- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി വെങ്കടേഷ്; പിന്തുണച്ച് ശുഭ്മാൻ ഗില്ലും; മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ് കൊൽക്കത്ത; വിക്കറ്റ് മഴക്കൊടുവിൽ സിക്സർ പായിച്ച് രാഹുൽ ത്രിപാഠി 'രക്ഷകനായി'; ഡൽഹിയെ മൂന്ന് വിക്കറ്റിന് കീഴടക്കി മോർഗനും സംഘവും ഫൈനലിൽ; ചെന്നൈയ്ക്ക് എതിരെ കലാശപോരാട്ടം വെള്ളിയാഴ്ച
ഷാർജ: അവസാന ഓവർ വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് വീഴ്‌ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഫൈനലിൽ. രണ്ടാം ക്വാളിഫയർ ആദ്യം ബാറ്റ് ചെയ്ത് ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസം കുതിച്ച ശേഷം അവിശ്വസനീയമായി തകർന്നടിഞ്ഞ് തോൽവിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സിന് പറത്തി രാഹുൽ ത്രിപാഠി കൊൽക്കത്തയെ ഫൈനലിലേക്ക് കടത്തിവിട്ടു. സ്‌കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 135-5, കൊൽക്കത്ത 19.5 ഓവറിൽ 136-7.
പതിനാറാം ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്നു. അവസാന നാലോവറിൽ ജയത്തിലേക്ക് വേണ്ടത് വെറും 13 റൺസ്. തോൽവി ഉറപ്പിച്ച ഡൽഹി താരങ്ങൾ നിരാരായി നിൽക്കുമ്പോഴാണ് കൊൽക്കത്ത അവിശ്വസനീയമായി തകർന്നടിഞ്ഞത്. ആവേശ് ഖാൻ എറിഞ്ഞ പതിനേഴാം ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത കൊൽക്കത്തക്ക് ശുഭ്മാൻ ഗില്ലിന്റെ(46) വിക്കറ്റ് നഷ്ടമായി. റബാഡ എറിഞ്ഞ പതിനെട്ടാം ഓവറിൽ കൊൽക്കത്ത നേടിയ ഒറു റൺസ് മാത്രം. ദിനേശ് കാർത്തിക്കിനെ(0) നഷ്ടമാവുകയും ചെയ്തു. നേർട്യ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ(0) വിക്കറ്റ് നഷ്ടമാക്കി കൊൽക്കത്ത നേടിയത് വെറും മൂന്ന് റൺസ്. അതിൽ രണ്ട് റൺസ് വന്നത് ശ്രേയസ് അയ്യരുടെ മിസ് ഫീൽഡിൽ നിന്നും.
ഇതോടെ അശ്വിനെറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തക്ക് ജയിക്കാൻ 7 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രാഹുൽ ത്രപാഠി സിംഗിളെടുത്തു. രണ്ടാം പന്തിൽ ഷാക്കിബ് അൽ ഹസന് റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ ഷാക്കിബിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ഡൽഹിക്ക് വിജയപ്രതീക്ഷ നൽകി. നാലാം പന്തിൽ സുനിൽ നരെയ്ൻ സിക്‌സിന് ശ്രമിച്ചെങ്കിലും ബൗണ്ടറിയിൽ അക്‌സർ പട്ടേലിന്റെ കൈയിലൊതുങ്ങി. കൊൽക്കത്തക്ക് ജയിക്കാൻ രണ്ട് പന്തിൽ 6 റൺസ്. അഞ്ചാം പന്ത് നേരിട്ട രാഹുൽ ത്രിപാഠി അശ്വിനെ ലോംഗ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കൊൽക്കത്തയെ ഫൈനലിലെത്തിച്ചു.
WHAT. A. FINISH! ???? ???? @KKRiders hold their nerve and seal a thrilling win over the spirited @DelhiCapitals in the #VIVOIPL #Qualifier2 & secure a place in the #Final. ???? ???? #KKRvDC
- IndianPremierLeague (@IPL) October 13, 2021
Scorecard ???? https://t.co/eAAJHvCMYS pic.twitter.com/Qqf3fu1LRt
ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊൽക്കത്തയെ വലിയ തകർച്ചയിലേക്ക് തള്ളിയിട്ട് വിറപ്പിച്ചാണ് ഡൽഹി കീഴടങ്ങിയത്. 136 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 14.5 ഓവറിൽ ഒരു വിക്കറ്റിന് 123 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകർത്ത കൊൽക്കത്ത 130 ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു.
അർധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാൻ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുൺ ചക്രവർത്തിയുമാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. കൊൽക്കത്ത ഇത് മൂന്നാം തവണയാണ് ഐ.പി.എല്ലിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. മുൻപ് രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചപ്പോഴും കൊൽക്കത്ത കിരീടം നേടിയിരുന്നു. മത്സരത്തിൽ തോറ്റതോടെ ഡൽഹി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
136 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് വേണ്ടി ആദ്യ പന്തിൽ തന്നെ ഗിൽ ബൗണ്ടറി നേടി. പിന്നാലെ വെങ്കടേഷ് അയ്യർ തകർത്തടിക്കാൻ തുടങ്ങിയതോടെ കൊൽക്കത്ത സ്‌കോർ കുതിച്ചു. 5.4 ഓവറിൽ ടീം സ്‌കോർ 50 കടന്നു.
ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം വളരെ ശ്രദ്ധിച്ചാണ് ഗില്ലും അയ്യരും ബാറ്റുവീശിയത്. സിംഗിളുകളും ഡബിളുകളുമായി ഇരുവരും റൺറേറ്റ് താഴാതെ കാത്തു. മോശം പന്തുകൾ തിരഞ്ഞുപിടിച്ച് പ്രഹരിക്കാനും മറന്നില്ല. ആദ്യ പത്തോവറിൽ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസെടുത്തു.
പിന്നാലെ വെങ്കടേഷ് അയ്യർ അർധസെഞ്ചുറി നേടി. 38 പന്തുകളിൽ നിന്നാണ് താരം സീസണിലെ മൂന്നാം അർധസെഞ്ചുറി നേടിയത്. യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും അർധസെഞ്ചുറി നേടാൻ വെങ്കടേഷിന് സാധിച്ചു.
എന്നാൽ 13-ാം ഓവിലെ രണ്ടാം പന്തിൽ വെങ്കടേഷ് അയ്യരെ റബാദ പുറത്താക്കി. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 55 റൺസെടുത്ത് മികച്ച അടിത്തറ സമ്മാനിച്ചാണ് വെങ്കടേഷ് ക്രീസ് വിട്ടത്. ഒപ്പം ആദ്യ വിക്കറ്റിൽ ഗില്ലിനൊപ്പം 96 റൺസിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു.
വെങ്കടേഷിന് പകരം നിതീഷ് റാണ ക്രീസിലെത്തി. 13 റൺസെടുത്ത റാണ അനാവശ്യ ഷോട്ടിന് ശ്രമിച്ച് നോർക്കെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഗില്ലും വീണു. 46 റൺസെടുത്ത ഗില്ലിനെ ആവേശ് ഖാൻ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.
പിന്നീട് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠിയും ദിനേശ് കാർത്തിക്കും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18-ാം ഓവറെറിഞ്ഞ റബാദയുടെ ഓവറിൽ വെറും ഒരു റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. ആ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് റബാദ പിഴുതതോടെ കളി ആവേശത്തിലായി.
അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 10 റൺസായി മാറി. കാർത്തിക്കിന് പകരം നായകൻ മോർഗൻ ക്രീസിലെത്തി. 19-ാം ഓവറെറിഞ്ഞ നോർക്കെ വെറും മൂന്ന് റൺസ് മാത്രം വിട്ടുനൽകി. ഓവറിലെ അവസാന പന്തിൽ മോർഗനെ ബൗൾഡാക്കുകയും ചെയ്തതോടെ മത്സരം കനത്തു. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം ഏഴ് റൺസായി. 123 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്നാണ് കൊൽക്കത്ത 129 ന് അഞ്ച് എന്ന സ്‌കോറിലേക്ക് വീണത്.
