ദുബായ്: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ 'പൊരുതി നേടിയ' ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ് ഒയിൻ മോർഗനും സംഘവും കീഴടക്കിയത്. 116 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു.

ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ അർധ സെഞ്ചുറിയാണ് കൊൽക്കത്തയുടെ ഇന്നിങ്‌സിന് കരുത്തായത്. 13 മത്സരങ്ങളിൽ 12 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത. അവസാനക്കാരായ സൺറൈസേഴ്സ് നേരത്തെ പുറത്തായിരുന്നു.

14 പന്തിൽ 8 റൺസ് എടുത്ത് നിൽക്കെ ഓപ്പണർ വെങ്കടേഷ് അയ്യരെ കൊൽക്കത്തയ്ക്ക് നഷ്ടമായി. അഞ്ചാം ഓവറിലെ നാലാം പന്തിൽ ഹോൾഡർ ബൗൾഡാക്കുകയായിരുന്നു. പവർപ്ലേയിൽ എന്ന 36-1 സ്‌കോറിലായിരുന്നു കെകെആർ. തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാറിയെ(6 പന്തിൽ ഏഴ്) റാഷിദ് ഖാൻ അഭിഷേകിന്റെ കൈകളിലെത്തിച്ചു. എന്നാൽ ഗിൽ 44 പന്തിൽ അർധ സെഞ്ചുറി തികച്ചതോടെ കൊൽക്കത്ത ട്രാക്കിലായി. കൗൾ 51 പന്തിൽ 57 റൺസെടുത്ത ഗില്ലിനെ 17-ാം ഓവറിൽ ഹോൾഡറുടെ കൈകളിലെത്തിച്ചതോടെ വീണ്ടും ആശങ്ക.

ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് റാണ കൊൽക്കത്തയെ മുന്നോട്ടുനയിച്ചു. ഹോൾഡറിന്റെ 18-ാം ഓവറിലെ അവസാന പന്തിൽ സാഹയ്ക്ക് ക്യാച്ച് നൽകി റാണ(33 പന്തിൽ 25) മടങ്ങിയെങ്കിലും ജയിക്കാൻ രണ്ട് ഓവറിൽ 10 റൺസ് കെകെആറിന് മതിയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് ദിനേശ് കാർത്തിക്കും(18*), ഓയിൻ മോർഗനും(2*) കൊൽക്കത്തയെ രണ്ട് പന്ത് ബാക്കിനിൽക്കേ എത്തിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറിൽ 115-8 എന്ന സ്‌കോറിൽ കൊൽക്കത്ത ഒതുക്കി. 26 റൺസെടുത്ത നായകൻ കെയ്ൻ വില്യംസണാണ ടോപ് സ്‌കോറർ. സൗത്തിയും മാവിയും ചക്രവർത്തിയും രണ്ട് വീതവും ഷാക്കിബ് ഒരു വിക്കറ്റും നേടി.

സൗത്തിയുടെ ഓവറിലെ രണ്ടാം പന്തിൽ വൃദ്ധിമാൻ സാഹ ഗോൾഡൺ ഡക്കായി. മാവി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിൽ ജേസൻ റോയി(10) സൗത്തിയുടെ കൈകളിലെത്തി. ഏഴാം ഓവറിലെ അഞ്ചാം പന്തിൽ നായകൻ കെയ്ൻ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന നിലയിൽ സൺറൈസേഴ്സ് മൂക്കുകുത്തി.

അഭിഷേക് ശർമ്മയ്ക്കും പിടിച്ചുനിൽക്കാനായില്ല. 11-ാം ഓവറിൽ ഷാക്കിബിനായിരുന്നു വിക്കറ്റ്. പ്രിയം ഗാർഗിന്റെ പോരാട്ടം 31 പന്തിൽ 21ൽ അവസാനിച്ചു. കൂറ്റനടിക്കുള്ള ആയുസ് ജേസൺ ഹോൾഡർക്കുമുണ്ടായില്ല(8 പന്തിൽ 2). വരുണിനായിരുന്നു ഇരു വിക്കറ്റുകളും. 17-ാം ഓവറിൽ ചക്രവർത്തിക്കെതിരെ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തിയ അബ്ദുൾ സമദ്(18 പന്തിൽ 25) സൗത്തിയുടെ തൊട്ടടുത്ത ഓവറിൽ ഗില്ലിന്റെ കൈകളിൽ അവസാനിച്ചു. മാവിയുടെ 19-ാം ഓവറിൽ റാഷിദ് ഖാൻ(6 പന്തിൽ 8) മടങ്ങി. 20 ഓവർ പൂർത്തിയാകുമ്പോൾ സിദ്ധാർഥ് കൗളും, ഭുവനേശ്വർ കുമാറും ഏഴ് റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു.