പൂണെ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം. 28 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസ്സൽ, സാം ബില്ലിങ്‌സ് (29 പന്തിൽ 34), എന്നിവരുടെ മികവിലാണ് കൊൽക്കത്ത ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.വാഷിങ്ടൺ സുന്ദർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സ് അടക്കം 20 റൺസെടുത്താണ് റസൽ കൊൽക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഹൈദരാബാദിനായി ഉംറാൻ മാലിക്ക് മൂന്ന് വിക്കറ്റുമായി തിളങ്ങി.

ടോസിലെ ഭാഗ്യം കൊൽക്കത്തക്ക് ബാറ്റിംഗിലുണ്ടായില്ല. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വെങ്കടേഷ് അയ്യരെ(6) മടക്കി ജാൻസൻ കൊൽക്കത്തക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഓപ്പണർ അജിൻക്യ രഹാനെയും (24 പന്തിൽ 28), നിതീഷ് റാണയും (16 പന്തിൽ 26) ചേർന്ന് 48 റൺസ് കൂട്ടിചേർത്ത്. എട്ടാം ഓവറിൽ റാണയെ പുറത്താക്കി ഉംറാൻ മാലിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിൽ തന്നെ രഹാനെയുടെ വിക്കറ്റും ഉംറാൻ വീഴ്‌ത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് (9 പന്തിൽ 15) ഇന്നും കാര്യമായ സംഭവന നൽകാനായില്ല.

ആദ്യം നിതീഷ് റാണയെ(16 പന്തിൽ 26) മടക്കിയ മാലിക്ക് പിന്നാലെ രഹാനെയെ(24 പന്തിൽ 28) വീഴ്‌ത്തി. പ്രതീക്ഷ നൽകിയ ശ്രേയസിനെ(9 പന്തിൽ 15) യും മടക്കി മാലിക്ക് കൊൽക്കത്തയുടെ നടുവൊടിച്ചു. റിങ്കു സിംഗിനെ(5) നടരാജൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തതോടെ കൊൽക്കത്ത 94-5ലേക്ക് കൂപ്പുകുത്തി.

സാം ബില്ലിങ്‌സും ആന്ദ്രെ റസ്സലും ചേർന്ന് ആറാം വിക്കറ്റിൽ 63 റൺസെടുത്തതാണ് കൊൽക്കത്തയ്ക്ക് രക്ഷയായത്. നാല് സിക്‌സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിങ്‌സ്. റിങ്കു സിങ് (6 പന്തിൽ 5), സുനിൽ നരെയ്ൻ (1*) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റർമാരുടെ സ്‌കോറുകൾ.

പതിവ് ആക്രമണം വിട്ട് കരുതലോടെ കളിച്ച റസൽ അവസാന ഓവർ വരെ പിടിച്ചു നിന്നതുകൊൽക്കത്തക്ക് ഗുണകരമായി. പത്തൊമ്പതാം ഓവറിൽ ബില്ലിങ്‌സിനെ(29 പന്തിൽ 34) ഭുവനേശ്വർകുമാർ വീഴ്‌ത്തിയെങ്കിലും അവസാന ഓവറിൽ തകർത്തടിച്ച റസൽ കൊൽക്കത്തയെ 177ൽ എത്തിച്ചു.

ഹൈദരാബാദിനായി ഉംറാൻ മാലിക്ക് നാലോവറിൽ 33 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ നാലോവറിൽ 27 റൺസിന് ഒരു വിക്കറ്റെടുത്തു. നേരത്തെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊൽക്കത്ത ടീമിൽ പാറ്റ് കമിൻസിന് പകരം ഉമേഷ് യാദവ് തിരിച്ചെത്തിയപ്പോൾ ഷെൽഡൺ ജാക്‌സണ് പകരം വിക്കറ്റ് കീപ്പറായി സാം ബില്ലിങ്‌സ് എത്തി.ഹൈദരാബാദ് ടീമിൽ പേസർ നടരാജനും സ്പിന്നർ വാഷിങ്ടൺ സുന്ദറും തിരിച്ചെത്തി. മാർക്കോ ജാൻസനും പേസ് നിരയിൽ തിരിച്ചെത്തി.