- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവിനും കൂട്ടർക്കും ഐപിഎല്ലിൽ മടക്കം; രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായതുകൊൽക്കത്തയോട് 60 റൺസിന് കൂറ്റൻ തോൽവിയോടെ; കമ്മിൻസിന്റെ തീപാറുന്ന പന്തുകളിൽ തകർന്നടിഞ്ഞ് റോയൽസ് മുൻനിര; പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത
ദുബായ്: ഐപിഎല്ലിൽ സഞ്ജുവിനും കൂട്ടർക്കും മടക്കം. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 60 റൺസിന് തകർത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി. കൊൽക്കത്ത ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്റെ മുൻനിരയെ തകർത്ത കമ്മിൻസാണ് വിജയം പിടിച്ചെടുത്തത്.
തോൽവിയോടെ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ബാക്കി മത്സരഫലങ്ങളെ ആശ്രയിച്ചാകും അവരുടെ സാധ്യത. 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ കൂട്ടത്തകർച്ചയാണ് ദുബായിൽ കണ്ടത്. ആദ്യ ഓവറിൽ റൺസ് വഴങ്ങിയ കമ്മിൻ നാല് വിക്കറ്റുകളാണ് മുൻനിരയിൽ നിന്നും പിഴുതത്.
റോബിൻ ഉത്തപ്പ (6), ബെൻ സ്റ്റോക്ക്സ് (18), സ്റ്റീവ് സ്മിത്ത് (4), റിയാൻ പരാഗ് എന്നിവരെയാണ് കമ്മിൻസ് മടക്കിയത്. സഞ്ജു സാംസണെ (1) ശിവം മാവിയും പുറത്താക്കി. അവസാന പ്രതീക്ഷയായിരുന്ന ജോസ് ബട്ട്ലർ 22 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 35 റൺസെടുത്ത് 11-ാം ഓവറിൽ പുറത്തായതോടെ രാജസ്ഥാന്റെ പതനം പൂർത്തിയായി. രാഹുൽ തെവാട്ടിയ 27 പന്തിൽ 31 റൺസെടുത്ത് പുറത്തായി.
ശ്രേയസ് ഗോപാൽ 23 റൺസോടെ പുറത്താകാതെ നിന്നു. ജോഫ്ര ആർച്ചർ (6), കാർത്തിക് ത്യാഗി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.കൊൽക്കത്തയ്ക്കായി ശിവം മാവിയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 112 റൺസിനുള്ളിൽ രാജസ്ഥാനെ ഒതുക്കിയിരുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊൽക്കത്തയ്ക്ക്, ഇനി ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും നിർണായകമാകും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്. ക്യാപ്റ്റൻ ഓയിൻ മോർഗന്റെ ഇന്നിങ്സാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 35 പന്തുകൾ നേരിട്ട മോർഗൻ ആറു സിക്സും അഞ്ചു ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു.
ഫോമിലുള്ള നിതീഷാ റാണ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്നത് കണ്ടാണ് കൊൽക്കത്ത ഇന്നിങ്സ് തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശുഭ്മാൻ ഗിൽ - രാഹുൽ ത്രിപാഠി സഖ്യം 72 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 24 പന്തുകൾ നേരിട്ട ഗിൽ ആറു ഫോറുകളടക്കം 36 റൺസെടുത്തു. രാഹുൽ ത്രിപാഠി 34 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 39 റൺസെടുത്ത് പുറത്തായി.
സുനിൽ നരെയ്നും (0) ദിനേഷ് കാർത്തിക്കും (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. 11 പന്തിൽ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം തകർത്തടിച്ച ആന്ദ്രേ റസ്സൽ ഭീഷണി ഉയർത്തിയെങ്കിലും 25 റൺസിൽ നിൽക്കെ കാർത്തിക് ത്യാഗി താരത്തെ ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. പാറ്റ് കമ്മിൻസാണ് (15) പുറത്തായ മറ്റൊരു താരം. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രാഹുൽ തെവാട്ടിയയാണ് രാജസ്ഥാന് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്. കാർത്തിക് ത്യാഗി രണ്ടു വിക്കറ്റ് വീഴ്ത്തി.
നെറ്റ് റൺറേറ്റിൽ ഡൽഹിയെയും ബാംഗ്ലൂരിനെയും മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത് 79 റൺസിനു മുകളിലുള്ള മാർജിനിൽ വിജയം. 75 റൺസിനു മുകളിലുള്ള മാർജിനിൽ ജയിച്ചാൽപ്പോലും ഡൽഹിയെ മറികടന്ന് മുന്നിൽക്കയറാനുള്ള സാധ്യയുണ്ടായിരുന്നു. ഇനി സൺറൈസേഴ്സ് അവസാന മത്സരത്തിൽ തോറ്റാൽ അവർക്ക് മുന്നേറാം. ജയിച്ചാൽ, നാളത്തെ ഡൽഹിബാംഗ്ലൂർ മത്സരഫലം നിർണായകമാകും.
മറുനാടന് മലയാളി ബ്യൂറോ