മുംബൈ: 2023 മുതൽ 2027 വരെയുള്ള കാലയളവിലെ ഐപിഎൽ സംപ്രേഷണ അവകാശത്തിനുള്ള ലേലം ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളിലേക്കുള്ള ടെലിവിഷൻ സംപ്രേഷണാവകാശവും ഓൺലൈൻ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുന്നതിനാണ് ലേലം. പത്തു കമ്പനികളാണ് സ്ട്രീമിങ്, ടെലിവിഷൻ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോൾ രംഗത്തുള്ളത്.

സംപ്രേഷണാവകാശം സ്വന്തമാക്കാൻ മത്സരിക്കുന്നവരിൽ പ്രധാനികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ഹോട്ട് സ്റ്റാറുമാണ്. നിലവിൽ ഓൺലൈൻ സ്ട്രീമിങ്ങിന്റെ അവകാശം ഹോട്ട്സ്റ്റാറിനാണ്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാൾട്ട് ഡിസ്നിയുടെ കീഴിലുള്ള സ്റ്റാർ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖർ. ലേലത്തിൽ 59000 കോടി രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയാകോം 18ന് മറ്റുള്ളവരെക്കാൾ മുൻതൂക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഒടിടി ഭീമന്മാരായ ആമസോൺ പിന്മാറിയിരുന്നു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഐപിഎൽ മത്സരങ്ങളുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണ അവകാശം സ്വന്തമാക്കാനായാണ് കമ്പനികൾ മത്സരിക്കുന്നത്. നിലവിൽ 74 മത്സരങ്ങളാണ് ഒരു സീസണിൽ ഉണ്ടാവുകയെങ്കിലും അവസാന രണ്ടുവർഷം ഇത് 94 മത്സരങ്ങളായി ഉയരാം. പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് സംപ്രേഷണവകാശം വിൽക്കുന്നത്.

എ വിഭാഗത്തിൽ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണവകാശമാണ് വിൽക്കുന്നത്. ബി വിഭാഗത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റൽ സംപ്രേഷണവകാശമാണുള്ളത്. സി വിഭാഗത്തിൽ തെരഞ്ഞെടുത്ത 18 മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണവകാശമാണ് ഉണ്ടാവുക. ഡി വിഭാഗത്തിൽ ഇന്ത്യക്ക് പുറത്തെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണവകാശമുള്ളത്.

ഡിജിറ്റൽ സംപ്രേഷണത്തിന് മാത്രമായി ടൈംസ് ഇന്റർനെറ്റ്, ഫൺ ഏഷ്യ, ഡ്രീം 11, ഫാൻകോഡ് എന്നീ കമ്പനികളും ഇന്ത്യക്ക് പുറത്തെ സംപ്രേഷണവകാശം സ്വന്തമാക്കാനായി സ്‌കൈ സ്പോർട്സ് (യുകെ), സൂപ്പർ സ്പോർട്സ് (ദക്ഷിണാഫ്രിക്ക) കമ്പനികളാണുള്ളത്. അഞ്ച് വർഷം മുമ്പ് സ്റ്റാർ സ്പോർട്സ് 16,347.50 കോടി രൂപ മുടക്കിയാണ് ടിവി, ഡിജിറ്റൽ സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഇത്തവണ അത് 45000 കോടി രൂപവരെയായി ഉയരാമെന്നാണ് വിലയിരുത്തൽ.