ദുബായ്: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി പഞ്ചാബ് കിങ്‌സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. 166 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കെ കെ എൽ രാഹുലും സംഘവും മറികടന്നു.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ പ്രകടനമാണ് പഞ്ചാബ് വിജയത്തിൽ നിർണായകമായത്. 55 പന്തുകൾ നേരിട്ട രാഹുൽ രണ്ട് സിക്സും നാല് ഫോറുമടക്കം 67 റൺസെടുത്തു.

ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. അത്രതന്നെ മത്സരങ്ങളിൽ നിന്നും പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഇരുടീമുകൾക്കും നിർണായകമാകും.

166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 53 പന്തിൽ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 70 റൺസ് എടുത്തു. 27 പന്തിൽ 40 റൺസ് എടുത്ത മായങ്കിനെ വരുൺ ചക്രവർത്തിയാണ് പുറത്താക്കിയത്.

തുടർന്ന് ക്രീസിലെത്തിയ നിക്കോളസ് പുരാനും എയ്ഡൻ മാർക്രവും രാഹുലിന് മികച്ച പിന്തുണ നൽകി. പുരാൻ 12 ഉം മാർക്രം 18 ഉം റൺസ് എടുത്തു. ദീപക് ഹൂഡയെ നിലയുറപ്പിക്കും മുമ്പെ ശിവം മാവി പുറത്താക്കി. അവസാന ഓവറിൽ ആറ് പന്തിൽ അഞ്ച് റൺസ് മാത്രം വിജയലക്ഷ്യം നിൽക്കെ രാഹുലിനെ പുറത്താക്കി വെങ്കിടേഷ് അയ്യർ പഞ്ചാബിനെ ഞെട്ടിച്ചു.

ഫാബിയൻ അലനെ കൂട്ടുപിടിച്ച് ഷാറൂഖ് ഖാൻ പഞ്ചാബിനെ ജയത്തിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷാരുഖ് ഖാനും പഞ്ചാബ് വിജയത്തിൽ നിർണായക സംഭാവന നൽകി. ഒമ്പത് പന്തുകൾ നേരിട്ട ഷാരുഖ് രണ്ട് സിക്സും ഒരു ഫോറുമടക്കം 22 റൺസോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മികച്ച തുടക്കം ലഭിച്ച് വമ്പൻ സ്‌കോറിലേക്ക് കുതിച്ചെങ്കിലും ഡത്ത് ഓവറുകളിൽ വിക്കറ്റുകൾ വീണതോടെ കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കൃത്യത പാലിച്ചത് ടീമിന് നേട്ടമായി.

തകർത്തടിച്ച ഓപ്പണർ വെങ്കടേഷ് അയ്യരാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. 49 പന്തുകൾ നേരിട്ട വെങ്കടേഷ് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 67 റൺസെടുത്തു.

കൊൽക്കത്തയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (7) നഷ്ടമായി. അർഷദീപ് സിങ്ങാണ് താരത്തെ പുറത്താക്കിയത്.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് - രാഹുൽ ത്രിപാഠി സഖ്യം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്തിൽ നിന്ന് 34 റൺസെടുത്ത ത്രിപാഠിയെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15-ാം ഓവറിൽ വെങ്കടേഷിനെയും ബിഷ്ണോയ് മടക്കി.

തുടർന്നെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗന് കൊൽക്കത്ത സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. രണ്ടു റൺസെടുത്ത മോർഗനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.

18 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 31 റൺസെടുത്ത നിതീഷ് റാണ മികച്ച ബാറ്റിങ് പുറത്തെടുത്തു. ദിനേഷ് കാർത്തിക്ക് 11 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി. സുനിൽ നരെയ്ൻ മൂന്ന് റൺസോടെ പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷദീപ് സിങ് മൂന്നും രവി ബിഷ്ണോയ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.