കരാർ ഒപ്പിടാൻ തയ്യാറാണ്. ഐപിഎൽ ഇത്രയും വേഗത്തിൽ നിർത്തിവെയ്ക്കേണ്ടി വരുമെന്ന് ആരും കരുതിക്കാണില്ല'-നീഷാം പറയുന്നു.

ഐപിഎൽ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ കരാറൊപ്പിട്ടത്. ടൂർണമെന്റ് അവസാനിക്കുന്നതിന് മുമ്പ് സ്വയം പിന്മാറേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഐപിഎൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും വ്യത്യസ്ത അഭിപ്രായമായിരിക്കാം. പക്ഷേ എനിക്ക് ഇത് ജോലിയാണ്. ഞാൻ ഒരു പ്രൊഫഷണൽ താരമാണ്. അതുകൊണ്ട് താത്പര്യമില്ലാത്ത രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരും. അതു ജോലിയുടെ ഭാഗമാണ്. നീഷാം വ്യക്തമാക്കി.

ഐപിഎൽ വീണ്ടും തുടങ്ങിയാൽ അതു ഇന്ത്യയിലാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഈ വർഷം അവസാനം നടക്കേണ്ട ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റാൻ പദ്ധതി നടക്കുന്നുണ്ടെന്നും നീഷാം പറയുന്നു.