പുനെ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 145 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ്, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങി അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്‌സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 49 പന്തുകൾ നേരിട്ട ഗിൽ ഏഴു ഫോറുകൾ സഹിതം 63 റൺസെടുത്തു. ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഗുജറാത്ത് നിരയിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചവരിൽ ഓപ്പണർ വൃദ്ധിമാൻ സാഹ ഒഴികെയുള്ള ബാറ്റർമാരെല്ലാം രണ്ടക്കത്തിലെത്തി. മാത്യു വെയ്ഡ് (ഏഴു പന്തിൽ 10), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 11), ഡേവിഡ് മില്ലർ (24 പന്തിൽ 26), രാഹുൽ തെവാത്തിയ (16 പന്തിൽ പുറത്താകാതെ 22) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓപ്പണറായി എത്തിയ സാഹ 11 പന്തിൽ അഞ്ച് റൺസുമായി നിരാശപ്പെടുത്തി.

ലക്‌നൗ താരങ്ങളുടെ തകർപ്പൻ ബോളിങ് പ്രകടനമാണ് ഗുജറാത്തിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. ആവേശ് ഖാൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മൊഹ്‌സിൻ ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. ജെയ്‌സൻ ഹോൾഡർ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.

ടോസ് അനുകൂലമായിട്ടും തുടക്കത്തിലെ തകരുകയായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. വൃദ്ധിമാൻ സാഹയെ മൂന്നാം ഓവറിലെ നാലാം പന്തിൽ മൊഹ്സിൻ ഖാൻ പുറത്താക്കിയതിൽ തുടങ്ങി പതർച്ച. 11 പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു സാഹയ്ക്കുണ്ടായിരുന്നു. പിന്നിലെ മാത്യൂ വെയ്ഡ്(7 പന്തിൽ 10), നായകൻ ഹർദിക് പാണ്ഡ്യ(13 പന്തിൽ 11) എന്നിവരെ മടക്കി ആവേഷ് ഖാൻ ഇരട്ട പ്രഹരം നൽകിയതോടെ ഗുജറാത്ത് 9.1 ഓവറിൽ 51-3.

ഡേവിഡ് മില്ലർ വെടിക്കെട്ടിന്റെ സൂചന കാണിച്ചുതുടങ്ങിയെങ്കിലും 24 പന്തിൽ 26 റൺസെടുത്ത് 16-ാം ഓവറിൽ ഹോൾഡറിന് കീഴടങ്ങി. ഇതേ ഓവറിൽ ടീം സ്‌കോർ 100 കടന്നു. ഒരറ്റത്ത് കാലുറപ്പിച്ച ശുഭ്മാൻ ഗിൽ പിന്നാലെ 42 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. ആവേഷ് ഖാനും ജേസൻ ഹോൾഡറും എറിഞ്ഞ അവസാന രണ്ട് ഓവറിൽ ഗുജറാത്ത് പാടുപെട്ടതോടെ സ്‌കോർ 144ൽ ഒതുങ്ങുകയായിരുന്നു. 49 പന്തിൽ 63* റൺസെടുത്ത ഗില്ലിനൊപ്പം രാഹുൽ തെവാട്ടിയ (16 പന്തിൽ 22*) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഹർദിക്കും സംഘവും ഇറങ്ങുന്നത്. ലോക്കീ ഫെർഗൂസന് പകരം മാത്യൂ വെയ്ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്വാന് പകരം യാഷ് ദയാലും പ്ലേയിങ് ഇലവനിലെത്തി. അതേസമയം ഒരു മാറ്റമാണ് കെ എൽ രാഹുലിന്റെ ലഖ്നൗ വരുത്തിയിരിക്കുന്നത്. രവി ബിഷ്ണോയ് പുറത്തായപ്പോൾ കരൺ ശർമ്മ ടീമിലെത്തി.