അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ രാജസ്ഥാൻ റോയൽസ് കിരീടത്തിന് തൊട്ടരികെ വീണെങ്കിലും അഭിമാന നേട്ടങ്ങളുമായാണ് ഇത്തവണ മടങ്ങുന്നത്. റൺവേട്ടയിൽ മുന്നിലെത്തിയ ജോസ് ബട്‌ലർ, വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ യൂസ്വേന്ദ്ര ചാഹൽ എന്നീ താരങ്ങളുടെ മികവ് തന്നെയാണ് ടീമിന്റെ മുന്നേറ്റത്തിൽ കരുത്തായത്.

ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയെങ്കിലും ഐപിഎൽ പുരസ്‌കാരദാന ചടങ്ങിലും നിറഞ്ഞുനിന്നത് രാജസ്ഥാൻ താരങ്ങളായിരുന്നു. പ്രത്യേകിച്ച് മലയാളികളുടെ പ്രിയങ്കരനായ ജോസേട്ടനായ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ലർ! ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി ഐപിഎല്ലിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് ബട്‌ലർ സീസൺ പൂർത്തിയാക്കുന്നത്.

ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം, ഫോറുകൾ നേടിയ താരം, ഏറ്റവും കൂടുതൽ റൺസ്, സീസണിലെ മികച്ച പവർ പ്ലെയർ, എന്നിങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ ജോസ് ബട്ലർ കൂട്ടത്തോടെ സ്വന്തമാക്കി. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓവർസീസ് താരമാവുകയും ചെയ്തു ബട്ലർ.

ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന താരത്തിനുള്ള അവാർഡ് ബട്ലർക്ക് ലഭിച്ചു. 83 ഫോറുകാണ് താരം നേടിയത്. ഏറ്റവും കൂടുതൽ സിക്സും ബ്ടലറുടെ പേരിലാണ്. സീസണിലെ പവർപ്ലയറും ബട്ലർ തന്നെ. ഏറ്റവും കൂടുതൽ ഫാന്റസി പോയിന്റുകൾ നേടിയ രാജസ്ഥാൻ താരം ടൂർണമെന്റിലെ ഗെയിം ചെയ്ഞ്ചറായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്നെയാണ് ടൂർണമെന്റിലെ മൂല്യമേറിയ താരവും.

സീസണിൽ 57.53 ശരാശരിയിൽ 149.05 സ്ട്രൈക്‌റേറ്റിൽ 863 റൺസ് നേടിയാണ് ബട്ലർ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. നാല് സെഞ്ചറിയും അതുപോലെ തന്നെ നാല് അർധ സെഞ്ചറിയും സ്വന്തമാക്കിയ ബട്ലർ 83 ഫോറും 45 സിക്‌സറുകളുമാണ് ഈ സീസണിൽ അടിച്ചെടുത്തത്. ഫോറിൽനിന്നു മാത്രം നേടിയത് 332 റൺസും സിക്‌സിൽനിന്നു നേടിയത് 270 റൺസും. 863 റൺസിൽ 602 റൺസും നേടിയത് ബൗണ്ടറിയിൽനിന്ന്. ഓടിയെടുത്തത് 261 റൺസ് മാത്രം!

2016 സീസണിൽ 973 റൺസ് നേടിയ വിരാട് കോലിയുടെ റെക്കോഡ് തകർക്കാൻ ബട്ലർക്ക് സാധിച്ചില്ലെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാകുവാനും ബട്ലർക്ക് സാധിച്ചു. 2016ൽ ഡേവിഡ് വാർണർ നേടിയ 848 റൺസിന്റെ റെക്കോർഡാണു മറികടന്നത്. ഐപിഎൽ സീസണിൽ മികവു പുലർത്തിയ താരങ്ങൾക്കുള്ള ആകെ സമ്മാനത്തുക ഒരു കോടി രൂപയാണ്.

10 ലക്ഷം രൂപ വീതമുള്ള 10 പുരസ്‌കാരങ്ങളാണ് അധികൃതർ നൽകുന്നത്. സൂപ്പർ സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരം സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളും, ഫെയർപ്ലേ പുരസ്‌കാരമായി ടീമുകൾക്കു ട്രോഫിയുമാണു നൽകുന്നത്. ഇവ രണ്ടും ഒഴിച്ചുള്ള 10 പുരസ്‌കാരങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണു നൽകുക.

ഇതിൽ പർപ്പിൾ ക്യാപ്പ്, എമർജിങ് പ്ലെയർ, അതിവേഗ ബോളർ എന്നീ 3 പുരസ്‌കാരങ്ങൾ നേടാൻ ബട്ലർക്കു യാതൊരു സാധ്യതയും ഇല്ലെന്നു പറയേണ്ടതില്ലല്ലോ. അതു കൂടാതെ ബട്ലർക്കു 'നഷ്ടമായത്' ഒരേയൊരു പുരസ്‌കാരം മാത്രം സീസണിലെ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയ താരത്തിനുള്ളത്!

