- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബട്ലർ വീണിട്ടും വീറോടെ പൊരുതി ജയ്സ്വാൾ; പിന്തുണച്ച് സഞ്ജുവും പടിക്കലും; നിർണായക മത്സരത്തിൽ ലഖ്നൗവിനെതിരെ 179 റൺസ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാൻ

മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 179 റൺസ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് മികച്ച അടിത്തറ ലഭിച്ചിട്ടും ഫിനിഷിംഗിൽ മികവ് പുലർത്താനായില്ല. 29 പന്തിൽ 41 റൺസെടുത്ത യഷസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39), സഞ്ജു സാംസൺ (24 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രവി ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തു.
രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മൂന്ന് ഓവറിൽ തന്നെ ജോസ് ബട്ലറെ (2) നഷ്ടമായി. ആവേഷ് ഖാനെ സ്‌കൂപ്പ് ചെയ്യാനുള്ള ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് തെറിച്ചു. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെ നിയന്ത്രണം ഏറ്റെടുത്തു. ജയ്സ്വാളിനൊപ്പം 64 റൺസ് കൂട്ടിചേർക്കാൻ സഞ്ജുവിനായി. എന്നാൽ ജേസൺ ഹോൾഡറുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഡീപ്പ് പോയിന്റിൽ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നൽകി.
സഞ്ജു പുരത്താവുമ്പോൾ സ്‌കോർബോർഡിൽ 75 റൺസുണ്ടായിരുന്നു. പിന്നാലെ രണ്ട് റൺസ് കൂടി കൂട്ടിചേർത്ത് ജയ്സ്വാളും പവലിയനിൽ തിരിച്ചെത്തി. പാർട്ട് ടൈം സ്പിന്നറായ ആയുഷ് ബദോനിക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ പിഴിച്ചു. വായുവിൽ പൊന്തിയ പന്ത് ബദോനിയുടെ കയ്യിൽ തന്നെ വിശ്രമിച്ചു. ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്.
തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പതിവിന് വിപരീതമായി ആക്രമിച്ച് കളിച്ചു. കേവലം 18 പന്തുകൾ മാത്രം നേരിട്ട ദേവ്ദത്ത് രണ്ട് സിക്സിന്റേയും അഞ്ച് ഫോറിന്റേയും പിൻബലത്തിലാണ് 39 റൺസെടുത്തത്. എന്നാൽ രവി ബിഷ്ണോയ് ദേവ്ദത്തിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചു. റിയാൻ പരാഗിനെയും (16 പന്തിൽ 17) ബിഷ്ണോയ് മടക്കി. ജയിംസ് നീഷാം (12 പന്തിൽ 14) റണ്ണൗട്ടാവുകയും ചെയ്തതോടെ രാജസ്ഥാൻ ആറിന് 152 എന്ന നിലയിലായി.
അവസാന ഓവറുകളിൽ ആർ അശ്വിൻ (10), ട്രന്റ് ബോൾട്ട് (17) എന്നിവരാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് രാജസ്ഥാൻ ഇറങ്ങിയത്. രാജസ്ഥാൻ രണ്ട് മാറ്റം വരുത്തി. ജയിംസ് നീഷം, ഒബെഡ് മക്കോയ് എന്നിവർ ടീമിലെത്തി. കുൽദീപ് സെൻ, റാസി വാൻ ഡർ സെൻ എന്നിവർ പുറത്തായി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കരൺ ശർമയ്ക്ക് പകരം രവി ബിഷ്‌ണോയ് ടീമിലെത്തി.
12 മത്സരങ്ങളിൽ 14 പോയിന്റുള്ള രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ 16 പോയിന്റുള്ള ലഖ്നൗ രണ്ടാമതും. ഇന്ന് ജയിച്ചാൽ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകളേറും. ഇനി ലഖ്നൗവാണ് ജയിക്കുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാവാം.


