- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
28 പന്തിൽ പുറത്താകാതെ 49 റൺസ്; 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും; ഓൾറൗണ്ട് മികവുമായി ആന്ദ്രെ റസൽ; കൊൽക്കത്തയ്ക്ക് 54 റൺസിന്റെ തകർപ്പൻ ജയം; ഹൈദരാബാദിന് തുടർച്ചയായ അഞ്ചാം തോൽവി

പൂണെ: ബാറ്റുകൊണ്ടും പന്തുകൊണ്ടും പോരാടിയ ആന്ദ്രെ റസലിന്റെ ഓൾറൗണ്ട് മികവിൽ സൺറൈസേഴ്‌സ് ഹൈദരാബിദിനെ 54 റൺസിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത കൊൽക്കത്ത നിലനിർത്തി.
ബാറ്റിംഗിൽ 28 പന്തിൽ പുറത്താകാതെ 49 റൺസും ബൗളിംഗിൽ 22 റൺസിന് മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രെ റസലിന്റെ ഓൾ റൗണ്ട് പ്രകടനമാണ് കൊൽക്കത്തക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്കുശേഷം പിന്നീട് തുടർച്ചയായി അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. സ്‌കോർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 177-6, സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 123-8.
നായകൻ കെയ്ൻ വില്യംസൺ തുടക്കം മുതൽ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞതോടെ ഹൈദരാബാദ് സമ്മർദ്ദത്തിലായി. അഭിഷേക് ശർമയും ഏയഡൻ മാർക്രവും ഒഴികെയുള്ളവരെല്ലാം ടെസ്റ്റ് കളിച്ചപ്പോൾ ഹൈദരാബാദിന് ഒരിക്കൽ പോലും വിജപ്രതീക്ഷ ഉയർത്താനായില്ല.
17 പന്തിൽ ഒമ്പത് റൺസെടുത്ത വില്യംസണെ മടക്കി ആന്ദ്ര റസൽ തന്നെയാണ് ഹൈദരാബാദിന്റെ തകർച്ചക്ക് തുടക്കമിട്ടത്. രാഹുൽ ത്രിപാഠി(12 പന്തിൽ 9)യെ സൗത്തി മടക്കി. മാർക്രം(25 പന്തിൽ 32) പ്രതീക്ഷ നൽകിയെങ്കിലും ഉമേഷിന്റെ പേസിന് മുന്നിൽ വീണു. പൊരുതിനോക്കിയ അഭിഷേക് ശർമയെ(28 പന്തിൽ 43) വരുൺ ചക്രവർത്തി വീഴ്‌ത്തി.
നിക്കോളാസ് പുരാൻ(2), വാഷിങ്ടൺ സുന്ദർ(4), ശശാങ്ക് സിങ്(11), എന്നിവരെല്ലാം പൊരുതാതെ മടങ്ങി. കൊൽക്കത്തക്കായി ആന്ദ്രെ റസൽ നാലോവറിൽ 23 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ടിം സൗത്തി നാലോവറിൽ 23 റൺസിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത അവസാന ഓവറിൽ ആന്ദ്രെ റസൽ നടത്തിയ വെടിക്കെട്ടിന്റെ കരുത്തിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തത്. 28 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന റസലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. വാഷിങ്ടൺ സുന്ദർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സ് അടക്കം 20 റൺസെടുത്താണ് റസൽ കൊൽക്കത്തയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഹൈദരാബാദിനായി ഉംറാൻ മാലിക്ക് മൂന്ന് വിക്കറ്റുമായി തിളങ്ങി.


