മുംബൈ: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 216 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി അർദ്ധ സെഞ്ചുറികൾ കുറിച്ച ഡേവിഡ് വാർണറിന്റെയും പൃഥ്വി ഷായുടേയും മികവിലാണ് കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചത്. 45 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മോഹിപ്പിക്കുന്ന തുടക്കാണ് വാർണർ- പൃഥ്വി സഖ്യം ഡൽഹിക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 84 റൺസ് പിറന്നു. ഒമ്പാതാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 29 പന്തിൽ 51 റൺസെടുത്ത പൃഥ്വിയെ വരുൺ ചക്രവർത്തി ബൗൾഡാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിങ്സ്.

മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും നിർണായക സംഭാവന നൽകി. 14 പന്ത് മാത്രം നേരിട്ട ക്യാപ്റ്റൻ നേടിയത് 27 റൺസ്. രണ്ട് വീതം സിക്സും ഫോറും ഇതിലുണ്ടായിരുന്നു. 55 റൺസാണ് വാർണർക്കൊപ്പം പന്ത് കൂട്ടിചേർത്തത്. എന്നാൽ ആന്ദ്രേ റസ്സലിന്റെ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ്മാനിൽ ഉമേഷിന് ക്യാച്ച് നൽകി.

പിന്നീടെത്തിയവരിൽ ലളിത് യാദവ് (1), റോവ്മാൻ പവൽ (8) എന്നിവർ നിരാശപ്പെടുത്തി. കൂടാതെ വാർണറും മടങ്ങി. ഇതോടെ അഞ്ചിന് 166 എന്ന നിലയിലായി ഡൽഹി. എന്നാൽ ക്രീസിൽ ഒത്തുചേർന്ന അക്സർ പട്ടേൽ (14 പന്തിൽ 22), ഷാർദുൽ ഠാക്കൂർ (11 പന്തിൽ 29) സഖ്യം ഡൽഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 49 റൺസാണ് ടോട്ടലിനൊപ്പം ചേർത്തത്. ഇതോടെ സ്‌കോർ 215ലെത്തി. കൊൽക്കത്ത ബൗളിങ് നിരയിൽ സുനിൽ നരെയ്നൊഴികെയുള്ളവരെല്ലാം നന്നായി തല്ലു വാങ്ങി. നരെയ്ൻ നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. പാറ്റ് കമ്മിൻസ് ഈ മത്സരത്തിലും 50-ലേറെ റൺസ് വഴങ്ങി. ഉമേഷ്, വരുൺ, റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ മാറ്റമില്ലാതെയാണ് കൊൽക്കത്ത ഇറങ്ങിയത്. ഡൽഹി ഒരു മാറ്റം വരുത്തി ആന്റിച്ച നോർക്യക്ക് പകരം ഖലീൽ അഹമ്മദ് പ്ലേയിങ് ഇലവനിലെത്തി. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങുന്നത്. ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു.

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു. ഈ സീസണിൽ മികച്ച പ്രകടനമാണ് ശ്രേയസിന്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തെടുക്കുന്നത്. നാലിൽ മൂന്നും ജയിച്ച കെകെആർ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. അതേസമയം മൂന്ന് കളികളിൽ ഒരു ജയം മാത്രമുള്ള ഡൽഹി ക്യാപിറ്റൽസ് ഏഴാം സ്ഥാനത്താണ്.