ഷാർജ: ഐപിഎല്ലിൽ ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകർത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ. ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഒരു ഐപിഎൽ കിരീട നേട്ടത്തോടെ ടീമിന്റെ നായക സ്ഥാനം ഒഴിയാമെന്ന വിരാട് കോലിയുടെ സ്വപ്‌നങ്ങൾ തകർത്തത് പന്തുകൊണ്ടും ബാറ്റുകൊണ്ടും വിസ്മയം തീർത്ത വിൻഡീസ് താരം സുനിൽ നരെയ്‌നാണ്.

ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസാണ് കൊൽക്കത്തയുടെ എതിരാളികൾ. സ്‌കോർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 138-9, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4ഓവറിൽ 139-6.

139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് 5.2 ഓവറിൽ 41 റൺസടിച്ച് മികച്ച തുടക്കമിട്ടു. പവർ പ്ലേയിലെ അവസാന ഓവറിൽ തന്റെ തുരുപ്പുചീട്ടായ ഹർഷൽ പട്ടേലിനെ ബൗളിംഗിന് വിളിച്ച വിരാട് കോലിയുടെ തന്ത്രം ഫലിച്ചു. തന്റെ ആദ്യ ഓവറിൽ തന്നെ നിലയുറപ്പിച്ച ഗില്ലിനെ(24) ഡിവില്ലിയേഴ്‌സിന്റെ കൈകളിലെത്തിച്ച് ഹർഷാൽ ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ രാഹുൽ ത്രിപാഠിയെ(6) ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ കൊൽക്കത്ത അപകടം മണത്തു.

ക്രീസിലെത്തിയ നിതീഷ് റാണയും വെങ്കടേഷും വളരെ സൂക്ഷിച്ചാണ് കളിച്ചത്. സ്പിന്നർമാരെ കോലി ഇറക്കിയതോടെ കൊൽക്കത്തയുടെ വേഗം കുറഞ്ഞു. വെങ്കടേഷ് അയ്യരെ പുറത്താക്കാനുള്ള സുവർണാവസരം ഷഹബാസ് പാഴാക്കിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. എന്നാൽ 11-ാം ഓവറിൽ അയ്യരെ മടക്കി ഹർഷൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു.

30 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ ഹർഷൽ വിക്കറ്റ് കീപ്പർ ഭരത്തിന്റെ കൈയിലെത്തിച്ചു. ഇതോടെ കൊൽക്കത്ത 79 ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. അയ്യർക്ക് പകരം സുനിൽ നരെയ്നാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യപന്തിൽ തന്നെ സിക്സടിച്ച് നരെയ്ൻ സമ്മർദം കുറച്ചു. ഡാൻ ക്രിസ്റ്റ്യൻ എറിഞ്ഞ രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സടിച്ച് നരെയ്ൻ കൊടുങ്കാറ്റായി മാറി. 12 ഓവറിൽ ടീം സ്‌കോർ 100 കടന്നു.

എന്നാൽ 23 റൺസെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത റാണയെ പുറത്താക്കി ചാഹൽ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ഡിവില്ലിയേഴ്സാണ് താരത്തെ ക്യാച്ചെടുത്ത് പറഞ്ഞയച്ചത്. റാണയ്ക്ക് പകരം ദിനേശ് കാർത്തിക്ക് ക്രീസിലെത്തി.

അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നു. സിറാജെറിഞ്ഞ 18-ാം ഓവറിലെ രണ്ടാം പന്തിൽ അപകടകാരിയായ നരെയ്ൻ പുറത്തായി. 15 പന്തുകളിൽ നിന്ന് 26 റൺസെടുത്ത നരെയ്നിനെ സിറാജ് ബൗൾഡാക്കി. താരത്തിന് പകരം നായകൻ ഒയിൻ മോർഗൻ ക്രീസിലെത്തി.

അതേ ഓവറിലെ നാലാം പന്തിൽ ദിനേശ് കാർത്തിക്കിനെയും മടക്കി സിറാജ് കളി ആവേശക്കൊടുമുടിയിൽ എത്തിച്ചു. 10 റൺസ് മാത്രമടുത്ത കാർത്തിക്ക് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിന് ക്യാച്ച് നൽകി മടങ്ങി. ആ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇതോടെ അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 12 റൺസായി.

കാർത്തിക്കിന് പകരം ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സനാണ് ക്രീസിലെത്തിയത്. ജോർജ് ഗാർട്ടൺ എറിഞ്ഞ 19-ാം ഓവറിൽ കൊൽക്കത്ത അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഇതോടെ അവസാന ഓവറിൽ വിജയലക്ഷ്യം ഏഴ് റൺസായി.

അവസാന ഓവർ എറിഞ്ഞ ഡാൻ ക്രിസ്റ്റിയന്റെ ആദ്യ പന്തിൽ തന്നെ ഫോറടിച്ച് ഷാക്കിബ് മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. രണ്ടാം പന്തിൽ സിംഗിളും നേടി. മൂന്നാം പന്തിൽ മോർഗൻ ഒരു റൺസ് നേടി. നാലാം പന്തിൽ വിജയറൺനേടിക്കൊണ്ട് ഷാക്കിബ് കൊൽക്കത്തയ്ക്ക് ക്വാളിഫയറിലേക്കുള്ള വാതിൽ തുറന്നു. ബാംഗ്ലൂർ പൊരുതിത്തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഷാക്കിബ് ഒൻപതും മോർഗൻ അഞ്ചും റൺസെടുത്ത് പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ പവർ പ്ലേയിൽ 53 റൺസടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും ഷാക്കിബ് അൽ ഹസനും ചേർന്ന് വരിഞ്ഞു മുറുക്കിയതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസിലൊതുങ്ങുകയായിരുന്നു. 33 പന്തിൽ 39 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ നാലോവറിൽ 21 റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി.

പവർ പ്ലേയിൽ 53 റൺസടിച്ച ബാംഗ്ലൂർ പതിനാലാം ഓവറിലാണ് 100 കടന്നത്. അവസാന ആറോവോറിൽ 38 റൺസ് മാത്രമാണ് ബാംഗ്ലൂരിന് കൂട്ടിച്ചേർക്കാനായത്. അവസാന ഓവറിൽ 12 റൺസടിച്ച ഹർഷൽ പട്ടേലും ഡാൻ ക്രിസ്റ്റ്യനും ചേർന്നാണ് ബാംഗ്ലൂരിനെ ഷാർജയിലെ സ്ലോ പിച്ചിൽ പൊതുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. കൊൽക്കത്തക്കായി നരെയ്ൻ നാലു വിക്കറ്റെടുത്തപ്പോൾ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റെടുത്തു.