അവസാന ഓവർ അശ്വിനാണ് എറിഞ്ഞത്. ആദ്യ പന്തിൽ രാഹുൽ സിംഗിളെടുത്തു. രണ്ടാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഷാക്കിബിന് റൺസെടു്കാനായില്ല. മൂന്നാം പന്തിൽ ഷാക്കിബിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ കളി കൂടുതൽ സമ്മർദ്ദത്തിലേക്ക് വീഴ്‌ത്തി. ഇതോടെ കൊൽക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തിൽ നിന്ന് ആറ് റൺസായി.
സുനിൽ നരെയ്നാണ് ക്രീസിലെത്തിയത്. നാലാം പന്തിൽ നരെയ്നിനെ മടക്കി അശ്വിൻ വീണ്ടും ഡൽഹിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം പന്തിൽ സിക്സടിച്ചുകൊണ്ട് രാഹുൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. അവിശ്വസനീയമായ രംഗങ്ങൾക്കാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. രാഹുൽ 12 റൺസെടുത്തും ഫെർഗൂസൻ റണ്ണൊന്നും എടുക്കാതെയും പുറത്താവാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആന്റിച്ച് നോർക്കെ, അശ്വിൻ, റബാദ, എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ ഷാർജയിലെ സ്ലോ പിച്ചിൽ കൊൽക്കത്ത ബൗളർമാർ കെട്ടിയിട്ടപ്പോൾ ഡൽഹി സ്‌കോർ 20 ഓവറിൽ 135 റൺസിലൊതുങ്ങി. 36 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 27 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പോരാട്ടവും നിർണായകമായി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ നാലോവറിൽ 32 റൺസെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഷായെ മടക്കി വരുൺ ചക്രവർത്തി ഡൽഹിയെ തളർത്തി. 12 പന്തുകളിൽ നിന്ന് 18 റൺസെടുത്ത താരത്തെ വരുൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
ഷായ്ക്ക് പകരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവർപ്ലേയിൽ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തു.7.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു. സ്റ്റോയിനിസും ധവാനും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ഡൽഹി റൺറേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറിൽ 65 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
സ്‌കോർ 71 -ൽ നിൽക്കേ 23 പന്തുകളിൽ നിന്ന് 18 റൺസെടുത്ത സ്റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡൽഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്‌കോർ ഉയർത്താൻ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർ അതിന് അനുവദിച്ചില്ല.
15-ാം ഓവറിലെ ആദ്യ പന്തിൽ ക്ഷമയോടെ പിടിച്ചുനിന്ന ശിഖർ ധവാനെ വരുൺ ചക്രവർത്തി പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാൻ ഷാക്കിബ് അൽ ഹസ്സന് ക്യാച്ച് നൽകി മടങ്ങി. 39 പന്തുകളിൽ നിന്ന് 36 റൺസെടുത്താണ് താരം മടങ്ങിയത്. ധവാൻ മടങ്ങുമ്പോൾ ഡൽഹി 83 റൺസ് മാത്രമാണെടുത്തത്.
പിന്നാലെ വന്ന ഡൽഹി നായകൻ ഋഷഭ് പന്തിനും പിടിച്ചുനിൽക്കാനായില്ല. വെറും ആറ് റൺസ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെർഗൂസൻ രാഹുൽ ത്രിപാഠിയുടെ കൈയിലെത്തിച്ചു. ഇതോടെ ഡൽഹി 15.2 ഓവറിൽ 90 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പന്തിന് പകരം വന്ന ഷിംറോൺ ഹെറ്റ്മെയറെ വരുൺ ചക്രവർത്തി പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാൻ ഡൽഹിക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോർ 100 കടന്നത്. പിന്നാലെ രണ്ട് സിക്സടിച്ച് ഹെറ്റ്മെയർ സ്‌കോർ ഉയർത്തി. എന്നാൽ 19-ാം ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്മെയറെ വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. 10 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്.
അവസാന ഓവറിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോർ 130 കടത്തിയത്. ശ്രേയസ് 30 റൺസെടുത്തും അക്ഷർ പട്ടേൽ നാല് റൺസ് നേടിയും പുറത്താവാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാലോവറിൽ 26 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശിവം മാവി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്പോർട്സ് ഡെസ്ക്