ഫെയർപ്ലേ അവാർഡ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ലയൺസും പങ്കിട്ടു. സീസണിലെ വേഗമേരിയ പന്ത് ഗുജറാത്ത് ടൈറ്റൻസിന്റെ ലോക്കി ഫെർഗൂസണാണ് എറിഞ്ഞത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉംറാൻ മാലിക്ക് എമേർജിങ് പ്ലയറായി. മുഹമ്മദ് ഷമി അദ്ദേഹത്തിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ എവിൻ ലൂയിസെടുത്ത ക്യാച്ച് ടൂർണമെന്റിലെ മികച്ച ക്യാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണ് ടൂർണമെന്റിലെ സൂപ്പർ സ്ട്രൈക്കർ. 183.33-ാണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ടാറ്റ പഞ്ച് കാർ അദ്ദേഹത്തിന് ലഭിക്കും. കാർത്തികിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓവർസീസ് താരവും ബട്ലറാണ്. 2016ൽ 848 റൺസ് നേടിയിരുന്ന അന്നത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയാണ് ബട്‌ലർ മറികടന്നത്. 2018ൽ 735 റൺസ് നേടിയ ഹൈദരാബാദിന്റെ തന്നെ കെയ്ൻ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 733 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ നാലാം സ്ഥാനത്തേക്ക് വീണു. 2012ൽ ആർസിബിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗെയ്ൽ റൺവേട്ട നടത്തിയത്. 2013ൽ 733 റൺസ് നേടിയ മൈക്കൽ ഹസി അഞ്ചാമതായി. അന്ന് ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്നു ഹസി.

17 ഇന്നിങ്‌സിൽ നിന്നാണ് ബട്‌ലർ 863 റൺസെടുത്തത്. 57.53 റൺസാണ് ശരാശരി. സ്‌ട്രൈക്ക് റൈറ്റ് 149.05. നാല്് സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. 116 റൺസാണ് ഇംഗ്ലീഷ് താരത്തന്റെ ഉയർന്ന സ്‌കോർ. 45 സിക്‌സുകൾ താരം സ്വന്തം പേരിലാക്കി. എന്നാൽ വിരാട് കോലി 2016ൽ നേടിയ സ്‌കോർ മറികടക്കാൻ ബട്‌ലർക്കായില്ല. അന്ന് 973 റൺസാണ് കോലി അടിച്ചെടുത്തത്. 16 ഇന്നിങ്‌സിൽ നിന്നായിരുന്നു കോലിയുടെ നേട്ടം.

ഈ സീസണിൽ 15 ഇന്നിങ്‌സിൽ 616 റൺസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലാണ് റൺവേട്ടക്കാരിൽ രണ്ടാമൻ. 51.33 റൺസാണ് താരത്തിന്റെ ശരാശരി. 15 ഇന്നിങ്‌സിൽ 508 റൺസുമായി ലഖ്‌നൗവിന്റെ തന്നെ ക്വിന്റൺ ഡി കോക്ക് മൂന്നാമനായി. ഗുജറാത്തിന്റെ ഹാർദിക് പാണ്ഡ്യ (487), ശുഭ്മാൻ ഗിൽ (483) യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 17 മത്സരങ്ങളിൽ 458 റൺസ് നേടി. ഒമ്പതാം സ്ഥാനത്താണ് സഞ്ജു.

അതേസമയം പർപ്പിൾ ക്യാപ്പ് ചാഹൽ സ്വന്തമാക്കി. 17 ഇന്നിങ്‌സിൽ 27 വിക്കറ്റാണ് ചാഹൽ വീഴ്‌ത്തിയത്. 19.41-ാണ് താരത്തിന്റെ ശരാശരി. ഇന്ന് വിക്കറ്റ് നേടാനായിരുന്നില്ലെങ്കിൽ ആർസിബി താരം വാനിന്ദു ഹസരങ്ക പർപ്പിൾ ക്യാപ്പിന് അർഹനാവുമായിരുന്നു. എന്നാൽ തന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ഒരു തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി.

ഹസരങ്ക 16 ഇന്നിങ്‌സിൽ നിന്ന് 26 വിക്കറ്റാണ് സ്വന്തമാക്കിയത്. ഓരോ തവണ അഞ്ച് വിക്കറ്റും നാല് വിക്കറ്റ് പ്രകടനം നടത്തി. 13 മത്സരങ്ങിൽ 23 വിക്കറ്റ് നേടിയ കഗിസോ റബാദ മൂന്നാമനായി. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് സെൻസേഷൻ ഉംറാൻ മാലിക്കാണ് നാലാം സ്ഥാനത്ത്. 22 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. കുൽദീപ് യാദവ് 14 മത്സരങ്ങിൽ 21 വിക്കറ്റ് നേടി.